ഫെബ്രുവരി 23 ഞായറാഴ്ച ദുബായില്‍ നടന്ന ഇന്ത്യ-പാക് ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്നലെ രാത്രി വിരാട് കോഹ്ലി ചരിത്രം സൃഷ്ടിച്ചു. വിരാട് കോഹ്ലിയുടെ സെഞ്ച്വറി ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം വിജയത്തിന് കാരണമായി. വിരാട് കോഹ്ലിയുടെ വളര്‍ച്ചയ്ക്ക് പിന്നില്‍ അനുഷ്‌ക ശര്‍മ്മയുടെ പ്രാര്‍ത്ഥനയാണെന്ന് പലരും പറയുന്നു.
ഉത്തര്‍പ്രദേശിലെ അയോധ്യയിലാണ് അനുഷ്‌ക ജനിച്ചത്. പിതാവ് സൈനിക ഉദ്യോഗസ്ഥനായതിനാല്‍ ശക്തമായ സൈനിക പശ്ചാത്തലമുള്ള കുടുംബത്തില്‍ നിന്നാണ് താരം എത്തിയിരിയ്ക്കുന്നത്. ആര്‍മി സ്‌കൂളില്‍ പഠിച്ച അവര്‍ പിന്നീട് ബാംഗ്ലൂരിലെ മൗണ്ട് കാര്‍മല്‍ കോളേജില്‍ നിന്ന് ബിരുദം നേടി. ലാക്മെ ഫാഷന്‍ വീക്കില്‍ റാംപിലൂടെ നടന്നാണ് ശര്‍മ്മ ഒരു മോഡലായുള്ള തന്റെ യാത്ര ആരംഭിച്ചത്. ആദ്യം സിനിമകളില്‍ താല്‍പ്പര്യമില്ലായിരുന്നുവെങ്കിലും, ആദിത്യ ചോപ്രയുടെ റബ് നേ ബനാ ദി ജോഡിയില്‍ ഷാരൂഖ് ഖാനൊപ്പം അഭിനയിച്ചാണ് താരം അരങ്ങേറ്റം കുറിക്കുന്നത്.
2017-ല്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയെ അനുഷ്‌ക വിവാഹം കഴിച്ചു. 2013-ല്‍ ഒരു പരസ്യ ചിത്രീകരണത്തിന്റെ സെറ്റില്‍ വച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്, അന്നുമുതല്‍ ഇരുവരും അഗാധമായ പ്രണയത്തിലായിരുന്നു. കടുത്ത ട്രോളിംഗ് നേരിടേണ്ടി വന്നിട്ടും വിരാട് എപ്പോഴും അനുഷ്‌കയ്ക്കൊപ്പം നിന്നു. വിവാഹത്തിന് മൂന്ന് വര്‍ഷത്തിന് ശേഷം 2021 ജനുവരിയില്‍ അനുഷ്‌കയ്ക്കും വിരാടിനും മകള്‍ വാമിക ജനിച്ചു. 2024 ഫെബ്രുവരിയില്‍, അവര്‍ക്ക് തങ്ങളുടെ രണ്ടാമത്തെ കുഞ്ഞായ അകായ് ജനിച്ചു.
അനുഷ്‌ക ഇപ്പോള്‍ അഭിനയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. 2018-ല്‍ ഷാരൂഖ് ഖാനൊപ്പം അഭിനയിച്ച സീറോ എന്ന റൊമാന്റിക് ഡ്രാമ ചിത്രത്തിലാണ് അവര്‍ അവസാനം അഭിനയിച്ചത്. അതിനുശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയും കുടുംബജീവിതത്തിന് പ്രാധാന്യം കൊടുത്തിരിയ്ക്കുകയുമാണ് താരം. 2024-ലെ കണക്കനുസരിച്ച് അവരുടെ ആസ്തി 255 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്. അഭിനയം, ബ്രാന്‍ഡ് എന്‍ഡോഴ്സ്മെന്റ്, നിര്‍മ്മാണ കമ്പനിയായ ക്ലീന്‍ സ്ലേറ്റ് ഫിലിംസ് എന്നിവയിലൂടെയാണ് ഈ വരുമാനം ലഭിക്കുന്നത്.