സൈബര്‍ സുരക്ഷാ സ്ഥാപനമായ McAfree പുറത്ത് വിട്ട 2024-ലെ ‘സെലിബ്രിറ്റി ഹാക്കര്‍ ഹോട്ട് ലിസ്റ്റ്’ ആണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ആളുടെ പേര് കേട്ടാണ് ഏവരും ഞെട്ടിയിരിയ്ക്കുന്നത്. ഫാഷന്‍ സ്റ്റെലിസ്റ്റും, സോഷ്യല്‍ മീഡിയ ഇന്‍സ്ഫുവന്‍സറുമായ ഓറി എന്ന ഓര്‍ഹാന്‍ അവത്രമണിയാണ് ഈ പേരുകാരന്‍. ബോളിവുഡ് താരങ്ങളുടെ കൂട്ടത്തില്‍ തിളങ്ങി നില്‍ക്കുന്ന വ്യക്തിയാണ് ഓറി. ഷാരൂഖ് ഖാന്‍, ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര തുടങ്ങി നിരവധി പ്രമുഖരെ മറികടന്നാണ് ഓറി ഒന്നാം പേരുകാരനായത്.
ജാന്‍വി കപൂര്‍, സാറാ അലി ഖാന്‍, നൈസ ദേവ്ഗണ്‍ എന്നിവരോടൊപ്പമൊക്കെ ഓറി പലപ്പോഴും വമ്പന്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാറുണ്ട്. ബോളിവുഡിലെ വമ്പന്‍മാരുടെ കൂടെയെല്ലാം തന്നെ ഓറിയുടെ സാന്നിധ്യം ഉണ്ടെന്ന് പറയാം. അതുകൊണ്ട് തന്നെയാണ് സെലിബ്രിറ്റി ഹാക്കര്‍ ഹോട്ട് ലിസ്റ്റില്‍ മുമ്പനായി ഓറിയുടെ പേര് വന്നതെന്ന് തന്നെ പറയാം. അദ്ദേഹത്തിന്റെ ലിങ്ക്ഡ്ഇന്‍ പ്രൊഫൈല്‍ അനുസരിച്ച്, മുംബൈയില്‍ നിന്നുള്ള ഒരു സാമൂഹിക പ്രവര്‍ത്തകനാണ് ഓറി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍പേഴ്‌സണ്‍ ഓഫീസില്‍ പ്രത്യേക പ്രോജക്ട് മാനേജരായി പ്രവര്‍ത്തിക്കുന്നു. കൂടാതെ, ന്യൂയോര്‍ക്കിലെ പാര്‍സണ്‍സ് സ്‌കൂള്‍ ഓഫ് ഡിസൈനില്‍ നിന്ന് ഫൈന്‍ ആര്‍ട്‌സ് കമ്മ്യൂണിക്കേഷന്‍ ഡിസൈനില്‍ ബാച്ചിലര്‍ ബിരുദം നേടി. ഇന്‍സ്റ്റാഗ്രാമില്‍ നാല് ലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള ഇദ്ദേഹം തന്റെ ജീവിതത്തെക്കുറിച്ച് ആരാധകരെ അറിയിക്കാന്‍ ഇഷ്ടപ്പെടുന്ന വ്യക്തിത്വം കൂടിയാണ്.
പഞ്ചാബി ഗായകനും നടനുമായ ദില്‍ജിത് ദോസഞ്ജാണ് ലിസ്റ്റില്‍ രണ്ടാം സ്ഥാനത്ത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോഹ്ലി, മഹേന്ദ്ര സിംഗ് ധോണി തുടങ്ങിയ പ്രമുഖ ക്രിക്കറ്റ് താരങ്ങള്‍ക്കൊപ്പം ആലിയ ഭട്ടും രണ്‍വീര്‍ സിംഗും പട്ടികയിലെ മറ്റ് ശ്രദ്ധേയ താരങ്ങളാണ്.