Lifestyle

പ്രണയിനിക്കൊപ്പം പോകാന്‍ ശമ്പളത്തോടെ ലീവ്; ജീവനക്കാരെ കാര്യക്ഷമമാക്കാന്‍ കമ്പനിയുടെ ‘ടിന്‍ഡര്‍ ലീവ്’

പ്രണയം ഒരു കഠിനഹൃദയനെ ലോലഹൃദയനും ലോലഹൃദയനെ അതിലോല ഹൃദയനുമാക്കുമെന്നാണ്. ജോലിഭാരത്തിനിടയില്‍ ഇഷ്ടപ്പെട്ടവരുമായി സംസാരിക്കാന്‍ പോലും അവസരമില്ലെന്ന് പരാതി പറയുന്നവര്‍ ഏറെയാണ്. ഈ ബുദ്ധിമുട്ട് തിരിച്ചറിഞ്ഞ തായ്‌ലന്റിലെ ഒരു മാര്‍ക്കറ്റിംഗ് ഏജന്‍സി ജീവനക്കാര്‍ക്ക് പ്രണയിക്കാന്‍ പ്രഖ്യാപിച്ച പുതിയ ആനുകൂല്യം വൈറലായിരിക്കുകയാണ്.

ശമ്പളത്തോടെയുള്ള ‘ടിന്‍ഡര്‍ ലീവ്’ ആണ് കമ്പനി പ്രഖ്യാപിച്ചത്. ജൂലൈ മുതല്‍ ഡിസംബര്‍ വരെ, വൈറ്റ്ലൈന്‍ ഗ്രൂപ്പിലെ ജീവനക്കാര്‍ക്ക് ആപ്പില്‍ ഡേറ്റിംഗ് അവസരങ്ങള്‍ തേടുന്നതിന് ഏത് സമയത്തും അവധിയെടുക്കാമെന്നാണ് പ്രഖ്യാപനം. ജീവനക്കാരുടെ ക്ഷേമം വര്‍ധിപ്പിക്കുന്നതിന് രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഒരു സംരംഭത്തിന്റെ ഭാഗമായി കമ്പനി പ്രഖ്യാപിച്ചിരിക്കുന്ന തീയതികളില്‍ പ്രണയിക്കാനും ഡേറ്റിംഗിനുമൊക്കെ പോകുന്നതിന് കമ്പനി പണം നല്‍കും. അതേസമ്യം ടിന്‍ഡര്‍ ലീവിന് അനുവദിച്ച ദിവസങ്ങളുടെ എണ്ണം പറഞ്ഞിട്ടില്ല.

ടിന്‍ഡര്‍ അവധിക്ക് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ജീവനക്കാര്‍ ഒരാഴ്ച മുമ്പ് അറിയിപ്പ് നല്‍കണമെന്ന് മാത്രം. ‘ഞങ്ങളുടെ ജീവനക്കാര്‍ക്ക് മറ്റൊരാളുമായി ഡേറ്റിംഗിനായി ടിന്‍ഡര്‍ അവധി ഉപയോഗിക്കാം,’ ലിങ്ക്ഡ്ഇനിലെ ഒരു പോസ്റ്റില്‍ വൈറ്റ്ലൈന്‍ ഗ്രൂപ്പ് പറഞ്ഞു. വളരെ തിരക്കിലാണെന്ന് ഒരു സ്റ്റാഫ് അംഗം പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് വൈറ്റ്ലൈന്‍ ഗ്രൂപ്പ് ടിന്‍ഡര്‍ ലീവ് അവതരിപ്പിച്ചത്.

പ്രണയത്തിലായിരിക്കുമ്പോള്‍ സന്തോഷം വര്‍ധിപ്പിക്കാന്‍ കഴിയുമെന്നും അത് ജോലി കൂടുതല്‍ ആസ്വാദ്യകരമാക്കുമെന്നും ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നതായി മാര്‍ക്കറ്റിംഗ് ഏജന്‍സിയുടെ മാനേജര്‍മാര്‍ അഭിപ്രായപ്പെട്ടു. അതിനാല്‍, ജീവനക്കാര്‍ക്കുള്ള ആറ് മാസത്തെ ടിന്‍ഡര്‍ ഗോള്‍ഡ്, ടിന്‍ഡര്‍ പ്ലാറ്റിനം സബ്സ്‌ക്രിപ്ഷനുകള്‍ക്കുള്ള ചെലവുകളും കമ്പനി തന്നെ വഹിക്കുമെന്നാണ് പ്രഖ്യാപനത്തില്‍ പറയുന്നത്.