Movie News

ടൈഗറിന് രണ്ടുസിനിമയ്ക്ക് നല്‍കിയത് 165 കോടി ; നിര്‍മ്മാണകമ്പനിക്ക് 250 കോടി കടം ; പ്രതിഫലം തന്നിട്ടില്ലെന്ന് അണിയറക്കാര്‍

ബോളിവുഡില്‍ ഒട്ടേറെ സിനിമകള്‍ നിര്‍മ്മിച്ച പൂജ എന്റര്‍ടെയ്ന്‍മെന്റ് വന്‍ വിവാദത്തിലായിട്ട് കുറേനാളായി. നിര്‍മ്മാണക്കമ്പനി നഷ്ടത്തിലാണെന്നും എടുത്ത സിനിമകളുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് വന്‍തുക പ്രതിഫലം നല്‍കാനുണ്ടെന്നുമാണ് പരാതി. കമ്പനിക്ക് മൊത്തം 250 കോടിയാണ് കടമെന്നാണ് വിവരം. എന്നാല്‍ വന്‍കടത്തില്‍ മുങ്ങിത്താഴുകയാണെന്ന വാര്‍ത്തകള്‍ക്കിടയില്‍ അടുത്തിടെ കമ്പനി നിര്‍മ്മിച്ച നാലു സിനിമകള്‍ക്കായി നടന്‍ അക്ഷയ്കുമാറിന് 165 കോടി രൂപ പ്രതിഫലം നല്‍കിയതായി സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്.

ഇക്കാര്യം സംബന്ധിച്ച തെളിവുകളൊന്നും പുറത്തുവന്നിട്ടില്ലെങ്കിലും അടുത്തിടെ നിര്‍മ്മാതാവ് സുനീല്‍ ഇക്കാര്യത്തില്‍ നടത്തിയ ചില പ്രസ്താവനകള്‍ വന്‍ വിവാദമായി കത്തുകയാണ്. വാശു ഭഗ്നാനനിയുടെ നിര്‍മ്മാണക്കമ്പനിയാണ് പൂജാ ഫിലിംസ്. ഇവര്‍ അക്ഷയ്കുമാറിനെയും നടന്‍ ടൈഗര്‍ ഷ്രോഫിനെയും നായകന്മാരാക്കി ഒട്ടേറെ സിനിമകള്‍ ഒരുക്കിയിട്ടുണ്ട്. അക്ഷയ് കുമാറിന് നല്‍കിയതിനോട് ഏതാണ്ട് അടുത്ത തുക തന്നെ ബോളിവുഡിലെ യുവനടന്‍ ടൈഗര്‍ ഷ്രോഫിനും നല്‍കിയിട്ടുള്ളതായി നിര്‍മ്മാതാവ് സുനീല്‍ പറയുന്നു. വെറും രണ്ടു സിനിമയ്ക്ക് 165 കോടി രൂപ ടൈഗര്‍ ഷ്രോഫിന് നല്‍കിയെന്ന് പറയുമ്പോള്‍ അദ്ദേഹത്തേക്കാള്‍ ഏറെ സീനിയറായി അക്ഷയ്കുമാറിന് എത്രയായിരിക്കും നല്‍കിയിരിക്കുക എന്ന് ആര്‍ക്ക് പറയാനാകും? ‘ബഡേമിയന്‍ ചോട്ടേ മിയന്‍, ഗണ്‍പത്’ എന്നീ സിനിമയ്ക്കാണ് ടൈഗറിന്റെ പ്രതിഫലം പറഞ്ഞിരിക്കുന്നത്. അപ്പോള്‍ അക്ഷയ് കുമാറിന് നല്‍കിയതെന്ന് പറയപ്പെടുന്ന തുക ഇതിലും എത്രയോ വലുതായിരിക്കാമെന്ന് ഊഹിക്കാം. ഇവരുടെ ബാനറില്‍ അക്ഷയ് കുമാര്‍ നാലു സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

ബഡേമിയന്‍ ചോട്ടേ മിയന്‍, മിഷന്‍ റാണിഗഞ്ച്, ബെല്‍ബോട്ടം, കട്ട്പട്‌ലി’ എന്നിവയാണ് അക്ഷയ്കുമാര്‍ ചെയ്ത സിനിമകള്‍. എല്ലാ സിനിമകളും വന്‍ പരാജയവുമായിരുന്നു. എന്നാല്‍ പൂജാ ഫിലിംസിന്റെ ഉടമകളായ ഭഗ്നാനി കണ്‍സ്ട്രക്ഷന്‍സ് മേഖലയില്‍ ഉണ്ടാക്കുന്ന ലാഭം പക്ഷേ സിനിമാമേഖലയില്‍ നിന്നും കിട്ടുന്നില്ലെന്നാണ് വിലയിരുത്തല്‍. അക്ഷയ്കുമാറിനെയു ടൈഗര്‍ ഷ്രോഫിനെയും വെച്ച് അരഡസന്‍ സിനിമകളാണ് ഇവര്‍ നിര്‍മ്മിച്ചിട്ടുള്ളത്. സിനിമയുമായി ബന്ധപ്പെട്ട ചില അണിയറക്കാര്‍ സാമൂഹ്യമാധ്യമങ്ങളില്‍ തങ്ങള്‍ക്ക് നിര്‍മ്മാണകമ്പനി പ്രതിഫലം നല്‍കിയില്ലെന്ന് പോസ്റ്റ് ഇട്ട സാഹചര്യത്തില്‍ പൂജാഫിലിംസിന്റ വാശു ഭഗനാനി കടം തീര്‍ക്കാന്‍ തങ്ങളുടെ ഓഫീസ് വില്‍ക്കാനൊരുങ്ങുകയാണ്.