അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ടി20 ലോകകപ്പ് സൂപ്പർ 8 പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയോട് 76 റൺസിന്റെ ദയനീയ തോൽവി വഴങ്ങിയതിന് പിന്നാലെ, ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ വരുത്തുന്നതിനെക്കുറിച്ച് സൂചന നൽകി അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡോഷ്‌ചേറ്റ്.
ഇന്നിംഗ്‌സിന്റെ തുടക്കത്തിൽ ഓഫ് സ്പിന്നർമാരെ നേരിടുന്നത് ഒഴിവാക്കാൻ സഞ്ജു സാംസണെ പ്ലെയിംഗ് ഇലവനിലേക്ക് പരിഗണിച്ചേക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. നിർണ്ണായകമായ ഈ മത്സരത്തിൽ ഇന്ത്യൻ ടീമിന് ഒരുപാട് പിഴവുകൾ സംഭവിച്ചതായി അദ്ദേഹം തുറന്നു സമ്മതിച്ചു.
ഓപ്പണർ അഭിഷേക് ശർമ്മയുടെയും തിലക് വർമ്മയുടെയും ഫോമില്ലായ്മ ടീമിന് വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. കഴിഞ്ഞ നാല് മത്സരങ്ങളിൽ നിന്നായി 106 റൺസ് നേടിയ തിലക് വർമ്മയ്ക്ക് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഒരു റൺസ് മാത്രമാണ് നേടാനായത്. അഭിഷേക് ശർമ്മയാകട്ടെ കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായതിന് ശേഷം ഈ മത്സരത്തിൽ 15 റൺസാണ് എടുത്തത്.
പല ടീമുകളും പാർട്ട് ടൈം ഓഫ് സ്പിന്നർമാരെ ഉപയോഗിച്ച് ഇന്നിംഗ്‌സ് തുടങ്ങുന്നത് ഇന്ത്യക്ക് തിരിച്ചടിയാകുന്നുണ്ടെന്നും, ഈ സാഹചര്യത്തിൽ കഴിഞ്ഞ 18 മാസമായി മികച്ച പ്രകടനം നടത്തുന്നവർക്കൊപ്പം നിൽക്കണോ അതോ സഞ്ജുവിനെ ടീമിലെടുക്കണോ എന്ന കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്നും ഡോഷ്‌ചേറ്റ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അഭിഷേകിന് നേരത്തെ ഭക്ഷ്യവിഷബാധയേറ്റത് പ്രകടനത്തെ ബാധിച്ചിട്ടുണ്ടാകാമെന്നും, തുടർച്ചയായ പരാജയങ്ങൾ താരത്തിന്റെ ആത്മവിശ്വാസം കുറച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൈസ് ക്യാപ്റ്റൻ അക്സർ പട്ടേലിനെ ഒഴിവാക്കി വാഷിംഗ്ടൺ സുന്ദറിനെ കളിപ്പിച്ചതിനെക്കുറിച്ചും ഡോഷ്‌ചേറ്റ് വിശദീകരണം നൽകി. ക്വിന്റൺ ഡി കോക്ക്, ഡേവിഡ് മില്ലർ, റയാൻ റിക്കൽട്ടൺ എന്നീ ഇടംകൈയ്യൻ ബാറ്റർമാരെ പ്രതിരോധിക്കാനാണ് ഓഫ് സ്പിന്നറായ സുന്ദറിനെ തിരഞ്ഞെടുത്തത്. ടീം ബാലൻസ് നിലനിർത്താൻ റിങ്കു സിംഗിനെ ഉൾപ്പെടുത്തേണ്ടി വന്നതിനാലാണ് അക്സറിനെ പുറത്തിരുത്തേണ്ടി വന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അക്സർ കളിച്ചിരുന്നെങ്കിലും സുന്ദർ ബാറ്റ് ചെയ്ത അതേ പൊസിഷനിൽ തന്നെയാകുമായിരുന്നു ഇറങ്ങുകയെന്നും കോച്ച് പറഞ്ഞു.




