മുംബൈ: രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള ഒരു പഴയ തര്‍ക്കം വിനാശകരമായ രീതിയിലേക്ക് മാറിയതിനെ തുടര്‍ന്ന് മൂന്ന് പേര്‍ മരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മുംബൈ ബോറിവാലിയിലെ ഗണപത് പാട്ടീല്‍ നഗര്‍ ചേരി പ്രദേശത്ത് നടന്ന ഏറ്റുമുട്ടലില്‍ ഇരു വിഭാഗങ്ങളും മൂര്‍ച്ചയേറിയ ആയുധങ്ങള്‍ ഉപയോഗിച്ച് പരസ്പരം ഏറ്റുമുട്ടിയതായി പോലീസ് പറയുന്നു.
അച്ഛന്മാര്‍ തുടങ്ങിവെച്ച കൈകൊണ്ടുള്ള തല്ലിലേക്ക് മക്കള്‍ ആയുധപ്രയോഗം നടത്തിയതോടെയാണ് കൂട്ടക്കുരുതിക്ക് കാരണമായത്. രാം നവല്‍ ഗുപ്ത, മകന്‍ അരവിന്ദ്, ഹമീദ് ഷെയ്ഖ് എന്നിവര്‍ കൊല്ലപ്പെട്ടു. റാം നവലിന്റെ മക്കളായ അമര്‍, അമിത്, ഷെയ്ഖിന്റെ മക്കളായ അര്‍മാന്‍, ഹസന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. 2022 ല്‍ ഇരു കുടുംബങ്ങളും പരസ്പരം പോലീസില്‍ പരാതി നല്‍കിയ ഒരു കേസ് മുതല്‍ ഷെയ്ഖ്-ഗുപ്ത കുടുംബങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു.
ഉച്ചയ്ക്ക് ശേഷം അമിതമായി മദ്യപിച്ചെത്തിയ ഹമീദ് ഷെയ്ഖ് പ്രദേശത്ത് തേങ്ങ വില്‍പന നടത്തുന്ന രാം നവല്‍ ഗുപ്തയുമായി ഉണ്ടാക്കിയ വഴക്കാണ് കൈവിട്ട കളിയായി മാറിയത്. വഴക്കിനിയില്‍ ഗുപ്ത തന്റെ മക്കളായ അമര്‍, അരവിന്ദ്, അമിത് എന്നിവരെ വിളിച്ചുവരുത്തുകയും അവര്‍ വഴക്കിന്റെ ഭാഗമാകുകയും ചെയ്തു. മറുവശത്ത് ഷെയ്ഖ് തന്റെ മക്കളായ അര്‍മാന്‍, ഹസന്‍ എന്നിവരെ വിളിച്ചു.
ഇരുകൂട്ടരും തമ്മില്‍ അടിപിടിയില്‍ തുടങ്ങിയ വഴക്കില്‍ പിന്നീട് മൂര്‍ച്ചയേറിയ ആയുധങ്ങള്‍ ഉപയോഗിക്കുകയായിരുന്നു. പരസ്പരം ആക്രമിക്കുകയും മൂന്ന് പേര്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എംഎച്ച്ബി പോലീസ് സ്റ്റേഷനില്‍ രണ്ട് വ്യത്യസ്ത എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.