Celebrity

23 കിലോ ഭാരം കുറച്ചതിന്റെ വേദന നിറഞ്ഞ ‘നീണ്ടകഥ’ വെളിപ്പെടുത്തി നേഹ ധൂപിയ

ബോളിവുഡ് താരം നേഹ ധൂപിയയുടെ വെയ്റ്റ്ലോസ് ജേര്‍ണിയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. പ്രത്യേകിച്ച് അടുത്തിടെ പുറത്തിറങ്ങിയ ‘ബാഡ് ന്യൂസ്’ ട്രെയിലറില്‍ നേഹയുടെ ഈ മാറ്റം വളരെ വ്യക്തമായി കാണാനും സാധിയ്ക്കുന്നു. രണ്ട് കുട്ടികളുടെ അമ്മ കൂടിയായ നടി 23 കിലോ ശരീരഭാരം കുറച്ചതിനെ കുറിച്ച് ഇന്‍സ്റ്റാഗ്രാമില്‍ കുറിയ്ക്കുന്നു. രണ്ട് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ ശേഷം തന്റെ പുതിയ ശരീരത്തിന്റെ മാറ്റം അംഗീകരിയ്ക്കാന്‍ തനിക്ക് സാധിച്ചിരുന്നില്ലെന്ന് ധൂപിയ വെളിപ്പെടുത്തി. ശരീരഭാരം കുറയ്ക്കാനുള്ള തന്റെ യാത്ര ഒരു വര്‍ഷം മുമ്പ് തന്നെ ആരംഭിച്ചു.

ശരീരഭാരം കുറയ്ക്കുന്നതിന് മുമ്പും ശേഷവും ഉള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഇന്‍സ്റ്റാഗ്രാമില്‍ നേഹ തന്റെ ശരീരഭാരം കുറച്ച യാത്രയെ കുറിച്ച് ഒരു നീണ്ട പോസ്റ്റ് എഴുതിയത്. ‘എന്റെ 23 കിലോ ഭാരം കുറയുന്നതിനെക്കുറിച്ചുള്ള ഒരു നീണ്ട സത്യകഥ ഇതാ… ഇത് എളുപ്പമല്ലെന്ന് പറഞ്ഞു കൊണ്ട് ഞാന്‍ ആരംഭിക്കട്ടെ… ഭാരത്തോടെ ജീവിക്കുക അല്ലെങ്കില്‍ അത് കുറയ്ക്കാന്‍ ശ്രമിക്കുക. എന്റെ രണ്ട് ഗര്‍ഭാവസ്ഥകള്‍ക്കും ശേഷം ശരീരഭാരം വളരെയധികം വര്‍ദ്ധിച്ചു. പൊരുത്തപ്പെടാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു.’- നേഹ കുറിയ്ക്കുന്നു.

‘ആരു കണ്ടാലും ആദ്യം പറയുക എന്റെ ഭാരത്തെക്കുറിച്ചായിരിക്കും. പിന്നെ ഞാന്‍ ആവശ്യപ്പെടാതെയുള്ള ഉപദേശങ്ങളായിരിക്കും. അവരുടെ മുന്‍പില്‍ എപ്പോഴും ഞാന്‍ തലകുനിച്ചുകൊണ്ടേയിരുന്നു. ഒരു വര്‍ഷത്തിനു മുന്‍പ് ഞാന്‍ എന്റെ യാത്രയുടെ ഒന്നാം ദിവസം ആരംഭിച്ചു. മാസങ്ങള്‍ക്ക് മുമ്പ്, എനിക്കും ഇത് ചെയ്യാന്‍ കഴിയും എന്ന വിശ്വാസത്തോടെ ഞാന്‍ എന്റെ റണ്‍ കോച്ചിനേയും എന്റെ യോഗ സാറിനേയും വിളിച്ചു. പ്രതീക്ഷ ഞാന്‍ കൈവിട്ടിരുന്നില്ല.”- അവര്‍ കൂട്ടിച്ചേര്‍ത്തു.

‘പിന്നെ വലിയ ഭക്ഷണക്രമം ആരംഭിച്ചു, പഞ്ചസാര ഇല്ല, ഗ്ലൂറ്റന്‍ ഇല്ല, നേരത്തെ ഭക്ഷണം കഴിക്കുകയും 14 മണിക്കൂര്‍ ഭക്ഷണത്തില്‍ നിന്ന് ഇടവേള എടുക്കുകയും ചെയ്തു. രണ്ട് കുട്ടികളുടെ അമ്മയും ഒരു അഭിനേതാവും സംരംഭകയും എന്ന നിലയില്‍ എന്റെ ഈ മാറ്റം എല്ലാവരുമായും പങ്കിടുന്നതില്‍ എനിക്ക് സന്തോഷമാണ്. ഈ മാറ്റത്തിന് കുറുക്കുവഴികളില്ല എന്നതാണ് സത്യം, അതിനൊരു എളുപ്പവഴിയില്ല, റോക്കറ്റ് സയന്‍സും ഇല്ല … സ്ഥിരത പുലര്‍ത്തുക, കഠിനാധ്വാനം ചെയ്യുക.” -അവര്‍ കൂട്ടിച്ചേര്‍ത്തു.