Lifestyle

പഴങ്ങള്‍ വേഗത്തില്‍ ചീത്തയാകാതിരിയ്ക്കാന്‍ ഈ ടിപ്പ്സുകള്‍ പരീക്ഷിയ്ക്കാം

വീട്ടമ്മമാര്‍ക്ക് പച്ചക്കറി കേടാകാതെ സൂക്ഷിയ്ക്കുന്നത് പോലെ തന്നെ പ്രയാസമുള്ള ഒരു കാര്യമാണ് പഴങ്ങള്‍ കേടാകാതെ സൂക്ഷിയ്ക്കുന്നതും. മാര്‍ക്കറ്റില്‍ നിന്ന് എത്ര നല്ല പഴങ്ങള്‍ വാങ്ങിയാലും ചിലപ്പോഴൊക്കെ ഇവ വളരെ പെട്ടെന്ന് തന്നെ കേടായി പോകാറുണ്ട്. ഇതുമൂലം പണ നഷ്ടവും ഉണ്ടാകും. ഫ്രിഡ്ജില്‍ സൂക്ഷിയ്ക്കുന്ന പഴങ്ങള്‍ കഴിയ്ക്കാന്‍ പറ്റാത്ത സാഹചര്യമുള്ള ആളുകളും ഉണ്ടാകും. പഴങ്ങള്‍ വേഗത്തില്‍ ചീത്തയാകാതെ ഇരിയ്ക്കാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിയ്ക്കാം….

  • മുറിച്ച് വയ്ക്കാതിരിക്കാം – പരമാവധി പഴങ്ങള്‍ പകുതി മുറിച്ച് വെയ്ക്കാതിരിക്കാം. മുറിച്ചാല്‍ തന്നെ ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക. നന്നായി അടച്ച് പാത്രത്തിലാക്കി വേണം സൂക്ഷിക്കാന്‍. തണ്ണിമത്തന്‍ പോലെയുള്ള പഴങ്ങള്‍ മുറിച്ചതിന് ശേഷം നനച്ച തുണി ഉപയോഗിച്ച് കെട്ടി വയ്ക്കാറുണ്ട്. ഇതും പിറ്റേദിവസത്തേയ്ക്ക് കേടാകാതിരിക്കാന്‍ സാധിക്കുന്നതാണ്. ആപ്പിള്‍ പോലെയുള്ള പഴങ്ങള്‍ വാങ്ങിയാല്‍ മുറിച്ച് വയ്ക്കുന്നത് ഇതിന്റെ രുചി നഷ്ടപ്പെടുത്തുന്നതിനും കേടാകുന്നതിനും കാരണാകും. പഴം അതിന്റെ തണ്ട് കളയാതെ സൂക്ഷിക്കുന്നതാണ് നല്ലത്.
  • അമിതമായി പഴങ്ങള്‍ വാങ്ങാതെ ഇരിയ്ക്കുക – അമിതമായ പഴങ്ങള്‍ വാങ്ങാതിരിക്കുന്നതാണ് ഏറ്റവും നല്ലത്. അമിതമായി വാങ്ങിയാല്‍ ഇത് കഴിച്ച് തീര്‍ക്കാന്‍ സാധിക്കാതാവുകയും ഇത് വേഗത്തില്‍ ചീത്തയായി പോവുകയും ചെയ്യും. വീട്ടില്‍ കൂടുതല്‍ ആള്‍ക്കാര്‍ ഉണ്ടെങ്കില്‍ മാത്രം അമിതമായി പഴങ്ങള്‍ വാങ്ങുന്നതായിരിക്കും നല്ലത്. അതും എല്ലാവരും കഴിക്കാന്‍ ഇഷ്ടപ്പെടുന്നത് കൂടുതല്‍ വാങ്ങുവാന്‍ ശ്രദ്ധിക്കുക.
  • വിനിഗര്‍ ഉപയോഗിക്കാവുന്നതാണ് – എല്ലാ വീട്ടിലും വിനിഗര്‍ ഉണ്ടായിരിക്കും. ഒരു കപ്പ് വിനിഗര്‍ എടുക്കുക. നിങ്ങള്‍ വാങ്ങിച്ച പഴങ്ങള്‍ ഒരു പാത്രത്തില്‍ വെള്ളം നിറച്ച് മുക്കി വയ്ക്കണം. ഇതിലേയ്ക്ക് വിനിഗര്‍ ഒഴിക്കുക. ഒപ്പം കുറച്ച് ഉപ്പും ചേര്‍ക്കുന്നതും നല്ലതാണ്. ഇവ നന്നായി മിക്‌സ് ചെയ്ത് വയ്ക്കാം. ഇത് പഴങ്ങളിലെ ബാക്ടീരിയകള്‍ ഇല്ലാതാക്കാന്‍ സഹായിക്കും. കുറഞ്ഞത് 8 മുതല്‍ 10 മിനിറ്റ് വരെയെങ്കിലും ഇത് കുതിര്‍ത്ത് വയ്ക്കണം. അതിനുശേഷം നന്നായി കഴുകി എടുക്കാവുന്നതാണ്. അതിനുശേഷം ഒരു തുണി ഉപയോഗിച്ച് നന്നായി തുടച്ച് വെക്കണം.
  • കഴുകി സൂക്ഷിക്കുമ്പോള്‍ സൂക്ഷിക്കാം – പഴങ്ങള്‍ വാങ്ങി കഴിഞ്ഞാല്‍ നമ്മള്‍ കഴിക്കുന്നതിന് മുന്‍പ് നന്നായി കഴുകാറുണ്ട്. എന്നാല്‍, ചിലര്‍ പഴങ്ങള്‍ വാങ്ങിക്കൊണ്ടു വന്ന് അപ്പോള്‍ തന്നെ കഴുകി എടുക്കുന്നത് കാണാം. കഴുകി അപ്പോള്‍ തന്നെ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് പഴങ്ങള്‍ വേഗത്തില്‍ കേടായിപ്പോകുന്നതിലേയ്ക്ക് നയിക്കുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ, നിങ്ങള്‍ പഴങ്ങള്‍ വാങ്ങിയാല്‍ കഴുകാതെ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതായിരിക്കും നല്ലത്. അല്ലെങ്കില്‍ കഴുകി ഉണങ്ങിയതിന് ശേഷം മാത്രം സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക.
  • പേപ്പര്‍ ടവ്വലില്‍ പൊതിഞ്ഞ് വെയ്ക്കുന്നത് – ആപ്പിള്‍, പിയേഴ്‌സ് എന്നീ പഴങ്ങളെല്ലാം നല്ലപോലെ പേപ്പര്‍ ടവ്വലില്‍ പൊതിഞ്ഞ് സൂക്ഷിച്ചാല്‍ വിചാരിച്ചതിലും കൂടുതല്‍ ദിവസം നമുക്ക് അവ കേടാകാതെ സംരക്ഷിക്കാന്‍ സാധിക്കും. നമ്മള്‍ പുറത്ത് കടകളില്‍ കച്ചവടക്കാര്‍ ഇത്തരത്തില്‍ പഴങ്ങള്‍ സൂക്ഷിക്കുന്നത് കണ്ടിട്ടുണ്ടാകും. ഇത്തരത്തില്‍ ചെയ്യുന്നതിന്റെ പ്രധാന കാരണം കേടാകാതെ കുറേ കാലം ഇരിക്കും എന്നത് തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *