Movie News

നായകന്‍ മൂന്ന് കഥാപാത്രങ്ങളായി എത്തിയ ഈ മലയാളചിത്രം ഇപ്പോള്‍ OTT-യില്‍ ഒന്നാം സ്ഥാനത്ത്

തിയേറ്ററിലെ വമ്പന്‍ വിജയത്തിന് ശേഷം OTT പ്ലാറ്റ്‌ഫോമുകളിലും വിജയക്കുതിപ്പ് തുടരുകയാണ് ഒരു മലയാള ചിത്രം. പറഞ്ഞു വരുന്നത് ടൊവിനോ തോമസ് നായകനായി എത്തിയ ARM (അജയന്റെ രണ്ടാം മോചനം) എന്ന ചിത്രത്തെ കുറിച്ചാണ്. മലയാളം ആക്ഷന്‍-അഡ്വഞ്ചര്‍ ചിത്രമായ എആര്‍എം സംവിധാനം ചെയ്തിരിയ്ക്കുന്നത് ജിതിന്‍ ലാല്‍ ആണ്. 2024 സെപ്റ്റംബര്‍ 12 ന് റിലീസ് ചെയ്ത ഈ 3D ചിത്രം നിര്‍മ്മിച്ചത് ലിസ്റ്റിന്‍ സ്റ്റീഫനും സക്കറിയ തോമസും ചേര്‍ന്നാണ്. സുരഭി ലക്ഷ്മി, കൃതി ഷെട്ടി, ഐശ്വര്യ രാജേഷ് എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തിയത്.

ആദ്യം 2ഡിയില്‍ ചിത്രീകരിച്ച് പിന്നീട് 3ഡിയിലേക്ക് പരിവര്‍ത്തനം ചെയ്ത ചിത്രം 30 കോടി രൂപ ബജറ്റിലാണ് നിര്‍മ്മിച്ചത്. ചിത്രം ബോക്‌സ് ഓഫീസില്‍ 100-106 കോടി രൂപ നേടി, 2024-ലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള ചിത്രങ്ങളിലൊന്നായി മാറി. തിയറ്റര്‍ റിലീസിന് ശേഷം, ARM നിലവില്‍ Dinsey + Hotstar-ല്‍ സ്ട്രീം ചെയ്യുകയാണ്. ഇത് വലിയ ബ്ലോക്ക്ബസ്റ്ററുകളെ മറികടന്ന് ഇന്ത്യയിലുടനീളം ട്രെന്‍ഡിംഗില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിയ്ക്കുകയാണ്. ടൊവിനോ തോമസ് നായകനായ ചിത്രത്തിന് IMBd-ല്‍ 7.8 റേറ്റിംഗാണ് ലഭിച്ചിരിയ്ക്കുന്നത്. ഹിന്ദി, ബംഗാളി, മറാത്തി, ഗുജറാത്തി, തമിഴ്, മലയാളം, തെലുങ്ക്, പഞ്ചാബി, ഉറുദു തുടങ്ങി ഒന്നിലധികം ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയത്.

വടക്കന്‍ കേരളത്തില്‍ നിന്നുള്ള മൂന്ന് തലമുറയിലെ നായകന്മാരുടെ ഇതിഹാസ കഥയാണ് അജയന്റെ രണ്ടാം മോചനം. ട്രിപ്പിള്‍ റോളുകളില്‍ തിളങ്ങിയ ടൊവിനോ തോമസ് പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയിരുന്നു. മൂന്ന് കഥാപാത്രങ്ങളും വളരെ വ്യത്യസ്തമായി അവതരിപ്പിയ്ക്കാന്‍ ടൊവിനോയ്ക്ക് സാധിച്ചു. സംഗീതസംവിധായകന്‍ ദിബു നൈനാന്‍ തോമസിന്റെ സംഗീത സംവിധാനത്തില്‍ എത്തിയ ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ വമ്പന്‍ ഹിറ്റുമായിരുന്നു.