തലച്ചോറ് വൃത്തിയാക്കാനും ചിട്ടപ്പെടുത്താനും നമുക്ക് സാധിക്കുമോ? സാധിക്കുമെന്ന് ഒരു പുതിയ പഠനം പറയുന്നു, തലച്ചോറിന് ദോഷകരമായ കാര്യങ്ങൾ ഒഴിവാക്കി അതിനെ ശുദ്ധീകരിക്കാൻ നിങ്ങൾക്ക് സാധിക്കും. ഇത് ഡിമെൻഷ്യ, അൽഷിമേഴ്‌സ് പോലുള്ള ന്യൂറോ ഡീജനറേറ്റീവ് രോഗങ്ങളെ ഒഴിവാക്കാൻ സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു. ഇതെല്ലാം ചെയ്യാന്‍ ഒരു ചായയുടെ സഹായം മാത്രം മതിയത്രേ!
പ്രകൃതിദത്തമായ സംയുക്തങ്ങളുടെ ഒരു മിശ്രിതം തലച്ചോറിനെ “വൃത്തിയുള്ളതാക്കി” നിലനിർത്തുമെന്ന് പുതിയ ഗവേഷണത്തിൽ കണ്ടെത്തി. യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ പറയുന്നത്, സ്വാഭാവിക സംയുക്തങ്ങളുടെ ഒരു കൂട്ടം, അതിലൊന്ന് ചായയിലും കാണപ്പെടുന്നു, പ്രായമായ മസ്തിഷ്ക കോശങ്ങളിലെ ഊർജ്ജ നില പുനഃസ്ഥാപിക്കാൻ സഹായിക്കുന്നു. കൂടാതെ, അൽഷിമേഴ്‌സ് രോഗവുമായി ബന്ധപ്പെട്ട ഹാനികരമായ പ്രോട്ടീൻ അടിഞ്ഞുകൂടുന്നത് ഇത് നീക്കം ചെയ്യുന്നു.
പഠനത്തിന്റെ കണ്ടെത്തലുകൾ
ജെറോ സയൻസ് (Gero Science) ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലെ കണ്ടെത്തലുകൾ അനുസരിച്ച്, സ്വാഭാവികമായി കാണപ്പെടുന്ന സംയുക്തങ്ങളായ – വിറ്റാമിൻ B3-യുടെ ഒരു രൂപമായ നിക്കോട്ടിനാമൈഡ് (nicotinamide), ഗ്രീൻ ടീയിലെ ഒരു ആന്റിഓക്‌സിഡന്റായ എപിഗലോകാടെചിൻ ഗാലേറ്റ് (epigallocatechin gallate) – എന്നിവയുടെ സംയോജനം മസ്തിഷ്ക കോശങ്ങളിലെ ഒരു പ്രധാന ഊർജ്ജ തന്മാത്രയായ ഗ്വാനോസിൻ ട്രൈഫോസ്ഫേറ്റിന്റെ (guanosine triphosphate) അളവ് പുനഃസ്ഥാപിക്കാൻ സഹായിക്കുന്നു. ഇത് പ്രായമായ മസ്തിഷ്ക കോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിന് പുറമെ, അൽഷിമേഴ്‌സ് രോഗവുമായി ബന്ധപ്പെട്ട ഹാനികരമായ പ്രോട്ടീൻ നീക്കം ചെയ്യുമെന്ന് വിദഗ്ദ്ധർ വിശ്വസിക്കുന്നു.
ഗവേഷകർ ഗ്രീൻ ടീ ചികിത്സ ഒരു പാത്രത്തിലെ ന്യൂറോണുകളിൽ പരീക്ഷിച്ചു. ഇത് തലച്ചോറിലെ കോശങ്ങൾക്ക് അൽഷിമേഴ്‌സുമായി ബന്ധപ്പെട്ട ദോഷകരമായ അമിലോയ്ഡ് പ്രോട്ടീൻ നീക്കം ചെയ്യാനുള്ള കഴിവ് മെച്ചപ്പെടുത്തിയെന്ന് കണ്ടെത്തി. “ആളുകൾക്ക് പ്രായമാകുമ്പോൾ, അവരുടെ തലച്ചോറിൽ ന്യൂറോണൽ ഊർജ്ജത്തിന്റെ അളവ് കുറയുന്നു, ഇത് ആവശ്യമില്ലാത്ത പ്രോട്ടീനുകളും കേടായ ഭാഗങ്ങളും നീക്കം ചെയ്യാനുള്ള കഴിവിനെ പരിമിതപ്പെടുത്തുന്നു. ഊർജ്ജ നില പുനഃസ്ഥാപിക്കുന്നത് ന്യൂറോണുകളെ ഈ നിർണായക ശുദ്ധീകരണ പ്രവർത്തനം വീണ്ടെടുക്കാൻ സഹായിക്കുമെന്ന് ഞങ്ങൾ കണ്ടെത്തി,” പഠനത്തിന്റെ പ്രധാന രചയിതാവും യുസി ഇർവിനിലെ ബയോമെഡിക്കൽ എഞ്ചിനീയറിംഗ് പ്രൊഫസറുമായ ഗ്രിഗറി ബ്രൂവർ ഒരു പ്രസ്താവനയിൽ പറഞ്ഞു.
പഠനം എങ്ങനെയാണ് നടത്തിയത്?
ജിഇവിഎഎൽ (GEVAL) എന്നറിയപ്പെടുന്ന ജനിതക കോഡുള്ള ഒരു ഫ്ലൂറസെന്റ് സെൻസർ ഉപയോഗിച്ച് പ്രായമായ അൽഷിമേഴ്സ് മോഡൽ എലികളിൽ നിന്നുള്ള കോശങ്ങളിലെ ഊർജ്ജ തന്മാത്രയുടെ അളവ് ഗവേഷകർ നിരീക്ഷിച്ചതായി പറയുന്നു. പ്രായമാകുമ്പോൾ ഗ്വാനോസിൻ ട്രൈഫോസ്ഫേറ്റ് അഥവാ ജിടിപി (GTP) യുടെ അളവ് കുറയുന്നതായി കണ്ടെത്തി. പ്രത്യേകിച്ച് മൈറ്റോകോണ്ട്രിയയിൽ, ഇത് ഓട്ടോഫാജി (autophagy)യെ തകരാറിലാക്കുന്നു – കോശങ്ങൾ കേടായ ഘടകങ്ങളെ ഇല്ലാതാക്കുന്ന പ്രക്രിയയാണിത്.
എന്നാൽ വെറും 24 മണിക്കൂർ നിക്കോട്ടിനാമൈഡ്, എപിഗലോകാടെചിൻ ഗാലേറ്റ് എന്നിവ ഉപയോഗിച്ച് ന്യൂറോണുകളെ ചികിത്സിച്ചപ്പോൾ, ജിടിപി-യുടെ അളവ് സാധാരണ നിലയിലേക്ക് തിരിച്ചെത്തി. ഈ പ്രക്രിയ ഊർജ്ജ ഉപാപചയം മെച്ചപ്പെടുത്തുകയും, സെല്ലുലാർ ട്രാഫിക്കിംഗിൽ ഉൾപ്പെട്ടിട്ടുള്ള പ്രധാന ജിടിപിസുകളായ റാബ്7 (Rab7), അർഎൽ8ബി (Arl8b) എന്നിവയെ സജീവമാക്കുകയും, അമിലോയ്ഡ് ബീറ്റാ അഗ്രിഗേറ്റുകൾ ഫലപ്രദമായി നീക്കം ചെയ്യുകയും ചെയ്തു.
“ഈ പഠനം ജിടിപിയെ മുൻപ് അത്ര പ്രാധാന്യം നൽകാതിരുന്ന ഒരു ഊർജ്ജ സ്രോതസ്സായി ഉയർത്തിക്കാട്ടുന്നു. ഭക്ഷണ സപ്ലിമെന്റുകളായി ഇതിനകം ലഭ്യമായ സംയുക്തങ്ങൾ ഉപയോഗിച്ച് തലച്ചോറിന്റെ ഊർജ്ജ സംവിധാനങ്ങളെ മെച്ചപ്പെടുത്തുന്നതിലൂടെ, പ്രായവുമായി ബന്ധപ്പെട്ട വൈജ്ഞാനിക അപചയത്തെയും അൽഷിമേഴ്‌സ് രോഗത്തെയും ചികിത്സിക്കുന്നതിനുള്ള ഒരു പുതിയ വഴി നമുക്ക് കണ്ടെത്താൻ കഴിഞ്ഞേക്കാം,” ബ്രൂവർ പറഞ്ഞു.




