Fitness

മഴക്കാലത്ത് വ്യായാമം ചെയ്യാന്‍ മടിയാണോ? ഇങ്ങനെ ചെയ്തു നോക്കൂ…

മഴക്കാലമാകുമ്പോള്‍ പൊതുവെ പലര്‍ക്കും വ്യായാമങ്ങള്‍ ചെയ്യാന്‍ മടി ഉണ്ടാകുന്ന സമയമാണ്. രാവിലെ നേരത്തെ എഴുന്നേറ്റ് ജിമ്മില്‍ പോയി വര്‍ക്കൗട്ട് ചെയ്യാനും നടക്കാന്‍ പോകാനുമൊക്കെ പലര്‍ക്കും മടിയായിരിയ്ക്കും. ജീവിതശൈലിയിലെ മാറ്റങ്ങള്‍ക്കൊപ്പം മറ്റ് വ്യായാമങ്ങള്‍ ഇല്ലാതായാല്‍ അത് ആരോഗ്യത്തെ മോശമായി ബാധിക്കും. മഴക്കാലം ആകുമ്പോള്‍ പുറത്ത് പോയി വര്‍ക്കൗട്ട് ചെയ്യുന്നവരാണ് കൂടുതല്‍ ബുദ്ധിമുട്ടുന്നത്. മഴക്കാലത്ത് വര്‍ക്കൗട്ട് എളുപ്പത്തില്‍ ചെയ്യാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം….

  • ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുക – ഇഷ്ടത്തോടെ വേണം വ്യായാമം ചെയ്യാന്‍. ഏറെ സന്തോഷത്തോടെയും താത്പര്യത്തോടെയും വേണം വ്യായാമം ചെയ്യാന്‍. ഇത് ശാരീരകാരോഗ്യത്തെ മാത്രമല്ല, മാനസിക ആരോഗ്യത്തെയും മെച്ചപ്പെടുത്താന്‍ സഹായിക്കും.
  • സമീകൃതാഹാരം കഴിക്കുക – മഴക്കാലത്ത് ഭക്ഷണത്തിലും പ്രത്യേക ശ്രദ്ധ നല്‍കണം. സമീകൃതാഹാരം കഴിക്കാന്‍ ശ്രമിക്കുക. മണ്‍സൂണില്‍ ഔട്ട്‌ഡോര്‍ പ്രവര്‍ത്തനങ്ങള്‍ കുറയുന്നതിനാല്‍, വീട്ടില്‍ പാകം ചെയ്ത ഭക്ഷണം, മുഴുവന്‍ പഴങ്ങളും പച്ചക്കറികളും ആരോഗ്യകരമായ ലഘുഭക്ഷണങ്ങളും അടങ്ങിയ സമീകൃതാഹാരം കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ബേക്കറി ഭക്ഷണങ്ങള്‍, വറുത്ത ഭക്ഷണങ്ങള്‍, മധുരപലഹാരങ്ങള്‍, ചോക്ലേറ്റുകള്‍, മധുരമുള്ള പാനീയങ്ങള്‍ തുടങ്ങിയ കലോറി ഭക്ഷണങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തുക. ഇവയൊന്നും പോഷകാഹാരമല്ലെന്ന് മനസിലാക്കുക.
  • വെള്ളം കുടിക്കുക – മഴക്കാലത്ത് വെയില്‍ ഇല്ലെങ്കിലും ഈര്‍പ്പം കാരണം ശരീരത്തില്‍ നിന്ന് ധാരാളം ജലനഷ്ടം സംഭവിക്കുന്നു. നിങ്ങളുടെ ലിക്വിഡ് ആവശ്യകതകള്‍ നിറവേറ്റുന്നതിനും മലബന്ധം, തലകറക്കം, ക്ഷീണം എന്നിവ ഒഴിവാക്കുന്നതിനും ആവശ്യത്തിന് വെള്ളം അല്ലെങ്കില്‍ തേങ്ങാവെള്ളം, നാരങ്ങ വെള്ളം, മോര്, സൂപ്പ്/വെജ് ജ്യൂസുകള്‍ തുടങ്ങിയ കുറഞ്ഞ കലോറി ദ്രാവകങ്ങള്‍ കുടിക്കുന്നുവെന്ന് ഉറപ്പാക്കുക.
  • വീടിനുള്ളിലെ സ്ഥലം കൃത്യമായി ഉപയോഗിക്കുക – വീടിനുള്ളില്‍ ലഭ്യമായ സ്ഥലത്ത് വ്യായാമങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുക. വീട്ടിലെ പടികള്‍ കയറി ഇറങ്ങുന്നത് നല്ലൊരു വ്യായാമം ആണ്. ബാല്‍ക്കണി പോലുള്ള സ്ഥലങ്ങളും വ്യായാമത്തിനായി ഉപയോഗിക്കാം. ഓണ്‍ലൈനിന്റെ സഹായത്തോടെ പടികെട്ടുകളില്‍ ചെയ്യാന്‍ കഴിയുന്ന വ്യായാമങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുക.
  • ഓണ്‍ലൈന്‍ വര്‍ക്കൗട്ട് ക്ലാസുകള്‍ – ഓണ്‍ലൈനായി വര്‍ക്കൗട്ട് ചെയ്യാനുള്ള ചില വഴികള്‍ കണ്ടെത്തുക. കൊവിഡായതോടെ ഡിജിറ്റലൈസേഷന്റെ പല രൂപങ്ങളും നമ്മള്‍ കണ്ടെത്താണ്. അതുകൊണ്ട് തന്നെ വര്‍ക്കൌട്ട് ചെയ്യാന്‍ ഓണ്‍ലൈന്‍ സെക്ഷനുകള്‍ കണ്ടെത്താന്‍ ശ്രമിക്കുക. സൂബ ക്ലാസുകള്‍, യോഗ പോലെയുള്ളവ ചെയ്യാന്‍ ഓണ്‍ലൈനിലൂടെ ശ്രമിക്കുക.
  • വര്‍ക്കൗട്ട് ഉപകരണങ്ങള്‍ – ഡംബെല്‍സ്, കെറ്റില്‍ ബെല്‍സ്, യോഗ മാറ്റ്, സ്‌കിപ്പിംഗ് റോപ്പ്, എന്നിങ്ങനെയുള്ള വര്‍ക്കൗട്ട് ഉപകരണങ്ങള്‍ വാങ്ങാന്‍ ശ്രമിക്കുക. വളരെ കുറവ് സ്ഥലമാണ് ഇത്തരം സാധനങ്ങള്‍ക്ക് ആവശ്യമായി വരുന്നുള്ളു. അത് മാത്രമല്ല, ഇത്തരം കാര്യങ്ങളില്‍ പൈസ നിക്ഷേപിക്കുന്നത് ലാഭം നല്‍കും. ഈ പ്രോപ്പുകള്‍ ഉപയോഗിച്ചുള്ള വര്‍ക്കൗട്ടുകളെ കുറിച്ച് മാര്‍ഗനിര്‍ദേശം നല്‍കുന്ന നിരവധി വീഡിയോകള്‍ വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ ലഭ്യമാണ്. വീട്ടില്‍ കൂടുതല്‍ സ്ഥലമുണ്ടെങ്കില്‍, ഒരു ട്രെഡ്മില്‍, സ്റ്റാറ്റിക് സൈക്കിള്‍ അല്ലെങ്കില്‍ ഒരു ട്രാംപോളിന്‍ എന്നിവ ഉപയോഗിക്കുന്നതും ഏറെ ഗുണം ചെയ്യും.