Featured The Origin Story

ഫോൺ ഹോൾഡ് ചെയ്യുമ്പോഴുള്ള സംഗീതം; ഇതെങ്ങനെ വന്നെന്ന് അറിയുമോ?

ഏതെങ്കിലും സ്ഥാപനങ്ങളിലേക്ക് ഫോൺ വിളിച്ചാല്‍ അവർ അതു ഹോൾഡ് ചെയ്യുമ്പോൾ നാം ഒരു സംഗീതം കേൾക്കാറുണ്ട്. പല ഉപയോഗങ്ങളുണ്ട് ഈ സംഗീതത്തിന്. നമ്മൾ ഇപ്പോഴും കോളിലാണെന്നും ക്യൂവിലാണെന്നും ഇതു നമ്മെ ഓര്‍മ്മിപ്പിക്കുന്നു. എങ്ങനെയാണ് ഹോൾഡ് ചെയ്യുമ്പോൾ ഈ സംഗീതം എത്താൻ തുടങ്ങിയത്? എന്താണ് ആ ചരിത്രം?

ആൽഫ്രഡ് ലെവി എന്ന വ്യക്തിയാണ് ഹോൾഡ് ചെയ്യുമ്പോഴുള്ള ഈ സംഗീതത്തിന്റെ ഉപജ്ഞാതാവായി കരുതപ്പെടുന്നത്. ലെവി ഒരു ഫാക്ടറി ഉടമയായിരുന്നു.ആ ഫാക്ടറിയിലേക്കു വന്ന മെറ്റൽ വയറുകളിൽ ചിലതൊക്കെ ലൂസ് കണക്ഷനായിരുന്നു. ഇതിലൊരെണ്ണം ഫാക്ടറിയുടെ സ്റ്റീൽ സ്ട്രക്ചറില്‍ തട്ടിനിൽക്കുകയും തൊട്ടടുത്തുള്ള ഒരു ലോക്കൽ റേഡിയോ സ്‌റ്റേഷന്റെ സിഗ്നൽ പിടിച്ചെടുക്കുകയും ചെയ്തു. 1962ലെ സംഭവമാണിത്.

സ്വാഭാവികമായി ആരെങ്കിലും ലെവിയുടെ ഫാക്ടറിയിലേക്കു വിളിക്കുമ്പോൾ, ആ കോൾ ഹോൾഡ് ചെയ്താൽ റേഡിയോ സ്റ്റേഷനിൽ നിന്നുള്ള സംഗീതവും മറ്റ് അനൗൺസ്‌മെന്റുകളുമൊക്കെ വിളിക്കുന്നയാളുടെ ഫോണിലേക്ക് ഒഴുകിയെത്തി. ആദ്യം ലെവിക്കു ദേഷ്യമാണ് തോന്നയത്. എന്നാൽ പിന്നീടാണ് അദ്ദേഹം അതിന്റെ ഒരു സാധ്യത കണ്ടെത്തിയത്. വിളിക്കുന്നവരെ കോളിൽ നിലനിർത്താനും, അവരെ ഹോൾഡ് ചെയ്തിരിക്കുകയാണെന്ന സന്ദേശം കൊടുക്കാനും ഈ സംവിധാനത്തിനു സാധിക്കുമെന്ന് അദ്ദേഹം മനസ്സിലാക്കി.

1966ൽ ലെവി ഇതൊരു ഉത്പന്നമായി ഇറക്കി. ടെലിഫോൺ ഹോൾഡ് പ്രോഗ്രാം സിസ്റ്റം എന്നായിരുന്നു അതിന്റെ പേര്. സംഭവം വലിയ ഹിറ്റായി. അനേകം പേർ ഈ സംവിധാനത്തിന്റെ ഉപയോക്താക്കളായി മാറി. പിൽക്കാലത്ത് ഫോണുകൾ ഹോൾഡ് ഓൺ മ്യൂസിക് എന്ന ഫീച്ചറുമായി ഇറങ്ങാൻ തുടങ്ങി. ഇന്നും ഫോൺ ഹോൾഡ് സംവിധാനങ്ങൾ വിപണിയിലിറങ്ങുന്നത് ലെവിയുടെ ഈ പേറ്റന്റിനെ അടിസ്ഥാനപ്പെടുത്തിയാണ്