Lifestyle

വളർത്തുനായകള്‍ക്ക് ഈ ഭക്ഷണങ്ങള്‍ ഒരിക്കലും കൊടുക്കരുത്, അപകടമാണ്

നായകള്‍ മനുഷ്യരോട് ഏറ്റവും ഇണങ്ങി ജീവിക്കുന്നവരാണ്. നായകളെ മക്കളെപ്പോലെ ഓമനിച്ച് വളര്‍ത്തുന്നവരേറെയാണ്. അവയുടെ സ്നേഹപ്രകടനങ്ങൾ കൊണ്ട് മനുഷ്യരുടെ ഹൃദയം കവരുന്ന കാഴ്ചകൾ നമ്മൾ ധാരാളം കണ്ടിട്ടുണ്ടാവും.

അവയ്ക്ക് അവരുടെ പ്രിയപ്പെട്ട ഭക്ഷണം നൽകാൻ നമ്മള്‍ ശ്രമിക്കുമെങ്കിലും നായ്ക്കള്‍ ആരോഗ്യത്തോടെ ഇരിക്കാനുള്ള പൂർണമായ ഉത്തരവാദിത്തവും വളർത്തുന്നവർക്ക് തന്നെയാണ്. അതുകൊണ്ട് നാം അവര്‍ക്ക് കൊടുക്കുന്ന ഭക്ഷണത്തിലും വളരെയധികം ശ്രദ്ധ വേണം. എന്നാൽ മിക്കവർക്കും അവർക്ക് നൽകേണ്ട ഭക്ഷണത്തെ കുറിച്ച് സംശയങ്ങൾ ഉണ്ടാകും. അവർക്ക് ഏത് ഭക്ഷണം നൽകാം അല്ലെങ്കിൽ എന്ത് നൽകരുത് എന്നതും.

നായകളുടെ ആരോഗ്യത്തിന് ഹാനികരമായേക്കാവുന്ന ചില ഭക്ഷണങ്ങൾ:

ചോക്ലേറ്റ്: ചോക്ലേറ്റിൽ തീയോബ്രോമിൻ അടങ്ങിയിട്ടുണ്ട്. നായകളിൽ മെറ്റബോളിക് പ്രവർത്തനങ്ങളെ ഇത് ബാധിക്കും. ചോക്ലേറ്റ് കഴിക്കുന്നത് നായകളിൽ ഉദരപ്രശനങ്ങള്‍ക്കും, ഹൃദ്രോഗങ്ങൾക്കും വഴിവെക്കും. ഇത് നായകളെ മരണത്തിലേക്ക് നയിക്കും ഡാർക്ക് ചോക്ലേറ്റും ബേക്കിംഗ് ചോക്ലേറ്റും നായകൾക്ക് ഒട്ടും നല്ലതല്ല..

മുന്തിരി: മുന്തിരിയും ഉണക്കമുന്തിരിയും നായ്ക്കൾക്ക് കൊടുക്കരുത്. വൃക്ക തകരാറുണ്ടാക്കാം.

ഉള്ളി, വെളുത്തുള്ളി: ഇതിൽ എൻ- പ്രൊപൈൽ ഡൈസൾഫൈഡ് എന്ന സംയുക്തം അടങ്ങിയിരിക്കും, നായകളിൽ ഉള്ളി വിഷമായി പ്രവർത്തിക്കാം. ഇത് വിളർച്ചയ്ക്ക് കാരണമാകും.

അവോക്കാഡോ: വിഷമല്ലെങ്കിലും, വിത്ത്, തൊലി, ഇലകൾ എന്നിവ പ്രശ്നങ്ങൾ ഉണ്ടാക്കാം. ഉയർന്ന കൊഴുപ്പ് ഉള്ളതിനാൽ പാൻക്രിയാസിനെ ബാധിക്കാം.

കഫീൻ: കഫീൻ വിഷാംശ നിറഞ്ഞ് പദാർഥമല്ല. എന്നാൽ അമിതമായ കഫീൻ നായകളിലെ ആരോഗ്യ പ്രശ്‍നങ്ങൾക്ക് കാരണമാകും. കഫീൻ ഒരു ഉത്തേജക ഘടകമാണ്. ഇത് ഹൃദയമിടിപ്പ് കൂട്ടുകയും ഛർദി, വിറയൽ എന്നിവ ഉണ്ടായേക്കാം. മരണകാരണവും ആയേക്കാം

വേവിക്കാത്ത മാംസം, മുട്ട, മത്സ്യം: അസംസ്കൃതമോ പാചകം ചെയ്യാത്തതോ ആയ മാംസം, മുട്ട, മത്സ്യം എന്നിവ നല്ലതല്ല. ഈ ഭക്ഷ്യവസ്തുക്കളിൽ സാൽമൊനെല്ല, ഇ. കോളി പോലുള്ള ബാക്ടീരിയകൾ അടങ്ങിയിരിക്കാം, ഇതു നായ്ക്കൾക്ക് ഹാനികരമാണ്.

കൊഴുപ്പുള്ള ഭക്ഷണങ്ങൾ: കൊഴുപ്പ് അമിതമായാൽ നായകള്‍ക്കും അപകടമാണ്.

ഉരുളക്കിഴങ്ങ്: പാചകം ചെയ്യാത്ത പച്ച ഉരുളക്കിഴങ്ങ് നായകൾക്ക് നല്ലതല്ല. വിഷമായ സോളാനിൻ അടങ്ങിയിരിക്കുന്നു.

യീസ്റ്റ് മാവ്: നായകളുടെ വയറ് വികസിക്കാൻ കാരണമാകും, ഇത് വയറുവേദനയ്ക്കും കാരണമാകും.

ഉപ്പുള്ള ഭക്ഷണങ്ങൾ: അമിതമായ ഉപ്പ് നായകൾക്ക് അപകടമാണ്. ഇത് വിഷബാധയ്ക്ക് കാരണമാകും. തലച്ചോറിനെയും നാഡീ വ്യവസ്ഥയേയും ബാധിക്കും

പാൽ : നായകൾക്ക് പാലുത്പന്നങ്ങൾ ദഹിപ്പിക്കാനുള്ള കഴിവില്ല. അതിനാൽ തന്നെ നായകൾ പാലുത്‌പന്നങ്ങൾ കഴിച്ചാൽ ഛർദ്ദി, വയറിളക്കം, വയറുവേദന എന്നീ പ്രശ്‍നങ്ങൾ ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *