കമല്‍ഹാസന്റെ വരാനിരിക്കുന്ന ചിത്രം തഗ് ലൈഫിനെക്കുറിച്ചുള്ള പ്രതീക്ഷകള്‍ ചെറുതല്ല. ശനിയാഴ്ച സിനിമയുടെ ടീം പുറത്തുവിട്ട ട്രെയിലറിന് ഓണ്‍ലൈനില്‍ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. കമല്‍ഹാസന്റെയും ചലച്ചിത്ര നിര്‍മ്മാതാവ് മണിരത്‌നത്തിന്റെയും പുനഃസമാഗമത്തെ ആരാധകര്‍ സ്വാഗതം ചെയ്‌തെങ്കിലും സീനിയര്‍ നടനായ കമല്‍ഹാസന്റെ മകളുടെ പ്രായമുള്ള നായികമാരുമായുള്ള ചുംബനരംഗം പക്ഷേ ആള്‍ക്കാര്‍ക്ക് അത്ര പിടിച്ചിട്ടില്ല. 70 വയസ്സുള്ള നടന്‍ 42 വയസ്സുള്ള തൃഷയും അഭിരാമിയും തമ്മിലുള്ള ഇഴുകിചേര്‍ന്നുള്ള സീനുകളാണ് ഇന്റര്‍നെറ്റില്‍ വിമര്‍ശനത്തിന് കാരണമായി മാറിയിരിക്കുന്നത്.
റെഡ്ഡിറ്റില്‍, കമല്‍ഹാസനും തൃഷ കൃഷ്ണനും തമ്മിലുള്ള പ്രണയ രംഗവും നടന്‍ അഭിരാമിയെ ചുംബിക്കുന്ന ഹാസന്റെ ചിത്രവും കാണിക്കുന്ന ട്രെയിലറില്‍ നിന്നുള്ള ഒരു സ്‌ക്രീന്‍ഷോട്ട് ഒരു ഉപയോക്താവ് പങ്കിട്ടു. ‘നോ ഗോഡ് പ്ലീസ് നോ’ എന്ന അടിക്കുറിപ്പോടെയായിരുന്നു പോസ്റ്റ്. എന്തായാലും ഈ പോസ്റ്റ് കമല്‍ഹാസനും സഹതാരങ്ങളും തമ്മിലുള്ള ശ്രദ്ധേയമായ പ്രായവ്യത്യാസത്തെക്കുറിച്ചുള്ള ഒരു വിശാലമായ ചര്‍ച്ചയ്ക്ക് തുടക്കമിട്ടിട്ടുണ്ട്. കമലും ഈ നായകമാരും തമ്മിലുള്ള 30 വയസ്സിന്റെ പ്രായവ്യത്യാസം ആള്‍ക്കാര്‍ക്ക് പിടിക്കുന്നില്ല. കമല്‍ഹാസന് 70 വയസും തൃഷയ്ക്കും അഭിരാമിക്കും 42 വയസുമാണ്. ഒരു റെഡ്ഡിറ്റ് ഉപയോക്താവ് എഴുതി. കമലിന്റെ മകള്‍ ‘ശ്രുതി ഹാസനെക്കാള്‍ വെറും മുന്ന് വയസ്സ് മാത്രമേ തൃഷയ്ക്ക് കൂടുതലുള്ളൂ. ’30 വര്‍ഷം പ്രായവ്യത്യാസമുള്ള അഭിരാമിയുമായുള്ള കമലിന്റെ ലിപ്‌ലോക്ക് വിചിത്രമായി തോന്നുന്നു.’ എന്നായിരുന്നു മൂന്നാമത്തെ കമന്റ്.
കമല്‍ഹാസന്‍, സിലംബരശന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മണിരത്‌നം സംവിധാനം ചെയ്ത ചിത്രമാണ് തഗ് ലൈഫ്. കുറ്റകൃത്യങ്ങളുടെ ലോകത്തിലൂടെ ഒരു ചെറുപ്പക്കാരനെ ഉപദേശിക്കുന്ന ഒരു ഗുണ്ടാസംഘത്തിന്റെ യാത്രയാണ് സിനിമ പിന്തുടരുന്നത്. വര്‍ഷങ്ങള്‍ കടന്നുപോകുമ്പോള്‍, സിലംബരശന്‍ അവതരിപ്പിക്കുന്ന ആണ്‍കുട്ടി വിശ്വസ്തനായ ഒരു സഖ്യകക്ഷിയായി വളരുന്നു.