Lifestyle

മധുരക്കൊതിയന്മാരാണോ കുട്ടികള്‍ ? നിയന്ത്രിയ്ക്കാന്‍ വഴിയുണ്ട്

കുട്ടികള്‍ക്ക് വളരെ ഇഷ്ടമുള്ള ഒന്നാണ് മധുരമുള്ള ആഹാരങ്ങള്‍. ചോക്ലേറ്റ് ആയാലും, മധുര പലഹാരങ്ങള്‍ ആയാലും അവര്‍ കഴിയ്ക്കാന്‍ വളരെ താല്പര്യപ്പെടുകയും ചെയ്യും. എന്നാല്‍ അമിതമായി മധുരം കഴിയ്ക്കുന്നത് കുട്ടികളുടെ പല്ല് ചീത്തയാകുന്നതിനും അവര്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്നതിനും കാരണമാകും. റിഫൈന്‍ഡ് ഷുഗറിനും സംസ്‌കരിച്ച ഭക്ഷണങ്ങള്‍ക്കും ജങ്ക്ഫുഡിനും പകരം രുചികരവും ആരോഗ്യത്തിന് ദോഷം വരുത്താത്തതുമായ ഭക്ഷണങ്ങള്‍ വേണം കഴിക്കാന്‍. കുട്ടികളുടെ മധുരപ്രിയം നിയന്ത്രിയ്ക്കാന്‍ ഭക്ഷണത്തില്‍ ചില മാറ്റങ്ങള്‍ വരുത്താവുന്നതാണ്….

  • മധുരം കഴിക്കുന്നത് ഇടയ്ക്ക് മാത്രം ആക്കാന്‍ ‘ട്രീറ്റ് ഡേ’ വയ്ക്കാം. സമ്മാനമായോ ശിക്ഷയായോ മധുരം നല്‍കുന്നത് രക്ഷിതാക്കള്‍ ഒഴിവാക്കണം. പഞ്ചസാരയുടെ ദോഷവശങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കണം.
  • രക്ഷിതാക്കള്‍ മധുരത്തിന്റെ ഉപയോഗം കുറച്ച് ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ പിന്തുടരേണ്ടത് പ്രധാനമാണ്. പ്രത്യേകിച്ചും കുട്ടിയുടെ മുന്നില്‍.
  • പഞ്ചസാരയ്ക്കു പകരം ശര്‍ക്കരയും തേനും ഉപയോഗിക്കുന്നത് ശീലമാക്കാം. കുട്ടികള്‍ക്ക് കൃത്രിമ പഴച്ചാറുകള്‍ക്കു പകരം വെള്ളമോ മധുരം ചേര്‍ക്കാത്ത പാലോ നല്‍കാം.
  • കുട്ടികളെ പാചകം ചെയ്യുന്നതില്‍ കൂടെ കൂട്ടുക. ആരോഗ്യകരമായ പാചകശീലങ്ങള്‍ കുട്ടികള്‍ പഠിക്കേണ്ടതാവശ്യമാണ്.
  • പഴങ്ങള്‍, പച്ചക്കറികള്‍, മുഴുധാന്യങ്ങള്‍, ലീന്‍ പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ ഇവ ഭക്ഷണത്തിന്റെ ഭാഗമാക്കാം.
  • പ്രഭാതഭക്ഷണം ആരോഗ്യകരമായിരിക്കാന്‍ ശ്രദ്ധിക്കാം. മധുരം കുറഞ്ഞ സിറിയലുകള്‍, ഓട്മീല്‍, മുട്ട ഇവയും മധുരത്തിനു പകരം നല്‍കാം.
  • സോഡ, ജ്യൂസ്, സ്പോര്‍ട്സ് പാനീയങ്ങള്‍, മധുരമുള്ള ചായ, കാപ്പി ഇവയുടെ ഉപയോഗം പരിമിതപ്പെടുത്താം.
  • ഭക്ഷണം പെട്ടെന്ന് മാറ്റം വരുത്താതെ ക്രമേണ മധുരം കുറച്ചു നല്‍കി ശീലമാക്കുക. മധുരത്തിനു പകരം ഫ്രഷ് ആയ പഴങ്ങളും ഉണക്കപ്പഴങ്ങളും ലഘു ഭക്ഷണമായും ഡെസര്‍ട്ട് ആയും കുഞ്ഞുങ്ങള്‍ക്ക് നല്‍കാം.
  • പായ്ക്ക് ചെയ്ത ഭക്ഷണങ്ങളില്‍ മേപ്പിള്‍ സിറപ്പോ തേനോ പോലുള്ള പ്രകൃതിദത്ത മധുരങ്ങള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കാം.