Sports

ഇന്ത്യ- പാകിസ്താന്‍ ക്രിക്കറ്റ് മത്സരം നടന്നില്ലെങ്കില്‍ …. കോടികള്‍ നഷ്ടപ്പെടുന്നത് ആര്‍ക്കൊക്കെ?

ദുബായ്: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് മത്സരം നടന്നില്ലെങ്കില്‍ ഏകദേശം 4500 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണു കണക്കുകൂട്ടല്‍. സംപ്രേഷണ അവകാശങ്ങള്‍, പരസ്യ വരുമാനം, സ്പോണ്‍സര്‍ഷിപ്പ്, ടിക്കറ്റ് വരുമാനം, നിയമപരമായ വാതുവെപ്പ് എന്നിവയെല്ലാം ചേര്‍ത്താണ് ഈ തുക. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരമില്ലാത്ത ഒരു ഐ.സി.സി. ടൂര്‍ണമെന്റ് ചിന്തിക്കാനാകില്ല. ലോകകപ്പിലെ ഇന്ത്യ-പാക് മത്സരങ്ങള്‍ കോടികളുടെ വരുമാനമാണ് ബ്രോഡ്കാസ്റ്റര്‍മാര്‍ക്കു നല്‍കുന്നത്.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരങ്ങള്‍ക്കിടയിലെ 10 സെക്കന്‍ഡ് പരസ്യത്തിന് മാത്രം 25 മുതല്‍ 40 ലക്ഷം രൂപ വരെയാണ് ഈടാക്കുന്നത്. ഇത് മറ്റ് മുന്‍നിര ടീമുകള്‍ക്കെതിരായ ഇന്ത്യയുടെ നോക്കൗട്ട് മത്സരങ്ങള്‍ക്കായി ഈടാക്കുന്നതിലും ഉയര്‍ന്ന തുകയാണ്. മത്സരം നടന്നില്ലെങ്കില്‍ ടൂര്‍ണമെന്റിന്റെ മുഴുവന്‍ സാമ്പത്തിക ഘടനയേയും ബാധിക്കും. ലോകകപ്പിലെ ഇന്ത്യ-പാക് മത്സരം നടന്നില്ലെങ്കില്‍ പരസ്യ വരുമാനത്തില്‍ മാത്രം 300 കോടിക്കടുത്ത് നഷ്ടം വരും. ലോകകപ്പിലെ ഓരോ മത്സരത്തിന്റെയും മൂല്യം ഏകദേശം 138.7 കോടി രൂപയാണ്. ഇന്ത്യ – പാക് മത്സരത്തിന്റെ മൂല്യം ഇരട്ടിയിലധികമാണ്. മത്സരം നടന്നില്ലെങ്കില്‍ ബ്രോഡ്കാസ്റ്റര്‍ ജിയോ സ്റ്റാറിന്റെ വരുമാനത്തെയും ബാധിക്കും.

ഐ.സി.സി. അവര്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടതായോ ഇളവ് അനുവദിക്കേണ്ടിയോ വരും. മത്സരം നടന്നില്ലെങ്കില്‍ ബി.സി.സി.ഐക്കും പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിനും 200 കോടി രൂപയെങ്കിലും നഷ്ടം വരുമെന്ന് ഉറപ്പാണ്. ഐ.സി.സിയുടെ മൊത്തം വരുമാനത്തിന്റെ 5.75 ശതമാനമാണു പി.സി.ബിക്ക് ലഭിക്കുക. മത്സരം ബഹിഷ്‌കരിച്ചാല്‍ ഈ തുക ഐ.സി.സിക്ക് തടഞ്ഞുവയ്ക്കാം. സ്വന്തം ഇഷ്ടപ്രകാരം മത്സരം ഉപേക്ഷിക്കുന്നതിനാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷയോ നിയമപരമായ സംരക്ഷണമോ പാകിസ്താന് ലഭിക്കില്ല.

പങ്കാളിത്ത കരാര്‍ ലംഘിച്ചാല്‍ പാകിസ്താന് ലഭിക്കേണ്ട ടൂര്‍ണമെന്റിന്റെ പ്രതിഫലം തടഞ്ഞുവെയ്ക്കാനും ഐ.സി.സിക്ക് സാധിക്കും. മാത്രമല്ല പിഴവും വിലക്ക് അടക്കമുള്ള നടപടികളിലേക്ക് കടക്കാനുമാകും. മത്സരം നടന്നാല്‍ വലിയ നേട്ടം സംപ്രേഷണാവകാശം ഏറ്റെടുത്ത ബ്രോഡ്കാസ്റ്റര്‍ക്കാണ്. ഇന്ത്യയില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്വര്‍ക്ക് ആണ് ബ്രോഡ്കാസ്റ്റര്‍മാര്‍. ഡിജിറ്റല്‍ സംപ്രേക്ഷണവകാശം ജിയോ ഹോട്ട്സ്റ്റാറിനും. മത്സരം റദ്ദാക്കിയാല്‍ 300 കോടി രൂപയുടെ പരസ്യ വരുമാനമാണ് ഇല്ലാതാകുക. നഷ്ടം ഐ.സി.സി. ഏറ്റെടുക്കുമ്പോള്‍ അംഗങ്ങളായ ക്രിക്കറ്റ് ബോര്‍ഡുകളെയും ബാധിക്കും.