ആഗോള സംഗീത ഐക്കണായ എആര്‍ റഹ്‌മാന്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി വിവിധ കാരണങ്ങളാല്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. എന്നിരുന്നാലും ഇന്ത്യ മുഴുവനും ഏറ്റവും ആവശ്യപ്പെടുന്ന സംഗീത സംവിധായകനിലേക്കുള്ള തന്റെ മാറ്റം ഒരു ഗിറ്റാറിസ്റ്റ് കാരണമാണെന്ന് എ.ആര്‍. റഹ്‌മാന്‍. ഒരു ഗിറ്റാറിസ്റ്റിന്റെ രൂക്ഷമായ പരിഹാസമാണ് സ്വന്തമായി ഒരു സംഗീതമേഖല ചിട്ടപ്പെടുത്താന്‍ സഹായിച്ചതെന്നും പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ സംഗീതജീവിതം മാറ്റിമറിച്ച സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.
കൗമാരകാലത്ത് സംഗീതസംവിധായകര്‍ക്ക് വേണ്ടി സ്റ്റുഡിയോകള്‍ തോറും ഓടിനടന്നിരുന്നു 19 കാരന്‍ പയ്യന്‍ അക്കാലത്ത് ഒരു ബാന്‍ഡിന്റെയും ഭാഗമായിരുന്നു. ഒരിക്കല്‍ മദ്യലഹരിയില്‍ ബാന്‍ഡിലെ ഗിറ്റാറിസ്റ്റ് നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശം തന്നെ പിന്നീട് ഇരുത്തി ചിന്തിപ്പിച്ചെന്നും ഏഴു വര്‍ഷത്തോളം അത് വേട്ടയാടിയെന്നും പിന്നീട് സ്വന്തം സംഗീതപാത വെട്ടിത്തെളിക്കാന്‍ അത് സഹായിച്ചെന്നും താരം പറഞ്ഞു. 1980-കളുടെ മധ്യത്തിലായിരുന്നു സംഭവം.
ഒരു രാത്രിയില്‍ മദ്യലഹരിയില്‍ ഒരു ഗിറ്റാറിസ്റ്റ്, തന്റെ കഴിവുകളെ ചോദ്യം ചെയ്തത അദ്ദേഹം ഓര്‍മ്മിച്ചു. ” ഞാന്‍ ഒരു ബാന്‍ഡിലായിരുന്ന സമയത്ത് സംഗീതസംവിധായകര്‍ക്ക് വേണ്ടി ജോലിചെയ്യുന്ന ഒരു ഘട്ടത്തിലൂടെ കടന്നുപോയിരുന്നു. ഒരിക്കല്‍ ബാന്‍ഡിലെ ഗിറ്റാറിസ്റ്റ് മദ്യപിച്ചിരിക്കുകയായിരുന്നു. അയാള്‍ എന്റെ നേരെ തിരിഞ്ഞു, ‘നീ എന്താണ് വായിക്കുന്നത്? നീ സിനിമാ സംഗീതമാണോ വായിക്കുന്നത് ? അതിന് ശേഷം താന്‍ വായിച്ച പാട്ടിനെക്കുറിച്ചും തന്റെ വായനയെക്കുറിച്ചും അയാള്‍ വളരെ മോശമായി സംസാരിച്ചു.
”പരിഹാസം അന്ന് പെട്ടെന്ന് ബാധിച്ചില്ല. എന്നാല്‍ കുറച്ച് ആഴ്ചകള്‍ കൊണ്ട് ആ വാക്കുകള്‍ ശരിക്കും തന്റെ മനസ്സിലേക്ക് കുത്തിക്കയറി. മദ്യപിച്ച ഗിറ്റാറിസ്റ്റ് ശരിയാണെന്ന് ക്രമേണ മനസ്സിലായി. കമന്റിന്റെ ആഘാതത്തില്‍ നിന്ന് കരകയറാന്‍ തനിക്ക് ഏറെ സമയമെടുക്കേണ്ടി വന്നെന്നും റഹ്‌മാന്‍ പറഞ്ഞു. ” അന്ന് അയാള്‍ എന്താണ് ഉദ്ദേശിച്ചതെന്ന് എനിക്ക് മനസ്സിലായില്ല, പക്ഷേ ആഴ്ചകള്‍ക്ക് ശേഷം, അത് എന്നെ ബാധിച്ചു. അയാള്‍ പറഞ്ഞത് ശരിയാണെന്ന് ഞാന്‍ മനസ്സിലാക്കി. എന്നെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമര്‍ശത്തെക്കുറിച്ച് ആഴത്തില്‍ ചിന്തിച്ചപ്പോള്‍, ഞാന്‍ ജോലി ചെയ്യുന്ന സംഗീതസംവിധായകര്‍ എന്നെ സ്വാധീനിക്കുന്നുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി. ഇതിനുശേഷം, ഞാന്‍ ബോധപൂര്‍വ്വം അതില്‍ നിന്ന് മാറാന്‍ തുടങ്ങി. ‘എന്റെ ശൈലി എന്തായിരിക്കും’ എന്ന് തിരിച്ചറിയാനുള്ള തന്റെ യാത്ര അവിടെ ആരംഭിച്ചെന്നും പറഞ്ഞു. ഗിറ്റാറിസ്റ്റിന്റെ പരാമര്‍ശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിന് ശേഷമാണ് സ്വയം നവീകരിക്കാന്‍ തുടങ്ങിയത്.” എആര്‍ റഹ്‌മാന്‍ പറഞ്ഞു.
ഗിറ്റാറിസ്റ്റിന്റെ വിമര്‍ശനം, കഠിനമായിരുന്നെങ്കിലും അത് സ്വയം പ്രതിഫലനത്തിന്റെയും പരിവര്‍ത്തനത്തിന്റെയും ഒരു യാത്രയ്ക്ക് തുടക്കമിട്ടു, അത് എആര്‍ റഹ്‌മാന്റെ സംഗീത ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറ്റുന്നതില്‍ ഗണ്യമായി സഹായിച്ചു. റഹ്‌മാന്‍ ബോധപൂര്‍വ്വം ആ സ്വാധീനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയും തന്റെ വ്യത്യസ്തമായ സംഗീത സ്വത്വം രൂപപ്പെടുത്താന്‍ ഏകദേശം ഏഴ് വര്‍ഷമെടുക്കുകയും ചെയ്തു.
ഒരിക്കല്‍ വേദനിപ്പിച്ച സംഭവം അദ്ദേഹത്തിന്റെ കഥയിലെ ഒരു സുപ്രധാന അധ്യായമായി മാറി. ഇപ്പോള്‍ ലോകം മുഴുവനും അറിയപ്പെടുന്ന ലോകത്തെ എണ്ണപ്പെട്ട സംഗീതകാരന്മാരിലാണ് സംഭവം എ.ആര്‍.റഹ്‌മാനെ കൊണ്ടെത്തിച്ചത്.