ദാദാസാഹിബ് ഫാല്‍ക്കെയില്‍ നിന്നാണ് ഇന്ത്യന്‍ സിനിമ ആരംഭിച്ചത്. ഇന്ന് സിനിമ നിരവധി രൂപാന്തരങ്ങളിലൂടെ കടന്നു പോകുകയാണ്. ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരത്തിന്റെ ആദ്യ സ്വീകര്‍ത്താവായ ഒരു നടി ഉണ്ടായിരുന്നു. സാമൂഹിക മാനദണ്ഡങ്ങള്‍ ലംഘിച്ച് ഇന്ത്യന്‍ സിനിമയില്‍ വിപ്ലവം സൃഷ്ടിച്ച താരമായിരുന്നു അവര്‍. സിനിമയില്‍ നിരവധി സ്ത്രീകള്‍ക്ക് അവരുടെ ധൈര്യപരമായ മുന്നേറ്റം വഴിയൊരുക്കുകയും ചെയ്ത അവരുടെ പേര് ദേവിക റാണി എന്നായിരുന്നു. അവരുടെ സംഭാവനകള്‍ക്ക് രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. ഒരു ദശാബ്ദക്കാലം നീണ്ടുനിന്ന വിജയകരമായ കരിയറില്‍, അശോക് കുമാറുമായുള്ള അവളുടെ ഓണ്‍-സ്‌ക്രീന്‍ കെമിസ്ട്രി പ്രേക്ഷകര്‍ പ്രത്യേകം വിലമതിച്ചു.
പെണ്‍കുട്ടികള്‍ അപൂര്‍വ്വമായി വിദ്യാഭ്യാസം നേടിയിരുന്ന ഒരു കാലഘട്ടത്തില്‍, ഒന്‍പതാം വയസ്സില്‍ ഇംഗ്ലണ്ടിലെ ഒരു ബോര്‍ഡിംഗ് സ്‌കൂളിലേക്ക് അവളെ അയച്ചു. അവിടെ അവള്‍ വളര്‍ന്നു. 1928-ല്‍, ഇന്ത്യന്‍ ചലച്ചിത്ര നിര്‍മ്മാതാവ് ഹിമാന്‍ഷു റായിയെ അവര്‍ കണ്ടുമുട്ടി. അടുത്ത വര്‍ഷം അവര്‍ വിവാഹം കഴിച്ചു. റായിയുടെ എ ത്രോ ഓഫ് ഡൈസ് (1929) എന്ന പരീക്ഷണാത്മക നിശ്ശബ്ദ ചിത്രത്തിന് വസ്ത്രാലങ്കാരത്തിനും കലാസംവിധാനത്തിനും ദേവിക റാവു സംഭാവന നല്‍കി. തുടര്‍ന്ന് ദമ്പതികള്‍ ജര്‍മ്മനിയിലേക്ക് പോയി. അവിടെ ബെര്‍ലിനിലെ യുഎഫ്എ സ്റ്റുഡിയോയില്‍ ഫിലിം മേക്കിംഗില്‍ പരിശീലനം നേടി. ഇംഗ്ലീഷിലും ഹിന്ദിയിലും നിര്‍മ്മിച്ച അവരുടെ അടുത്ത പ്രൊജക്റ്റായ കര്‍മ്മ എന്ന ദ്വിഭാഷാ ചിത്രത്തില്‍ റായ് നായകനായും ദേവിക നായികയായും അഭിനയിച്ചു.
1933ല്‍ ഇംഗ്ലണ്ടില്‍ പ്രീമിയര്‍ ചെയ്ത ചിത്രത്തില്‍ ദേവികയുടേയും റായ്‌യുടേയും നീണ്ട ഒരു ചുംബന രംഗം ഉണ്ടായിരുന്നു. വിദേശത്ത് ചിത്രം വിജയമായിരുന്നെങ്കിലും ഇന്ത്യയില്‍ ഇത് വാണിജ്യപരമായി പരാജയമായിരുന്നു. സിനിമയിലെ 4 മിനിറ്റ് ദൈര്‍ഘ്യമുള്ള ചുംബന രംഗം അക്കാലത്തെ ചര്‍ച്ചാ വിഷയമായിരുന്നു. ഇന്ത്യന്‍ സിനിമയിലെ ആദ്യത്തെ ചുംബന രംഗമാണിതെന്ന് പറയപ്പെടുന്നു. ഒരു നടിക്ക് എങ്ങനെയാണ് ഇത്തരമൊരു രംഗം സ്‌ക്രീനില്‍ ചെയ്യാന്‍ കഴിയുന്നത് എന്ന രീതിയില്‍ ഈ രംഗം അക്കാലത്ത് ചര്‍ച്ച ചെയ്യപ്പെട്ടു. ഇതില്‍ ഏറെ വിമര്‍ശനങ്ങള്‍ ദേവിക ഏറ്റുവാങ്ങേണ്ടി വന്നു. അവസാനം ഈ ചിത്രം തന്നെ നിരോധിച്ചു.
ഇന്ത്യന്‍ സിനിമയിലെ ആദ്യത്തെ ‘ഡ്രീം ഗേള്‍ ‘ ആയിരുന്നു ദേവിക റാണി. വിശാഖപട്ടണത്തെ സമ്പന്നവും വിദ്യാസമ്പന്നവുമായ കുടുംബത്തില്‍ ജനിച്ച അവളുടെ മാതാപിതാക്കളും ഡോക്ടര്‍മാരായിരുന്നു. ദേവിക റാണിയുടെ കുടുംബം അവര്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കി, അക്കാലത്ത് പെണ്‍കുട്ടികള്‍ക്ക് അത് അപൂര്‍വമായിരുന്നു. റോയല്‍ അക്കാദമി ഓഫ് ഡ്രമാറ്റിക് ആര്‍ട്ടില്‍ നിന്ന് അഭിനയ ബിരുദം പൂര്‍ത്തിയാക്കിയ നടി കൂടിയാണ് അവര്‍.