ലോകക്രിക്കറ്റില്‍ ഏറ്റവും അവസാനമായിട്ട് എത്തിയവരാണെങ്കിലും ക്രിക്കറ്റിലെ ഏത് കൊലകൊമ്പനെയും വിറപ്പിക്കാന്‍ ശേഷിയുള്ള ടീമാണ് അഫ്ഗാനിസ്ഥാന്‍. പലപ്പോഴും നിര്‍ഭാഗ്യം ചതിച്ചില്ലായിരുന്നെങ്കില്‍ ഇതിനകം അവരും അവരുടേതായ ഒരു ഇതിഹാസം എഴുതിയേനെ. വമ്പന്‍ അട്ടിമറിക്ക് ശേഷിയുള്ള ടീം നടന്നു കൊണ്ടിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയിലെ സുപ്രധാന മത്സരത്തില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ടൂര്‍ണമെന്റില്‍ നിന്നു തന്നെ പുറത്താക്കിയ അവര്‍ ഓസ്‌ട്രേലിയയോട് മഴ നിയമത്തിലാണ് പുറത്തായത്.
ലോകം മുഴുവന്‍ ആരാധകരും അന്താരാഷ്ട്ര തലത്തില്‍ ഏറെ പ്രശംസിക്കപ്പെടുന്ന വരാണെങ്കിലും അഫ്ഗാന്‍ താരങ്ങള്‍ക്ക് ക്രിക്കറ്റില്‍ നിന്നും കിട്ടുന്ന ശമ്പളം താരതമ്യപ്പെടുത്തിയാല്‍ ഇന്ത്യന്‍ ടീമിലെ മുന്‍ കളിക്കാര്‍ക്ക് കിട്ടുന്നതിന്റെ പെന്‍ഷന്‍തുക പോലുമില്ല. അഫ്ഗാനിസ്ഥാന്‍ കളിക്കാര്‍ക്ക് ഒരു വര്‍ഷം ലഭിക്കുന്ന പ്രതിഫലത്തിന്റെ ഏതാണ്ട് തുല്യമായ തുക ഇന്ത്യന്‍ കളിക്കാര്‍ക്ക് ഒരു ഏകദിന മത്സരത്തില്‍ നിന്ന് കിട്ടുന്നു എന്ന് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ ആശ്ചര്യപ്പെടും. അഫ്ഗാന്‍ താരങ്ങള്‍ക്ക് കിട്ടുന്ന തുക ഇന്ത്യയിലെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരങ്ങളുടെയും മുന്‍ ക്രിക്കറ്റ് താരങ്ങളുടെയും പെന്‍ഷനെക്കാള്‍ കുറവാണ് ലഭിക്കുന്നത്.
അസൗകര്യങ്ങളുടെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ടാണ് അഫ്ഗാനിസ്ഥാന്റെ കളിക്കാര്‍ ക്രിക്കറ്റ് പഠിച്ചത്. 2021-ല്‍ താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ വീണ്ടും അധികാരത്തില്‍ വന്നതോടെ സ്ത്രീകള്‍ക്ക് നിരവധി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. സ്ത്രീകള്‍ക്ക് സ്പോര്‍ട്സിനും വിദ്യാഭ്യാസത്തിനും ഉള്ള അവകാശം നിഷേധിക്കപ്പെട്ടു. ഈ ക്രൂരതയ്ക്കിടയില്‍ അഫ്ഗാനിസ്ഥാന്റെ വനിതാ ക്രിക്കറ്റ് ടീമും പിരിച്ചുവിട്ടു. എന്നാല്‍ ക്രിക്കറ്റ് ലോകത്ത് തരംഗമാകാന്‍ അഫ്ഗാനിസ്ഥാന്റെ പുരുഷ ക്രിക്കറ്റ് ടീമിന് കഴിഞ്ഞു. അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ നിയന്ത്രിക്കുന്നത് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡാണ് (എസിബി) എന്നാല്‍ അതില്‍ താലിബാന്റെ സ്വാധീനവും ശക്തമാണ്.
മാച്ച് ഫീസിന് പുറമെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) തങ്ങളുടെ കളിക്കാര്‍ക്ക് വാര്‍ഷിക കരാറുകളിലൂടെയും പണം നല്‍കുന്നു. ഇന്ത്യന്‍ താരങ്ങളുടെ മാച്ച് ഫീസിനെ കുറിച്ച് പറയുമ്പോള്‍ ഒരു ടെസ്റ്റിന് 15 ലക്ഷം രൂപയും അന്താരാഷ്ട്ര ടി20 മത്സരത്തിന് 3 ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. അതേസമയം, ഒരു ഏകദിന മത്സരത്തില്‍ നിന്ന് ടീം ഇന്ത്യയുടെ കളിക്കാര്‍ 6 ലക്ഷം രൂപ വരെ സമ്പാദിക്കുന്നു.