മരുഭൂമിയിലൂടെ പാഞ്ഞുപോകുന്ന നൂറുകണക്കിന് വാഹനങ്ങളും, മണല്‍ക്കൂനകള്‍ക്ക് മുകളിലൂടെ പ്രതിധ്വനിക്കുന്ന അവയുടെ എഞ്ചിനുകളുടെ ഇരമ്പലും. രാത്രി മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഈ ശബ്ദം ആരെയും കണ്ണുചിമ്മാന്‍ പോലും അനുവദിക്കില്ല. എല്ലാ വര്‍ഷവും സൗദി അറേബ്യയില്‍ നടക്കുന്ന ലിവ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലിലാണ് ഈ അനുഭവം. യുണൈറ്റഡ് അറബ് എമിറേറ്റ്‌സില്‍ നിന്ന് സൗദി അറേബ്യയിലേക്ക് വ്യാപിച്ചുകിടക്കുന്ന വിശാലമായ മരുഭൂമിയായ എംപ്റ്റി ക്വാര്‍ട്ടറില്‍ നടക്കുന്ന മോട്ടോര്‍ സ്‌പോര്‍ട്‌സിന്റെ വേദിയാണ് ഇത്.
അബുദാബിയില്‍ നിന്ന് മൂന്ന് മണിക്കൂര്‍ ഡ്രൈവുള്ള ഈ റൂട്ട് വര്‍ഷത്തില്‍ ഭൂരിഭാഗവും ഏതാണ്ട് ശൂന്യമായിരിക്കും. എന്നാല്‍ ഡിസംബറില്‍, ഇത് മോട്ടോര്‍ ഹെഡുകളുടെ ഒരു സ്വപ്നദൃശ്യമായി മാറുന്നു. രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പ്രാദേശിക എമിറാറ്റികളാണ് ലിവ ഒയാസിസിന്റെ മോട്ടോര്‍സ്‌പോര്‍ട്ട് സാധ്യതകള്‍ ആദ്യമായി തിരിച്ചറിഞ്ഞത്. 300 മീറ്ററില്‍ കൂടുതല്‍ (ഏകദേശം 1,000 അടി) ഉയരമുള്ള മേഖലയിലെ ഏറ്റവും ഉയരം കൂടിയ മോറിബ് ഡ്യൂണില്‍ അവര്‍ ഓഫ്-റോഡ് വാഹനങ്ങളുമായി ഒത്തുകൂടാന്‍ തുടങ്ങിയത് മുതലാണ് മോട്ടോര്‍ സ്‌പോര്‍ട്‌സിന്റെ തുടക്കം.
2004യിലാണ് ആദ്യമായി ഇങ്ങനെ ഒരു മത്സരം നടന്നത്. അത് ക്രമാനുഗതമായി വളര്‍ന്നു. പരിപാടിയുടെ സംഘാടകര്‍ പറയുന്നതനുസരിച്ച്, 2024-ല്‍, 600,000-ത്തിലധികം സന്ദര്‍ശകരാണ് ഈ മത്സരം കാണാനെത്തിയത്. മോട്ടോര്‍ സ്‌പോര്‍ട്ടുകള്‍ക്കൊപ്പം, എല്ലാ രാത്രിയിലും വെടിക്കെട്ടും മറ്റ് ആഘോഷങ്ങളും നിറഞ്ഞ ഒരു സാംസ്‌കാരിക പരിപാടിയും ഇതിനോടൊപ്പമുണ്ട്. എന്നാല്‍ പ്രധാന ആകര്‍ഷണം ഓഫ്‌റേഡ് വാഹനങ്ങളുടെ മണല്‍ക്കൂനയിലൂടെയുള്ള മത്സരം തന്നെയാണ്. മണല്‍ക്കൂനകള്‍ വഴിയില്‍ തടസ്സങ്ങളായി വര്‍ത്തിക്കുന്ന മത്സരത്തില്‍ കാറുകളും ട്രക്കുകളും മരുഭൂമിയിലൂടെ പാഞ്ഞും ഒഴുകിയും ഉത്സവത്തിന്റെ ആവേശത്തിലേക്ക് കാണികളെ നയിക്കും.
2024 ഡിസംബര്‍ 13 നും ജനുവരി 4 നും ഇടയില്‍ അവസാനമായി നടന്ന പരിപാടിയില്‍ ഫാല്‍ക്കണ്‍റി, ഒട്ടക ഓട്ടമത്സരങ്ങള്‍, ബലൂണുകള്‍, പുതുവത്സര ആഘോഷം, നൂറുകണക്കിന് ഭക്ഷണ വില്‍പ്പനക്കാര്‍ എന്നിവയെല്ലാം ഉണ്ടായിരുന്നു. വരാനിരിക്കുന്ന മോട്ടോര്‍ സ്‌പോര്‍ട്‌സിന്റെ തീയതികള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മിക്കവര്‍ക്കും, ലോകത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളിലൂടെ വാഹനമോടിക്കാനുള്ള സ്വാതന്ത്ര്യമാണ് പ്രധാന ആകര്‍ഷണം. എന്നാല്‍ വലിയ ഇന്ധനച്ചെലവ് ഉണ്ടാക്കുന്നു എന്ന വിമര്‍ശനവുമുണ്ട്. ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം, കഴിഞ്ഞ വര്‍ഷം 11 ദശലക്ഷം ലിറ്ററിലധികം ഇന്ധനം ഉപയോഗിച്ചു. ശബ്ദ മലിനീകരണവും ഒഴിവാക്കാന്‍ കഴിയാത്തതാണ്.




