3,500 വര്‍ഷം പഴക്കമുള്ള വെങ്കല യുഗത്തിലെ പാത്രം നാല് വയസുകാരന്റ അബദ്ധത്തില്‍ തകര്‍ന്നു. ഇസ്രയേലിലെ ഹൈഫയിലെ ഹെക്റ്റ് മ്യൂസിയത്തിന്റെ പ്രവേശന കവാടത്തിനു സമീപം സംരക്ഷിത ഗ്ലാസ് കവചമില്ലാതെ സ്ഥാപിച്ചിരുന്ന പുരാവസ്തുവാണു തകര്‍ന്നത്. ഇന്നലെ കുടുംബത്തോടൊപ്പം മ്യൂസിയം സന്ദര്‍ശിക്കാനെത്തിയതായിരുന്നു കുട്ടി.
അകത്തെന്താണെന്നറിയാന്‍ മകന്‍ ജിജ്ഞാസയോടെ പാത്രം ചെറുതായൊന്നു വലിച്ചതായി കുട്ടിയുടെ പിതാവ് അലക്‌സ് പറഞ്ഞു. പുരാവസ്തുവിന്റെ അരികില്‍ മകന്‍ നില്‍ക്കുന്നത് താന്‍ കണ്ടിരുന്നു. എന്നാല്‍, കുട്ടി പെട്ടെന്നു വലിച്ചതോടെ പാത്രം നിലത്തുവീണ് കഷണങ്ങളാകുകയായിരുന്നു. പരിഭ്രമിച്ചുപോയ മകനെ ശാന്തനാക്കിയ ശേഷം അലക്‌സ് സെക്യൂരിറ്റി ഗാര്‍ഡിനെ സമീപിച്ച് സ്ഥിതിഗതികള്‍ അറിയിച്ചു. കുടുംബത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിട്ടില്ല.
അതേസമയം, പുരാതന പാത്രം പുനഃസ്ഥാപിച്ചശേഷം അതു കാണാന്‍ കുട്ടിയെയും അമ്മയെയും വീണ്ടും ക്ഷണിക്കുമെന്ന് ഹെക്റ്റ് മ്യൂസിയം അധികൃതര്‍ അറിയിച്ചു. സംരക്ഷിത ഗ്ലാസ് കവചമില്ലാതെ പുരാവസ്തുക്കള്‍ പ്രദര്‍ശിപ്പിക്കാനുള്ള തീരുമാനത്തെ മ്യൂസിയം ന്യായീകരിക്കുകയും ചെയ്തു. പുരാവസ്തുവിന്റെ സവിശേഷതകള്‍ തടസമില്ലാതെ ആസ്വദിക്കുന്നതില്‍ ഒരു പ്രത്യേക ആകര്‍ഷണമുണ്ടെന്നു മ്യൂസിയം വിശ്വസിക്കുന്നയായും മാധ്യമങ്ങള്‍ക്കു നല്‍കിയ പ്രതികരണത്തില്‍ അവര്‍ പറഞ്ഞു.