Featured Lifestyle

ഭാരം കുറയ്ക്കാനായി ഒരിയ്ക്കലും ചെയ്യരുതാത്ത കാര്യങ്ങള്‍

ശരീരഭാരം ഇന്ന് പലര്‍ക്കും ഒരു വില്ലനാണ്. ആരോഗ്യത്തിന് ഏറെ ദോഷങ്ങള്‍ നല്‍കുന്ന ഒന്നാണ് അമിത വണ്ണം. അമിത ഭക്ഷണവും മോശം ഭക്ഷണ ശീലങ്ങളും, വ്യായാമക്കുറവ്, സ്‌ട്രെസ് തുടങ്ങിയ പല കാരണങ്ങളും ശരീരഭാരം കൂട്ടാറുണ്ട്. തടി കുറയ്ക്കാന്‍ സഹായിക്കുന്ന പല ഘടകങ്ങളുമുണ്ട്. ഡയറ്റും വ്യായാമവും എല്ലാം ഇതില്‍ പെടുന്നവയാണ്. എന്നാല്‍ മിക്കവര്‍ക്കും താല്പര്യം എളുപ്പത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ തന്നെയാണ്. ഇതിനായി ഏത് രീതിയിലുള്ള പരീക്ഷണത്തിനും പലരും മുന്നിട്ടിറങ്ങാറുണ്ട്. ഭാരം കുറയ്ക്കാനായി ഒരിയ്ക്കലും ചെയ്യരുതാത്ത കുറച്ച് കാര്യങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

* കാര്‍ബോഹൈഡ്രേറ്റുകള്‍ ഒഴിവാക്കുക – ശരീരഭാരം കുറയ്ക്കാനായി കാര്‍ബോഹൈഡ്രേറ്റുകള്‍ ഒഴിവാക്കണമെന്നാണ് സാധാരണ പറയാറ്. എന്നാല്‍ പ്രോട്ടീന്‍ ശരീരത്തില്‍ എത്തേണ്ടതു പോലെ തന്നെ ശരീരത്തിന് ആവശ്യമായ പോഷണം കൂടിയാണ് കാര്‍ബോഹൈഡ്രേറ്റ്. പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയ കാര്‍ബോഹൈഡ്രേറ്റിന്റെ ആവശ്യമുള്ള കാര്യങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. മാത്രമല്ല, കാര്‍ബോഹൈഡ്രേറ്റുകള്‍ ഒഴിവാക്കുന്നത് ക്ഷീണവും മലബന്ധവുമൊക്കെ ഉണ്ടാക്കും.

* മധുരം ഒഴിവാക്കണം – ഭാരം കുറയ്ക്കാന്‍ മധുരം ഒഴിവാക്കണമെന്നാണ് സാധാരണ പറയാറ്. എന്നാല്‍ പഴങ്ങളില്‍ നിന്ന് ലഭിയ്ക്കുന്ന മധുരം കഴിയ്ക്കുന്നത് കൊണ്ട് യാതൊരു പ്രശ്‌നവുമില്ല. പഴങ്ങള്‍ കഴിയ്ക്കുന്നതു കൊണ്ട് പ്രശ്‌നമില്ല.

* ഗ്ലൂട്ടന്‍ ഒഴിവാക്കുക – ഗോതമ്പ് പോലുള്ള ധാന്യങ്ങളിലുള്ള രണ്ട് പ്രോട്ടീനുകളുടെ സംയുക്തമാണ് ഗ്ലൂട്ടന്‍. സീലിയാക് എന്ന ഓട്ടോ ഇമ്മ്യൂണ്‍ രോഗമുള്ളവര്‍ ഭക്ഷണത്തില്‍ നിന്ന് ഗ്ലൂട്ടന്‍ ഒഴിവാക്കണം. അല്ലാത്തവര്‍ ഗ്ലൂട്ടന് പകരം സംസ്‌കരിച്ച ഭക്ഷണവും റിഫൈന്‍ ചെയ്തെടുത്ത ഭക്ഷണ പദാര്‍ത്ഥങ്ങളും ഒഴിവാക്കിയാല്‍ മതി.

* പ്രധാന ഭക്ഷണങ്ങള്‍ക്കിടയിലുള്ള സ്നാക്സുകള്‍ – ഭാരം കുറയ്ക്കാനായി ഇടയ്ക്കുള്ള സ്നാക്സുകള്‍ ഒഴിവാക്കണമെന്ന് പലരും പറയാറുണ്ട്. എന്നാല്‍  രക്തത്തിലെ പഞ്ചസാരയുടെ തോത് മാനേജ് ചെയ്യാന്‍ ഇടയ്ക്കുള്ള സ്നാക്സുകള്‍ സഹായിക്കുകയാണ് ചെയ്യുന്നത്. ഇട ഭക്ഷണം ഒഴിവാക്കിയാല്‍ പ്രധാന ഭക്ഷണത്തിന്റെ സമയത്ത് വിശപ്പ് വര്‍ദ്ധിക്കുകയും, ഇത് അമിതമായി കഴിക്കാന്‍ ഇടയാക്കുകയും ചെയ്യും. നട്ട്‌സുകള്‍, പഴങ്ങള്‍ തുടങ്ങിയവ ഇടനേരങ്ങളില്‍ കഴിയ്ക്കാവുന്നതാണ്.

* അതികഠിനമായ വ്യായാമം – ശരീരഭാരം നിലനിര്‍ത്താനും കുറയ്ക്കാനുമൊക്കെ വ്യായാമം ചെയ്യേണ്ടതു തന്നെയാണ്. എന്നാല്‍ കഠിനമായ വ്യായാമം ഗുണത്തിന് പകരം ദോഷം മാത്രമാണ് ഉണ്ടാക്കുന്നത്. അതികഠിനമായ വ്യായാമം ശരീരത്തിലെ കോര്‍ട്ടിസോള്‍ എന്ന സമ്മര്‍ദ്ദ ഹോര്‍മോണുകളുടെ തോത് വര്‍ദ്ധിപ്പിക്കുകയും ഇത് അനാരോഗ്യകരമായ ഭക്ഷണത്തോടും മധുരപദാര്‍ത്ഥങ്ങളോടുമുള്ള ആസക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യും.