Good News

റോഡില്ല, മൊബൈലില്ല ; ഒഡീഷയിലെ ബോണ്ട ഗോത്രത്തിലെ 19കാരന്‍ നീറ്റ് ജയിച്ച് MBBS പഠനത്തിന്

ഒഡീഷയിലെ ആദിവാസി ഗോത്രമായ ബോണ്ട വിഭാഗത്തിന് ശ്രദ്ധേയമായ നേട്ടം കൈവരിച്ച് മംഗള മുദുലി തന്റെ സമുദായത്തിലെ ആദ്യത്തെ മെഡിക്കല്‍ വിദ്യാര്‍തിഥിയായി മാറി. മുദുലിപാഡ ഗ്രാമത്തില്‍ നിന്നുള്ള 19 കാരന്‍ നാഷണല്‍ എലിജിബിലിറ്റി എന്‍ട്രന്‍സ് ടെസ്റ്റില്‍ (നീറ്റ്) 261-ാം റാങ്കോടെ വിജയിച്ച് ബെര്‍ഹാംപൂരിലെ എംകെസിജി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശനം നേടി.

ഒഡീഷയിലെ ഏറ്റവും സാക്ഷരത കുറഞ്ഞ വിഭാഗവും ഒറ്റപ്പെട്ട സമൂഹങ്ങളിലൊന്നുമാണ് ബോണ്ട ഗോത്രം. 2011 ലെ സെന്‍സസ് അനുസരിച്ച്, ഗോത്രത്തിന്റെ സാക്ഷരതാ നിരക്ക് വെറും 36.61 ശതമാനമാണെന്നത് കൂടിയാണ് മംഗളയുടെ നേട്ടത്തെ പ്രോജ്വലമാക്കുന്നത്. സമുദായത്തിന്റെ ഒറ്റപ്പെടലും പഠനസൗകര്യങ്ങളുടെ അഭാവവും ഉയര്‍ത്തുന്ന വെല്ലുവിളികളെ അതിജീവിച്ചാണ് മംഗളയുടെ നിശ്ചയദാര്‍ഢ്യം വിജയിച്ചത്.

കുടുംബത്തിന്റെ പ്രയാസകരമായ സാഹചര്യങ്ങള്‍ക്കിടയിലും കുട്ടിക്കാലം മുതല്‍ വളര്‍ത്തിയെടുത്ത സ്വപ്നത്തില്‍ നിന്നാണ് മംഗള ഡോക്ടറാകാനുള്ള യാത്ര ആരംഭിച്ചത്. മുദുലിപ്പാട എസ്എസ്ഡി ഹൈസ്‌കൂളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം ബലദിയഗുഡയിലെ എസ്എസ്ഡി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സയന്‍സില്‍ ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസം നേടി.

ഗ്രാമത്തിലെ അടിസ്ഥാന ആരോഗ്യ സംരക്ഷണത്തിന്റെ അഭാവം വൈദ്യശാസ്ത്ര പഠിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. ഗ്രാമത്തില്‍ മൊബൈല്‍ ടവര്‍ ഇല്ലാത്തതുകൊണ്ട് ഇന്റര്‍നെറ്റ് കണക്ഷനും പ്രശ്നമുണ്ട്.ടീച്ചര്‍ നല്‍കിയ ഫോണില്‍ പഠന സാമഗ്രികള്‍ ആക്‌സസ് ചെയ്യാന്‍ അദ്ദേഹം മരങ്ങളുടെ മുകളില്‍ കയറി. പഠിക്കുമ്പോള്‍ അസുഖം പിടിപെട്ടിട്ടും, ടീച്ചറുടെ പ്രോത്സാഹനത്താല്‍ മംഗള പഠനം തുടര്‍ന്നു.

മംഗള മുദുലിയുടെ ശ്രദ്ധേയമായ നേട്ടത്തെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനും മുന്‍ മുഖ്യമന്ത്രി നവീന്‍ പട്നായിക്കുമൊക്കെ അഭിനന്ദിച്ചു. ”ശക്തമായ ഇച്ഛാശക്തിയും നിശ്ചയദാര്‍ഢ്യവും ഉണ്ടെങ്കില്‍, വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലും വിജയം കൈവരിക്കാന്‍ കഴിയുമെന്ന് അദ്ദേഹം തെളിയിച്ചു. അദ്ദേഹം മുഴുവന്‍ ആദിവാസി സമൂഹത്തിനും പ്രചോദനമാണ്,” പ്രധാന്‍ എക്സില്‍ പോസ്റ്റ് ചെയ്തു.