ബീഹാറിലെ മുൻഗർ സ്വദേശിയായ 24-കാരൻ ശുഭം കുമാർ, ലോകത്തിലെ 197 രാജ്യങ്ങളും സന്ദർശിച്ച ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനും ഏഷ്യക്കാരനുമെന്ന നേട്ടം കൈവരിച്ച് ചരിത്രം കുറിച്ചിരിക്കുകയാണ്. “നോമാഡ് ശുഭം” എന്നറിയപ്പെടുന്ന ഇദ്ദേഹത്തിന്റെ അവിശ്വസനീയമായ ഈ യാത്ര 2018-ൽ, തന്റെ 17-ാം വയസ്സിലാണ് ആരംഭിച്ചത്. കുറഞ്ഞ ചിലവിലുള്ള യാത്രകൾ , ലിഫ്റ്റ് ചോദിച്ചുള്ള യാത്രകൾ, അപാരമായ ആത്മവിശ്വാസം എന്നിവയിലൂടെയാണ് അദ്ദേഹം ഈ നേട്ടം സ്വന്തമാക്കിയത്.
ബീഹാറിലെ ഒരു സാധാരണ കുടുംബത്തിൽ നിന്നുവന്ന ശുഭത്തിന് വലിയ സ്പോൺസർഷിപ്പുകൾ ഒന്നും ഉണ്ടായിരുന്നില്ല; സ്വന്തം സമ്പാദ്യവും നിശ്ചയദാർഢ്യവും മാത്രമായിരുന്നു കൈമുതൽ. “സ്ലോ ട്രാവൽ” (Slow travel) രീതി പിന്തുടർന്ന അദ്ദേഹം ലിഫ്റ്റ് ചോദിച്ചും, പ്രാദേശിക ഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചും, അപരിചിതരുടെ വീടുകളിൽ താമസിച്ചും (Couchsurfing) ലോകം ചുറ്റി.
“ഹിച്ച്ഹൈക്കിംഗിന്റെ രാജാവ്” എന്ന് വിളിക്കപ്പെടുന്ന ശുഭം, പലപ്പോഴും ദിവസം 500 രൂപയിൽ താഴെ മാത്രം ചിലവഴിച്ചാണ് കഴിഞ്ഞുകൂടിയത്. തുടക്കകാലത്ത് പ്രതിമാസം 10,000 – 12,000 രൂപ കൊണ്ട് അദ്ദേഹം യാത്രകൾ മാനേജ് ചെയ്തിരുന്നു. പിന്നീട് തന്റെ യൂട്യൂബ് ചാനലിലൂടെ ലഭിച്ച 32 ലക്ഷത്തിലധികം സബ്സ്ക്രൈബർമാരുടെ പിന്തുണ അദ്ദേഹത്തിന്റെ യാത്രകൾക്ക് കരുത്തായി.
തന്റെ പട്ടികയിലെ 197-ാമത്തെ രാജ്യമായ ബ്രസീലിലെത്തിയതോടെ ആഗോള പര്യടനം പൂർത്തിയായ വിവരം അദ്ദേഹം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചു. “ഏകദേശം 10 വർഷം മുമ്പ് ഒരു ബാഗും വളരെ കുറച്ച് പണവും ഒരു വലിയ സ്വപ്നവുമായിട്ടാണ് ഞാൻ ഈ യാത്ര തുടങ്ങിയത്. ട്രക്കുകളിലും ബസ്സുകളിലും ലിഫ്റ്റ് ചോദിച്ചും മണിക്കൂറുകളോളം നടന്നും പ്രതീക്ഷയോടും പേടിയോടും കൂടെ ഞാൻ അതിർത്തികൾ കടന്നു. ഇന്ന് 197 രാജ്യങ്ങൾ പൂർത്തിയായിരിക്കുന്നു,” എന്ന് അദ്ദേഹം വൈകാരികമായ കുറിപ്പിൽ കുറിച്ചു.
യാത്രയുടെ തുടക്കം: ചെറുപ്പത്തിലേ യാത്രകളോട് താല്പര്യമുണ്ടായിരുന്ന ശുഭത്തിന് 2018-ലെ ലേ- ലഡാക്ക് യാത്രയാണ് ലോകം ചുറ്റാനുള്ള ആവേശം നൽകിയത്. സ്കൂളിലേക്ക് ലിഫ്റ്റ് ചോദിച്ച് പോയിരുന്ന ശീലം പിന്നീട് വലിയ യാത്രകൾക്ക് പരിശീലനമായി. നേപ്പാളിലേക്കായിരുന്നു ആദ്യ വിദേശയാത്ര. പിന്നീട് റഷ്യ, തായ്ലൻഡ്, ലാവോസ് എന്നിവിടങ്ങളിലേക്ക് അദ്ദേഹം സഞ്ചരിച്ചു. സിവിൽ സർവീസ് പരീക്ഷയ്ക്ക് പഠിക്കുകയാണെന്ന് മാതാപിതാക്കളെ വിശ്വസിപ്പിച്ച് മലേഷ്യയിലേക്ക് വിമാനം കയറിയാണ് അദ്ദേഹം തന്റെ വലിയ യാത്രകൾക്ക് തുടക്കമിട്ടത്.
വെല്ലുവിളികൾ: റഷ്യയിലെ -71°C തണുപ്പിൽ അതിജീവിച്ചതും, ചാരനാണെന്ന് സംശയിച്ച് ഗാബോണിൽ സൈന്യം തടങ്കലിലാക്കിയതും അദ്ദേഹത്തിന്റെ യാത്രയിലെ കഠിനമായ അനുഭവങ്ങളാണ്. പെട്രോൾ പമ്പുകളിൽ ഉറങ്ങിയും സാധാരണക്കാരുടെ കൂടെ താമസിച്ചും അദ്ദേഹം തന്റെ യാത്ര തുടർന്നു.
എട്ടു വർഷങ്ങൾക്കിപ്പുറം, ഏത് സാധാരണക്കാരനും വലിയ സ്വപ്നങ്ങളുണ്ടെങ്കിൽ ലോകം കീഴടക്കാമെന്ന് ശുഭം കുമാർ തെളിയിച്ചിരിക്കുന്നു. ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രചോദനമാണ് ഇന്ന് ഈ 24-കാരന്റെ ജീവിതകഥ.




