മോശം സിനിമയുടെ സെക്കന്റ്‌ഷോയ്ക്ക് ആളിരിക്കുന്നത് പോലെയായിരുന്നു എന്നാണ് ഏകദിനലോകകപ്പ് ക്രിക്കറ്റിലെ ന്യൂസിലന്റും ഇംഗ്‌ളണ്ടും തമ്മിലുള്ള ഉദ്ഘാടന മത്സരത്തെക്കുറിച്ച് കേട്ട വിശേഷണം. 2023 ലോകകപ്പിന്റെ ഉദ്ഘാടനം നടന്ന അഹമ്മദാബാദിലെ നരേന്ദ്രമോഡി സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ കൂടി കഴിഞ്ഞതോടെ 2023 ലോകകപ്പ് ഐസിസിയ്ക്ക് നല്‍കിയത് വന്‍ നേട്ടം.
ഇതുവരെ നടന്നിട്ടുള്ള ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ കാണികള്‍ കയറിയ ടൂര്‍ണമെന്റായിട്ടാണ് ഇത് മാറിയത്. ഇന്ത്യാ ഓസ്‌ട്രേലിയ കലാശപ്പോര് വരെ ഇന്ത്യയിലുടനീളമുള്ള 10 സ്റ്റേഡിയങ്ങളിലായി 12,50,307 പേരാണ് കളികാണാനെത്തിയത്. ഐസിസിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ കണ്ട ഫൈനലായിരുന്നു ഇന്ത്യാ ഓസ്‌ട്രേലിയ കലാശപ്പോര്. രോഹിത് ശര്‍മ്മ കപ്പ് ഉയര്‍ത്തുന്നത് തത്സമയം കാണാന്‍ 1.25 ലക്ഷത്തിലധികം ആരാധകരാണ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ എത്തിയത്. എന്നാല്‍ ഫൈനലില്‍ ഓസീസിനോട് എട്ടു വിക്കറ്റിന്റെ തോല്‍വി ഏറ്റുവാങ്ങി ടീം ഇന്ത്യയ്ക്ക് നിരാശപ്പെടുത്തി.
അഹമ്മദാബാദിലെ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന ഉച്ചകോടി ക്ലാഷ്, ആഗോളതലത്തില്‍ 87.6 ബില്യണ്‍ ലൈവ് വ്യൂവിംഗ് മിനിറ്റുകളോടെ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ഐസിസി മത്സരമായി മാറി. ഓസ്ട്രേലിയയിലും ന്യൂസിലന്‍ഡിലുമായി നടന്ന 2015 ലെ പുരുഷ ലോകകപ്പിന്റെ റെക്കോഡാണ് മറികടന്നത്. ഈ ടൂര്‍ണമെന്റ് 1,016,420 കാണികളെയാണ് സാക്ഷിയാക്കിയത്.
2019 ലെ ഇംഗ്ലണ്ടിലും വെയില്‍സിലും നടന്ന പതിപ്പില്‍ 752,000 ആരാധകരാണ് വന്നത്. ഇന്ത്യയില്‍ നടന്ന പുരുഷ ക്രിക്കറ്റ് ലോകകപ്പിന്റെ പതിമൂന്നാം പതിപ്പ് എല്ലാ കണക്കുകളും മറികടന്നു. ഒന്നിലധികം ബ്രോഡ്കാസ്റ്റ്, ഡിജിറ്റല്‍ വ്യൂവര്‍ഷിപ്പ് റെക്കോര്‍ഡുകളും തകര്‍ത്തു. ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് 2023 മികച്ച വിജയമായിരുന്നു. ഗെയിമിന്റെ മികച്ച വശങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകരുടെ ഹൃദയം കവര്‍ന്നെടുക്കുകയും ചെയ്തു. അമ്പരപ്പിക്കുന്ന കാണികള്‍ ക്രിക്കറ്റിന്റെ ശാശ്വതമായ ആകര്‍ഷണവും ഏകദിന ഫോര്‍മാറ്റ് നല്‍കുന്ന ആവേശവും പ്രകടമാക്കുന്നു.