രാവിലെ ഒരു കപ്പ് കാപ്പി കുടിച്ചില്ലെങ്കില്‍ പലര്‍ക്കും ഒരു മടുപ്പ്, ക്ഷീണം എന്നിവ അനുഭവപ്പെടാറുണ്ട്. എന്നാല്‍ സാധാരണ നാം കുടിക്കുന്ന കാപ്പിയൊന്നും ഈ കോഫിയുടെ മുന്നില്‍ ഒന്നുമല്ല. വടക്കന്‍ തായ്‌ലന്‍ഡിലെ ഐവറി കോഫിയെ പറ്റി അറിയാമോ?
കിലോയ്ക്ക് ഒന്നേ മുക്കാൽ ലക്ഷം രൂപ വരെയാണ് ഇതിന്റെ വില. സവിശേഷ രുചിയുള്ള കാപ്പിയാണിത്. ഇതിന്റെ രുചിയല്ല ഇതിനെ വ്യത്യസ്തമാക്കുന്നത്. മറിച്ച് ഉല്‍പാദന പ്രക്രിയയാണ്.ആനയുടെ പിണ്ടത്തില്‍ നിന്നാണ് ഈ കോഫി ഉണ്ടാക്കുന്നത്.
ഐവറി കോഫി ഉണ്ടാക്കാനായി മികച്ച തായ് അറബിക്ക കാപ്പിക്കുരുവാണ് തെരഞ്ഞെടുക്കുക. ഈ ബീൻസ് നന്നായി കഴുകി തരംതിരിക്കുന്നു. പിന്നീട് ഇത് ആനകളെ കൊണ്ട് കഴിപ്പിക്കുന്നു. ആനയുടെ ദഹനവ്യവസ്ഥയിലൂടെ സഞ്ചരിക്കുമ്പോള്‍ കാപ്പിക്കുരുക്കൾ ഒരു സവിശേഷമായ അഴുകല്‍ പ്രക്രിയയ്ക്ക് വിധേയമാകുന്നു.
ആനയുടെ വയറ്റിലുള്ള എന്‍സൈമുകള്‍ കാപ്പിയിലെ കയ്പിന് കാരണമാകുന്ന പ്രോട്ടീനുകളെ തകര്‍ക്കുന്നു. അപ്പോള്‍ കൂടുതല്‍ ചോക്ലേറ്റ് രുചിയുള്ള മൃദുവായ കുരുവായി മാറും. ഇത് കഴിച്ച് 15-30 മണിക്കൂറിന് ശേഷം ആനകള്‍ ഇത് പിണ്ടത്തിലൂടെ പുറംന്തള്ളുന്നു. പിന്നീട് അത് ശേഖരിച്ച് നന്നായി കഴുകി വെയിലത്തിട്ട് ഉണക്കുന്നു. കഠിനാധ്വാനം ആവശ്യമുള്ള പ്രക്രിയയാണിത്.
ലോകത്തിലെ ഏറ്റവും വിലകൂടിയ കാപ്പികളില്‍ ഒന്നാണ് ഈ ബ്ലാക്ക് ഐവറി കോഫി. കിലോഗ്രാമിന് വില വരുന്നതാവട്ടെ 2000 ഡോളറാണ്.
ഇത് ഉണ്ടാക്കാനുള്ള ബുദ്ധിമുട്ട് തന്നെയാണ് ഇതിന് ഇത്രയും വില അധികമാകാനുള്ള കാരണവും. ഒരു കിലോഗ്രാം ബ്ലാക്ക് ഐവറി കാപ്പി ഉദ്പാദിപ്പിക്കുന്നതിനായി 33 കിലോഗ്രാം കാപ്പി കുരുക്കള്‍ ആവശ്യമാണ്. കാരണം കഴിക്കുന്ന കുരുക്കളുടെ അധികവും ആനകള്‍ ദഹിപ്പിക്കുന്നു. ഒരു ചെറിയ ഭാഗം മാത്രമാണ് ഉപയോഗിക്കാനായി സാധിക്കൂ.
ഈ കോഫിയില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗം ആനകളുടെ സംരക്ഷണ ശ്രമങ്ങള്‍ക്കായി ഉപയോഗിക്കുന്നു. ലോകത്തുള്ള പല ആഡംബര ഹോട്ടലുകളിലും ഇത് വിളമ്പാറുണ്ട്. ഈ കാപ്പി ആദ്യമായി നിര്‍മ്മിച്ചത് വടക്കന്‍ തായ്‌ലന്‍ഡിലെ ചിയാങ് സെയ്‌നിലെ ഡോള്‍ഡന്‍ ട്രയാംഗിള്‍ ഏഷ്യന്‍ എലിഫന്റ് ഫൗണ്ടേനിലെ ആനസങ്കേതത്തില്‍ വെച്ചാണ്. ബ്ലാക്ക് ഐവറി കോഫി കമ്പനികളുടെ വില്‍പ്പനയുടെ 8 ശതമാനവും ഗോള്‍ഡന്‍ ട്രയാംഗിള്‍ ഏഷ്യന്‍ എലിഫന്റ് ഫൗണ്ടേഷന് സംഭാവന ചെയ്യുന്നു.