മാട്രിക്‌സും ജോണ്‍വിക്കുമെല്ലാം ഹോളിവുഡ് നടന്‍ കീനുറീവ്‌സിന് നല്‍കിക്കൊടുത്ത ആരാധക സ്‌നേഹം ചില്ലറയല്ല. ഇടയ്ക്ക് രാമായണത്തിന്റെ ഹോളിവുഡ് പതിപ്പില്‍ താരം ശ്രീരാമനായി എത്തുമെന്ന് വരെ കേട്ടിരുന്നു. എന്തായാലും അതിമാനുഷിക ചിത്രങ്ങളുടെ പട്ടികയില്‍ വരുന്ന കോണ്‍സ്റ്റന്റൈന്റെ ആരാധകര്‍ക്ക് വീണ്ടുമൊരു സന്തോഷവാര്‍ത്ത വരികയാണ്.
2005ലെ അമാനുഷിക സൂപ്പര്‍ഹീറോ സിനിമയായ കോണ്‍സ്റ്റന്റൈന്റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. ഡിസി കോമിക്‌സ്, വെര്‍ട്ടിഗോ കോമിക്‌സ് എന്നിവയെ അടിസ്ഥാനമാക്കിയുള്ള ആദ്യ ഭാഗം ആസ്വദിച്ച സിനിമാപ്രേക്ഷകര്‍ക്ക് പുതിയ വിരുന്നുമായി താന്‍ മടങ്ങിവരുമെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ഫ്രാന്‍സിസ് ലോറന്‍സ് പറയുന്നു. എഴുത്തുകാരുടെ സമരത്തെ തുടര്‍ന്ന് ചിത്രത്തിന്റെ തിരക്കഥ ആദ്യം തടസ്സപ്പെട്ടിരുന്നുവെങ്കിലും സമരം അവസാനിച്ചതോടെ തുടര്‍ഭാഗത്തിന് കാര്യമായ പുരോഗതി വന്നിട്ടുണ്ട്.
കീനു റീവ്‌സും യഥാര്‍ത്ഥ നിര്‍മ്മാതാവ് അകിവ ഗോള്‍ഡ്‌സ്മാനും കഥാഗതി രൂപപ്പെടുത്തുന്നതില്‍ സജീവമായി ഏര്‍പ്പെട്ടിരിക്കുകയാണെന്നും വിവരമുണ്ട്. അതേസമയം കോണ്‍സ്റ്റന്റൈന്‍ 2-ന്റെ റിലീസ് തീയതിയോ കൂടുതലായി എന്തെങ്കിലുമോ പുറത്തുവിടാന്‍ അണിയറപ്രവര്‍ത്തകര്‍ ഉടന്‍ തയ്യാറായിട്ടില്ല. എന്നിരുന്നാലും സ്‌ക്രിപ്റ്റ് പരിഷ്‌കരിക്കാനും കഥയുടെ വിശദാംശങ്ങള്‍ പുറത്തുവിടാനുമുള്ള ശ്രമത്തിലാണ് ക്രിയേറ്റീവ് ടീം. സ്ഥിരീകരിച്ച റിലീസ് തീയതി ഇല്ലെങ്കിലും, ജോണ്‍ കോണ്‍സ്റ്റന്റൈന്‍ ബിഗ് സ്‌ക്രീനിലേക്കുള്ള തിരിച്ചുവരവിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ആരാധകര്‍ക്ക് ഈ വാര്‍ത്ത ഒരു വാഗ്ദാന സൂചനയാണ്.