ശബരിമല: സന്നിധാനത്തെ ദ്വാരപാലക ശില്‍പങ്ങളുടെ പുറംപാളിയുടെ നവീകര ണത്തിന് ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിയുടെ പേരില്‍ വാറന്റി വന്നതില്‍ ദുരൂഹത.
ചെന്നൈയിലെ സ്‌മാര്‍ട്ട് ക്രിയേഷന്‍സിലാണ് ദ്വാരപാലക ശില്‍പങ്ങളുടെ പുറംപാളി നവീകരണത്തിന് കൊണ്ടുപോയത്. 2019 ലാണ് പോറ്റി ദ്വാരപാലക ശില്‍പങ്ങളുടെ പുറംപാളി അറ്റകുറ്റപ്പണിക്ക് ചെന്നൈയില്‍ എത്തിക്കുന്നത്. അന്ന് മുതല്‍ 40 വര്‍ഷത്തേക്കാണ് വാറന്റി.
ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങള്‍ അറ്റകുറ്റപ്പണി നടത്തണമെങ്കില്‍ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍, എ.ഒ, തിരുവാഭരണം കമ്മിഷണര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്‌ഥ സംവിധാനമുള്ളപ്പോള്‍ ചുമതലപ്പെട്ട ഉദ്യോഗസ്‌ഥരുടെ പേരില്‍ വാറന്റി എഴുതാതെ അറ്റകുറ്റപ്പണിക്കുള്ള കുറച്ച് സ്വര്‍ണം നല്‍കുന്ന സ്‌പോണ്‍സറുടെ പേരില്‍ കമ്പനി വാറന്റി നല്‍കിയത് എന്തിനെന്നത് ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു. ഇക്കാര്യത്തില്‍ 2019ലെ ദേവസ്വം ബോര്‍ഡ് മറുപടി പറയേണ്ടി വരും.
വിജയമല്യ ശ്രീകോവിലിന് നല്‍കിയ സ്വര്‍ണം ദ്വാരപാലക ശില്‍പ പുറംപാളിക്കായും ഉപയോഗിച്ചെന്ന വിജയമല്യ ചുമതലപ്പെടുത്തിയ ആളുടെ വെളിപ്പെടുത്തല്‍ വന്നതോടെ സ്വര്‍ണം പതിപ്പിച്ച പാളി വീണ്ടും (ഇലക്‌ട്രോപ്ലേറ്റിങ്) സ്വര്‍ണം പൂശാന്‍ കൊണ്ടു പോയതെന്തിനെന്ന ചോദ്യവും ഉയരുന്നു. ചെന്നൈ കമ്പനിയിലെ വാറന്റി ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിയുടെ പേരിലായതിനാലാണ് ഇത്തവണ ചെന്നൈയില്‍ ദ്വാരപാലക ശില്‍പ പുറംപാളിയുടെ അറ്റകുറ്റപ്പണിക്കായി ബോര്‍ഡിന് പോറ്റിയെ ആശ്രയിക്കേണ്ടി വന്നതെന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞത്.
ഓരോ വര്‍ഷം കഴിയുമ്പോറും സ്‌പോണ്‍സര്‍ മാറി പുതിയ ആള്‍ വരാം. അല്ലെങ്കില്‍ ബോര്‍ഡ് നേരിട്ട് അറ്റകുറ്റപ്പണി നടത്താന്‍ തീരുമാനിച്ചാല്‍ പോറ്റിയുടെ പേരിലുള്ള വാറന്റി മറികടക്കാന്‍ ബോര്‍ഡിന് കഴിയാത്ത രീതിയിലുള്ള കുരുക്കാണ് പോറ്റി വാറന്റി എന്ന നൂലാമാലയിലൂടെ സൃഷ്‌ടിച്ചെടുത്തത്.




