അപൂർവങ്ങളിൽ അപൂർവമെന്ന് പറയാവുന്ന നിരവധി വീഡിയോകൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവരാറുണ്ട്. ഇപ്പോഴിതാ കുഞ്ഞിന് ജന്മം നൽകുന്ന ഒരു സിബ്രായുടെ കൗതുകമുണർത്തുന്ന ദൃശ്യങ്ങളാണ് നെറ്റിസൺസിനിടയിൽ ശ്രദ്ധനേടുന്നത്. ദക്ഷിണാഫ്രിക്കയിലെ ക്രൂഗർ ദേശീയ ഉദ്യാനത്തിൽ വെച്ച് ഒരു കൂട്ടം സഫാരി വിനോദസഞ്ചാരികളാണ് അവിശ്വസനീയമായ നിമിഷത്തിനു സാക്ഷ്യം വഹിച്ചത്.
തുടർന്ന് സഫാരി ഗ്രൂപ്പിന്റെ ഭാഗമായിരുന്ന ആമി ഡിപ്പോൾഡ് ഈ നിമിഷം റെക്കോർഡുചെയ്യുകയും ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കിടുകയുമായിരുന്നു. ഇതിനോടകം 21 ദശലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്.
വീഡിയോയിൽ സഫാരിക്കിടെ, വിനോദ സഞ്ചാരികൾ ഒരു ജിറാഫിനെ കണ്ടപ്പോൾ ആവേശഭരിതരാകുന്നത് കാണാം. തുടർന്നാണ് അവരുടെ ഗൈഡ് അതിലും അസാധാരണമായ ഒരു കാഴ്ച ചൂണ്ടിക്കാണിക്കുന്നത്.. ഒരു സിബ്ര പ്രസവിക്കാനൊരുങ്ങുന്ന നിമിഷമായിരുന്നു അത്.
“ഞങ്ങൾ സഫാരിക്കിടെ ചായ കുടിച്ച ശേഷം തൊട്ടടുത്ത് നിൽക്കുന്ന ജിറാഫിനെ കാണാനുള്ള തിടുക്കത്തിലായിരുന്നു. എന്നാൽ ഈ സമയത്താണ് ഞങ്ങളുടെ ഗൈഡ് ഒരു സീബ്ര പ്രസവിക്കുന്നത് ശ്രദ്ധിച്ചത്!! അത് വളരെ ആവേശകരമായിരുന്നു! റിസർവിൽ ഇങ്ങനെ ഒരു മുഹൂർത്തം ഇതിനു മുൻപ് അവർ കണ്ടിട്ടില്ല. തുടർന്നുള്ള 20 മിനിറ്റോളം ഞങ്ങൾ സീബ്ര കുഞ്ഞിന് ജന്മം നൽകാൻ തുടങ്ങുന്നത് മുതൽ അത് അവസാനിക്കുന്നത് വരെ കണ്ടുനിന്നു,” എന്ന് കുറിച്ചുകൊണ്ടാണ് ഡിപ്പോൾഡ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
വീഡിയോ വൈറലായതിനു പിന്നാലെ നിരവധി ആളുകൾ വീഡിയോ പങ്കിട്ടതിന് ഡിപ്പോൾഡിന് നന്ദി അറിയിച്ച് രംഗത്തെത്തി. “ശരിയായ സമയത്ത് ശരിയായ സ്ഥലത്ത് എത്തിയതിൽ നിങ്ങൾ ഭാഗ്യവാനാണ് ,” എന്നാണ് ഒരു ഉപയോക്താവ് കുറിച്ചത്.
എന്നാൽ അതേസമയം ഡിപ്പോൾഡിനെ വിമർശിച്ചവരും കുറവല്ല, ചില ഉപയോക്താക്കൾ, ഈ സമയം സ്വകാര്യത ആവശ്യപ്പെടുന്നുവെന്ന് പറഞ്ഞ് ഈ നിമിഷം റെക്കോർഡ് ചെയ്തതിന് ഡിപ്പോൾഡിനെ കുറ്റപ്പെടുത്തി. എന്നാൽ തന്നെ കുറ്റപ്പെടുത്തിയവർക്കുവേണ്ടിയുള്ള മറ്റൊരു കുറിപ്പിൽ , ആമി ഡിപ്പോൾഡ് ഇങ്ങനെ വിശദീകരിച്ചു:
“ഞങ്ങളുടെ ഗൈഡ് വർഷങ്ങളായി ഈ റിസർവിൽ താമസിക്കുന്നു, അവർ എല്ലാ ദിവസവും മൃഗങ്ങളോടൊപ്പമുണ്ട്, അവയെ നന്നായി പരിപാലിക്കുന്നുമുണ്ട്. കമന്റിടുന്ന ഓരോ വ്യക്തിയും അറിയേണ്ടത് എന്തെന്നാൽ ഞങ്ങളുടെ ഗാർഡിന് അവയെ കുറിച്ച് നല്ലപോലെ അറിയാം. അതുകൊണ്ട് തന്നെ അവയ്ക്ക് ശല്യം ഉണ്ടാകാത്ത രീതിയിൽ അകലം പാലിച്ചാണ് ഞങ്ങൾ ഈ ദൃശ്യം പകർത്തിയത്. മാത്രമല്ല അതിനുശേഷം ഞങ്ങൾ അവിടെ നിന്ന് മാറുകയും ചെയ്തു. ഇനിയും ഇത്തരത്തിൽ കമന്റ് ഇടുന്നവരെ ഞാൻ ബ്ലോക്ക് ചെയ്യും” എന്ന് കുറിച്ചുകൊണ്ടാണ് ഡിപ്പോൾഡ് തന്റെ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.