ഉത്തർപ്രദേശിലെ ബിജ്‌നോറിൽ പട്ടാപ്പകൽ മൊബൈൽ ഷോപ്പിൽ നിന്ന് 50,000 രൂപ കവർന്നെടുത്ത് മോഷ്ടാവ്. ബുധനാഴ്ചയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മൊബൈൽ കടയുടമയുടെ കണ്ണിൽ മുളകുപൊടി വിതറിയ ശേഷം കവർച്ചക്കാരൻ പണവുമായി കടന്നുകളയുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത്. വീഡിയോയിൽ കവർച്ചക്കാരൻ പണവുമായി ഓടുന്നതും കടയുടമ പിന്തുടരുന്നതും വീഡിയോയിൽ കാണാം.
ബിജ്‌നോറിലെ സുഹൈൽ എന്നയാളുടെ മൊബൈൽ കടയിലാണ് കവർച്ച നടന്നത്. സ്ഥിരം ഉപഭോക്താവെന്ന വ്യാജേന ഒരാൾ സുഹൈലിൻ്റെ മൊബൈൽ കടയിൽ കയറിയതാണ് സംഭവം. റിപ്പോർട്ടുകൾ പ്രകാരം, ഇയാൾ ആദ്യം സുഹൈലിനോട് തൻ്റെ മൊബൈൽ ഫോൺ 19 ന് റീചാർജ് ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു.
സംഭവസമയത്ത് ഇയാൾ മുഖംമൂടി ധരിച്ചിരുന്നു. കുറച്ച് മിനിറ്റുകൾക്ക് ശേഷം, ഇയാൾ 29-ന് വീണ്ടും റീചാർജ് ചെയ്യാൻ ആവശ്യപെട്ടു. സുഹൈലിന്റെ ശ്രദ്ധ റീചാർജിലേക്ക് തിരിഞ്ഞപ്പോൾ മോഷ്ടാവ് തന്റെ ജാക്കറ്റിൽ നിന്ന് മുളകുപൊടി എടുത്ത് സുഹൈലിൻ്റെ കണ്ണിലേക്ക് എറിയുകയായിരുന്നു., കണ്ണിൽ മുളകുപൊടി വീണതും പരിഭ്രാന്തിയിലായ സുഹൈലിനെ കണ്ട് ആദ്യം മോഷ്ടാവ് ഒന്ന് പതറിയെങ്കിലും നിമിഷ നേരങ്ങൾക്കൊണ്ട് ഇയാൾ ഡ്രോയറിൽ നിന്ന് 50,000 രൂപ എടുത്ത് പുറത്തേക്കോടി രക്ഷപെടുകയായിരുന്നു. പണം തട്ടിയെടുക്കുന്നതിനിടെ സുഹൈൽ ഇയാളുടെ കൈയിൽ പിടിക്കാൻ ശ്രമിച്ചെങ്കിലും കണ്ണിലെ എരിച്ചിൽ മൂലം ശ്രമം പാളിപോകുകയായിരുന്നു.
സുഹൈൽ മോഷ്ടാവിന് പിന്നാലെ ഓടുകയും സഹായത്തിനായി നിലവിളിക്കുകയും ചെയ്തതോടെ, സമീപത്തുള്ള ആളുകൾ സുഹൈലിന്റെ അടുത്തേക്ക് ഓടിയെത്തുകയും സുഹൈലിൻ്റെ കണ്ണ് കഴുകാൻ സഹായിക്കുകയും പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു.
സംഭവം അറിഞ്ഞ പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കടയിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിലാണ് സംഭവം പതിഞ്ഞത്. സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. മോഷ്ടാവിനെ തിരിച്ചറിയാൻ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ എത്രയും വേഗം പിടികൂടാനുള്ള പോലീസിന്റെ ശ്രമം തുടരുകയാണ്.