Sports

‘അവര്‍ അത് പൂര്‍ണ്ണമായും അര്‍ഹിക്കുന്നു’; സമ്മാനത്തുക 5000 ഡോളര്‍ ഗ്രൗണ്ടില്‍ പണിയെടുത്ത തൊഴിലാളികള്‍ക്ക് നല്‍കി സിറാജ്

ഏഷ്യാ കപ്പിലെ ശ്രീലങ്കന്‍ ലെഗ് മത്സരങ്ങളില്‍ മഴ പതിവായിരുന്നു. ഇതോടെ ഏറ്റവും കൂടുതല്‍ പണിയെടുക്കേണ്ടി വന്നത് പല്ലേക്കെലെയിലെയും കൊളംബോയിലെയും ഗ്രൗണ്ട്‌സ്മാന്‍മാര്‍ക്കായിരുന്നു. കൂടുതല്‍ മത്സരങ്ങള്‍ ഉറപ്പാക്കാന്‍ അവര്‍ വീരോചിതമായ പരിശ്രമം തന്നെ നടത്തി.

ചാംപ്യന്മാരായ ഇന്ത്യന്‍ ടീമില്‍ നിന്ന്, രോഹിത് ശര്‍മ്മയും വിരാട് കോഹ്ലിയും ടൂര്‍ണമെന്റിന്റെ വിവിധ ഘട്ടങ്ങളില്‍ ഗ്രൗണ്ട്‌സ്മാന്‍മാരുടെ പ്രവര്‍ത്തനത്തിന് നന്ദി പറഞ്ഞു. എന്നാല്‍ ഫൈനലില്‍ നിറഞ്ഞാടിയ മുഹമ്മദ് സിറാജ് ഒരു പടി കൂടി മുന്നോട്ട് പോയി. തന്റെ പ്ലെയര്‍ ഓഫ് ദി മാച്ച് സമ്മാനത്തുകയായ 5000 ഡോളര്‍ അദ്ദേഹം ഗ്രൗണ്ടില്‍ പണിയെടുത്ത തൊഴിലാളികളുടെ സംഘത്തിന് സംഭാവന ചെയ്തു.

”ഈ ക്യാഷ് പ്രൈസ് 5000 യുഎസ് ഡോളര്‍ ഗ്രൗണ്ട്‌സ്മാന്‍മാര്‍ക്ക് ലഭിക്കുന്നു. അവര്‍ അത് പൂര്‍ണ്ണമായും അര്‍ഹിക്കുന്നു. അവരില്ലാതെ ഈ ടൂര്‍ണമെന്റ് സാധ്യമാകുമായിരുന്നില്ല.” സിറാജ് പറഞ്ഞു. ഗ്രൗണ്ട്‌സ് പേഴ്സണ്‍മാരുടെ ടീമിന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ 50,000 ‘ഡാളര്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

ശ്രീലങ്കയില്‍ എല്ലായിടത്തും മഴ പെയ്തിട്ടും, ഒരു മത്സരം മാത്രമാണ് ഫലമില്ലാതെ അവസാനിച്ചത്. ഇന്ത്യ പാകിസ്ഥാന്‍ ഗ്രൂപ്പ്-സ്റ്റേജ് മത്സരം. അതേ എതിരാളികള്‍ തമ്മിലുള്ള സൂപ്പര്‍ ഫോര്‍ ഗെയിം റിസര്‍വ് ഡേയിലേക്ക് പോവുകയും ചെയ്തിരുന്നു. ഇന്ത്യ നേപ്പാള്‍, പാകിസ്ഥാന്‍ ശ്രീലങ്ക ഗെയിമുകള്‍ മഴകാരണം വെട്ടിച്ചുരുക്കേണ്ടിയും വന്നിരുന്നു. ഇന്ത്യാ ശ്രീലങ്ക ഫൈനലിനെയും മഴ നേരിയ തോതില്‍ ബാധിച്ചു. ടോസ് കഴിഞ്ഞയുടനെ അത് ഇറങ്ങി, കളിയുടെ തുടക്കം പത്ത് മിനിറ്റ് വൈകിച്ചു.