ചെവി വേദനയുമായി ആശുപത്രിയിലെത്തിയ യുവതിയുടെ ചെവിക്കുള്ളില്‍ കണ്ടെത്തിയത് എട്ടുകാലി കൂടുവെച്ചിരിയ്ക്കുന്നത്. യുകെയിലാണ് സംഭവം. അധ്യാപികയും കണ്ടന്റ് ക്രിയേറ്ററുമായ ലൂസി വൈല്‍ഡ് എന്ന യുവതിക്കാണ് വിചിത്രമായ അനുഭവമുണ്ടായത്. ആഴ്ചകളായി ചെവിക്കകത്ത് അസ്വസ്ഥതയും ചെറിയ വേദനയും ഉണ്ടായിരുന്നതിനെ തുടര്‍ന്നാണ് ഇവര്‍ ആശുപത്രിയില്‍ എത്തിയത്. പരിശോധനയ്ക്ക് ഒടുവിലാണ് യുവതിയുടെ ചെവിക്കുള്ളില്‍ എട്ടുകാലി വല നെയ്ത് കൂടുവച്ചിരിക്കുന്നതാണെന്ന് കണ്ടെത്തിയത്.
യുവതിയ്ക്ക് ചെവിക്കകത്ത് അസ്വസ്ഥതയും ചെറിയ വേദനയും ഉണ്ടായിരുന്നു. ദിവസങ്ങള്‍ കൂടുംതോറും ചെവിക്കകത്തെ വേദനയും കൂടി വന്നു. ഇതിനിടെ ചെവിക്കകത്ത് എന്തോ ഇരിപ്പുണ്ടെന്ന് ഇവര്‍ക്ക് മനസിലായി. ഇതിനെ പുറത്തെടുക്കാന്‍ പലതും ചെയ്തു നോക്കി. ഒടുവില്‍ ഒലിവ് ഓയില്‍ ഒഴിച്ചു. ഇതില്‍ എട്ടുകാലി പുറത്തെത്തി. എന്നാല്‍ ചെവിയില്‍ നിന്ന് രക്തം വരികയും കടുത്ത വേദന അനുഭവപ്പെടുകയും ചെയ്തു. അങ്ങനെ എമര്‍ജന്‍സി നമ്പറില്‍ വിളിച്ചാണ് ലൂസി ആശുപത്രിയില്‍ അഡ്മിറ്റ് ആയത്.
ഡോക്ടര്‍മാര്‍ ക്യാമറ ഘടിപ്പിച്ച ഉപകരണം കൊണ്ട് ചെവിക്കകം പരിശോധിച്ചപ്പോഴാണ് സംഭവം വ്യക്തമായത്. എട്ടുകാലി പുറത്തെത്തിയെങ്കിലും ദിവസങ്ങളോളം അത് അകത്ത് ജീവനോടെ കഴിഞ്ഞത് യുവതിയുടെ കേള്‍വി ശക്തിയെ ബാധിച്ചിരുന്നു. മാത്രല്ല അണുബാധയും ഉണ്ടായിരുന്നു. എന്തായാലും സമയത്തിന് ആശുപത്രിയിലെത്തിയതിനാല്‍ മറ്റ് കാര്യമായ പ്രശ്നങ്ങളൊന്നുമില്ലാതെ രക്ഷപ്പെടാനായി. എങ്ങനെയാണ് ചെവിക്കകത്ത് എട്ടുകാലി കയറിയതെന്ന് തനിക്കറിയില്ലെന്നാണ് ലൂസി പറയുന്നത്.