സ്ത്രീവിരുദ്ധതയുടെ പേരില്‍ കഴിഞ്ഞയാഴ്ചയാണ് നടി തൃഷാ കൃഷ്ണന് നടന് മന്‍സൂര്‍ അലിഖാനെതിരേ രംഗത്തു വന്നത്. എന്നാല്‍ ബോളിവുഡില്‍ നിന്നുള്ള പുതിയ സിനിമ ആനിമലിന് നല്ല റിവ്യൂ നല്കി നടി പുലിവാല് പിടിക്കുകയും ചെയ്തു. തന്റെ ഇന്‍സ്റ്റാഗ്രാമില്‍ ഇട്ട പ്രതികരണം ആരാധകരുടെ വിമര്‍ശത്തെ തുടര്‍ന്ന് നടി ഡിലീറ്റ് ചെയ്യുകയുമുണ്ടായി. രണ്‍ബീര്‍ കപൂറും രശ്മിക മന്ദനയും അനില്‍ കപൂറും ബോബി ഡിയോളുമൊക്കെ അഭിനയിച്ച സിനിമ അടുത്തിടെയായിരുന്നു റിലീസ് ചെയ്തത്.
സിനിമയ്ക്ക് തൃഷ ‘കള്‍ട്ട് മൂവി’ എന്ന് അഭിപ്രായവുമിട്ടു. ”ഒറ്റവാക്ക്: കള്‍ട്ട്. ‘പാഹ്”’ എന്നായിരുന്നു നടി കുറിച്ചത്. എന്നാല്‍ ഉടന്‍ തന്നെ താരത്തിന് ഇന്റര്‍നെറ്റില്‍ രൂക്ഷ വിമര്‍ശനം നേരിടേണ്ടി വന്നു. ഒരാഴ്ച മുമ്പ് മന്‍സൂര്‍ അലിഖാനെതിരേ സ്ത്രീകളുടെ അവകാശത്തെയും അന്തസ്സിനെയും കുറിച്ചെല്ലാം സംസാരിച്ച തൃഷ തന്നെയാണോ ഇതെന്നായിരുന്നു പലരുടേയും ചോദ്യം. അനേകം സ്ത്രീവിരുദ്ധത കാണിക്കുന്ന സിനിമയെ അഭിനന്ദിച്ച നടിയുടെ രീതി നിരാശപ്പെടുത്തിയെന്നുവരെ ചില ആരാധകര്‍ എഴുതി. തൊട്ടുപിന്നാലെ നടി പോസ്റ്റ് ഡിലീറ്റും ചെയ്തു. എന്നാല്‍ വിടാന്‍ കൂട്ടാക്കാതിരുന്ന ആരാധകര്‍ അതിലും കയറിപ്പിടിച്ചു. കാരണം ബോധിപ്പിക്കാതെ എന്തിനാണ് കമന്റ് ഡിലീറ്റ് ചെയ്തത് എന്നായിരുന്നു ചോദ്യം. എന്നാല്‍ ഇതിന് നടി ഇതുവരെ മറുപടി നല്‍കിയിട്ടില്ല.
വയലന്റ് ആക്ഷന്‍ സിനിമയായ ആനിമല്‍ പരസ്ത്രീഗമനം അടക്കമുള്ള സന്ദേശങ്ങള്‍ നല്‍കുന്നെന്നാണ് ആക്ഷേപം. കടുത്ത വിമര്‍ശനങ്ങള്‍ ആരാധകര്‍ക്കിടയില്‍ നിന്നും ഉണ്ടാകുന്നുണ്ടെങ്കിലും സിനിമ വന്‍ പ്രതികരണം ഉണ്ടാക്കി മുമ്പോട്ട് കുതിക്കുകയാണ്. ഡിസംബര്‍ 1 ന് റിലീസ് ചെയ്ത സിനിമ ഇതിനകം 236 കോടിയാണ് ബോക്സോഫീസില്‍ സ്വന്തമാക്കിയത്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലുണ്ട്.