പൊന്നാനി: പൊന്നാനി പോലീസിന്റെ പിടിയിലായ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മാണ സംഘത്തിന്റെ കൈയില്‍നിന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങിയവര്‍ അതുപയോഗിച്ചത് വിദേശത്തു ജോലി നേടാന്‍. യു.കെ. ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ ജോലിക്കായാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ചു നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ ജോലിക്കായി ഇതുപയോഗപ്പെടുത്തിയിട്ടില്ലെന്നാണ് പോലീസിന്റെ നിഗമനം.
സംസ്ഥാനത്തിന് പുറത്തുള്ള യൂണിവേഴ്‌സിറ്റികളുടെ പേരിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ചിട്ടുളളത്. ഈ യൂണിവേഴ്‌സിറ്റികളില്‍ നിന്ന് ഏതെങ്കിലും തരത്തിലുളള സഹായം സംഘത്തിന് ലഭിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കും. സര്‍ട്ടിഫിക്കറ്റുകളുടെ അക്രഡിറ്റേഷന്‍ ഏതെങ്കിലും തരത്തില്‍ നടന്നിട്ടുണ്ടോയെന്ന് യൂണിവേഴ്‌സിറ്റികളില്‍ പരിശോധിക്കും. റിമാന്‍ഡിലുള്ള പ്രതികളെ തെരഞ്ഞെടുപ്പിനു ശേഷം കസ്റ്റഡിയില്‍ വാങ്ങും.
സംഘത്തിലെ എല്ലാവരും പിടിയിലായെന്ന നിഗമനത്തിലാണ് പോലീസ്. വിതരണത്തിനായി തയാറാക്കിയ നിരവധി വ്യാജ സര്‍ട്ടിഫിക്കറ്റുകളാണ് പോലീസ് പിടിച്ചെടുത്തത്. ഇതില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടവരുടെ പേരുവിവരങ്ങളും ഫോട്ടോയും ഉള്‍പ്പെടെയുണ്ട്. ഇവരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ല.
സംഘത്തിന്റെ ബുദ്ധികേന്ദ്രവും തലവനും ഡാനി എന്ന ധനീഷ് ആണെന്ന ഉറപ്പിലാണ് പോലീസ്. പിടിച്ചെടുത്ത വ്യാജ സര്‍ട്ടിഫിക്കറ്റുകളിലെ ഹോളോഗ്രാം മുദ്രയും, രജിസ്ട്രാര്‍, പരീക്ഷാ കണ്‍ട്രോളര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരുടെ സീലുകളും ഒറിജിനലിനെ വെല്ലുന്ന രീതിയിലുള്ളതാണ്. സര്‍വകലാശാലകളുടെ പേരും മറ്റു വിശദാംശങ്ങളും അച്ചടിച്ച പേപ്പറില്‍ ആവശ്യക്കാരുടെ വിവരങ്ങള്‍കൂടി ചേര്‍ത്താണ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ പ്രിന്റ് ചെയ്‌തെടുക്കുന്നത്. ധനീഷ് ഏജന്റുമാര്‍ മുഖേന വിദേശത്തും സ്വദേശത്തുമായി ഒട്ടേറെ ആളുകള്‍ക്ക് 75,000 മുതല്‍ ഒന്നരലക്ഷം രൂപവരെ വാങ്ങിയാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിരുന്നത്.




