ഒരിക്കല്‍ക്കൂടി ട്വന്റി20 ക്രിക്കറ്റിലെ ലോക കിരീടം ഇന്ത്യയെത്തേടിയെത്തുമ്പോള്‍ സൂപ്പര്‍ താരമായി മലയാളികളുടെ പ്രിയതാരം സഞ്ജു സാംസണ്. രചിന് രവീന്ദ്രയുടെ 14-ാം ഓവറില്‍ തുടര്‍ച്ചയായി മൂന്ന് സിക്സറുകള്‍ നേടി ഒരു അപൂര്‍വ റെക്കോഡിലേക്ക് ഇന്ത്യയെ സഞ്ജു നയിച്ചു. അതോടെ ഒരു ക്രിക്കറ്റ് ലോകകപ്പില്‍ 100 സിക്സറുകള്‍ പിന്നിടുന്ന ആദ്യ ടീമായി ഇന്ത്യ.
ലോകകപ്പിന്റെ സെമിഫൈനലിലും ഫൈനലിലും അര്‍ധസെഞ്ചുറി നേടിയ മൂന്നാമത്തെ താരമാണു സഞ്ജു സാംസണ്. 2009ല്‍ ഷാഹിദ് അഫ്രീദിയും 2014ല്‍ വിരാട് കോഹ്ലിയുമാണ് ഇതിനുമുമ്പ് ഈ നേട്ടം കൈവരിച്ചത്. ട്വന്റി20 ലോകകപ്പ് ഫൈനലിനെ ഉയര്‍ന്ന സ്കോറിന്റെ റെക്കോഡും സഞ്ജുവിനായി- (46 പന്തില്‍ 89 റണ്‍സ്). വെസ്റ്റിന്‍ഡീന്റെ മര്‍ലോണ്‍ സാമുവേല്സിനെയാണു സജ്ഞു മറികടന്നത്.
ട്വന്റി20 ലോകകപ്പ് ഫൈനലിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനമെന്ന റെക്കോർഡിൽ 2014 ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരെ കോലി നേടിയ 77 റൺസിനെയും സഞ്ജു പിന്നിലാക്കി. ലോകകപ്പിൽ 321 റണ്‍സാണു സഞ്ജുവിന്റെ സമ്പാദ്യം. ലോകകപ്പിന്റെ ഒരു സീസണിൽ കൂടുതൽ റണ്‍സ് നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോര്‍ഡിൽ 2014ൽ വിരാട് കോലി നേടിയ 319 റൺസെന്ന നേട്ടത്തെയും പഴങ്കഥയാക്കി.
ലോകകപ്പിൽ കൂടുതൽ സിക്സുകൾ നേടിയ താരമെന്ന റെക്കോർഡും സഞ്ജുവിന്റെ പേരിലാണ്. അഞ്ച് മത്സരങ്ങളിൽനിന്ന് 24 സിക്സറുകളാണ് സഞ്ജു ഇതുവരെ ബൗണ്ടറിയിലേക്ക് നിലംതൊടാതെ തൂക്കിയത്.
ട്വന്റി20 ലോകകപ്പുകളില്‍ തുടര്‍ച്ചയായി 80ന് മുകളിലുള്ള സ്കോറുകള്‍ മൂന്ന് തവണ നേടുന്ന രണ്ടാമത്തെ താരമാണു സഞ്ജു സാംസണ്. 2010ല്‍ മഹേല ജയവര്‍ധനയാണ് ഇതിനുമുമ്പ് ഈ നേട്ടം കൈവരിച്ചത്. മൊത്തത്തില്‍ മൂന്ന് കളിക്കാര്‍ക്ക് മാത്രമാണ് ഈ നേട്ടം സ്വന്തമായുള്ളത്, ഗുസ്താവ് മക്കയോണ് ആണ് മൂന്നാമന്. സഞ്ജുവിന്റെ തിളക്കത്തില്‍ മറ്റൊരു നേട്ടംകൂടി ഇന്ത്യക്ക് സ്വന്തമായി. ട്വന്റി20 കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമായി ഇന്ത്യ. കഴിഞ്ഞ തവണ രോഹിത് ശര്‍മയുടെ നേതൃത്വത്തിലാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. ഏഴു റണ്‍സിനു ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയാണ് 2024 ല്‍ ഇന്ത്യ കപ്പില്‍ മുത്തമിട്ടത്.




