Wild Nature

ലോകത്തെ ഏറ്റവും വലിയ പാമ്പ്; 26 അടിനീളവും 440 കിലോ ഭാരവുമുള്ള ഗ്രീന്‍ അനാക്കോണ്ടയെ ക്രൂരമായി വെടിവെച്ചു കൊന്നു

ശാസ്ത്രലോകം കണ്ടെത്തി ഒരു മാസം പിന്നിടും മുമ്പ് ഇതുവരെ കണ്ടെത്തിയിട്ടുള്ള ലോകത്തിലെ ഏറ്റവും വലിയ പാമ്പിനെ ക്രൂരമായി വേട്ടക്കാര്‍ വെടിവച്ചു കൊന്നു. അഞ്ചാഴ്ച മുമ്പ് ആമസോണ്‍ മഴക്കാടുകളില്‍ നിന്നും ശാസ്ത്രജ്ഞര്‍ കണ്ടെത്തിയ ‘അന ജൂലിയ’ എന്ന് പേരിട്ടിരിക്കുന്ന 26 അടി നീളവും 440 കിലോ ഭാരമുള്ള വടക്കന്‍ ഗ്രീന്‍ അനക്കോണ്ടയാണ് ചത്തത്.

ബ്രസീലില്‍ സ്ഥിതി ചെയ്യുന്ന പാമ്പിന് ഒരു കാറിന്റെ ടയര്‍ പോലെ കട്ടിയുള്ളതും മനുഷ്യന്റെ തലയോളം വലിപ്പവുമുണ്ടായിരുന്നു. അനയെ ഫെബ്രുവരിയില്‍ കണ്ടെത്തിയ ശേഷം ലോകത്തിലെ ഏറ്റവും വലിയ സര്‍പ്പമെന്ന ഖ്യാതി ശാസ്ത്രജ്ഞര്‍ ഇതിന് നല്‍കുകയും അവരുടെ ആരാധനാപാത്രമാവുകയും ചെയ്തു. നദിയില്‍ ചത്തുപൊങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഞായറാഴ്ച (മാര്‍ച്ച് 24) തെക്കന്‍ ബ്രസീലിലെ മാറ്റോ ഗ്രോസോ ഡോ സുള്‍ സ്റ്റേറ്റിലെ ബോണിറ്റോ ഗ്രാമപ്രദേശത്തുള്ള ഫോര്‍മോസോ നദിയില്‍ നിന്നുമാണ് ചത്തനിലയില്‍ പാമ്പിനെ കണ്ടെത്തിയത്. ടിവി വൈല്‍ഡ് ലൈഫ് അവതാരകയും ഡച്ച് ജീവശാസ്ത്രജ്ഞനുമായ പ്രൊഫസര്‍ ഫ്രീക് വോങ്ക്, 40 ആയിരുന്നു ഭീമാകാരമായ അനക്കോണ്ടയെ കണ്ടെത്തിയതും അതിനൊപ്പം നീന്തി ചിത്രീകരിച്ച വീഡിയോ പുറത്തുവിട്ടതും. വാര്‍ത്ത കേട്ട ഫ്രീക് വോങ്ക് ‘ദുഃഖവും ദേഷ്യവും’ ഉള്ളതായി പറഞ്ഞു.

വന്യജീവി സംവിധായകനായ ക്രിസ്റ്റ്യന്‍ ദിമിട്രിസിന്റെ അഭിപ്രായത്തില്‍, വോങ്കിനൊപ്പം നീന്തുന്നത് ചിത്രീകരിച്ച അതേ പാമ്പാണ് ചത്തത്. അതിന്റെ മുഖത്തെ അടയാളങ്ങള്‍ താരതമ്യം ചെയ്താണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഇതിന് പിന്നാലെ ജൂലിയാന ടെറയിലെ സാവോ പോളോ സര്‍വകലാശാലയിലെ അനക്കോണ്ട സ്‌പെഷ്യലിസ്റ്റും ഗവേഷകനും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. പാമ്പിന് വെടിയേല്‍ക്കുകയായിരുന്നു എന്നാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

നോര്‍ത്തേണ്‍ ഗ്രീന്‍ അനക്കോണ്ടയുടെ കണ്ടെത്തല്‍ ഫെബ്രുവരി 16 ന് ഡൈവേഴ്സിറ്റി എന്ന ശാസ്ത്ര ജേണലില്‍ ഒരു പഠനത്തില്‍ പ്രസിദ്ധീകരിച്ചു. 15 വര്‍ഷം മുമ്പാണ് ഒന്നിലധികം ഇനം പച്ച അനക്കോണ്ടകള്‍ ഉണ്ടെന്ന് തങ്ങള്‍ ആദ്യം മനസ്സിലാക്കിയതെന്ന് പഠനത്തിന്റെ മുഖ്യ രചയിതാവ് പ്രൊഫസര്‍ ജീസസ് റിവാസ് വിശദീകരിച്ചു. അന ജൂലിയയുടെ മരണത്തെക്കുറിച്ച് എന്‍വയോണ്‍മെന്റല്‍ മിലിട്ടറി പോലീസാണ് അന്വേഷണം നടത്തുന്നത്.