വാഷിങ്ടണ്‍: ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ പുറത്ത്. കേസുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍, വീഡിയോകള്‍, രേഖകള്‍ എന്നിവയാണു പുറത്തുവന്നത്. എല്ലാ രേഖകളും വെള്ളിയാഴ്ചയോടെ പുറത്തുവിടണമെന്ന് യു.എസ്. കോണ്‍ഗ്രസ് നിര്‍ദേശിച്ചിരുന്നു. എങ്കിലും എല്ലാ രേഖകളും കൃത്യ സമയത്ത് പ്രസിദ്ധീകരിക്കാന്‍ കഴിയില്ലെന്ന് നീതിന്യായ വകുപ്പ് വ്യക്തമാക്കി.
ആദ്യഘട്ട രേഖകളില്‍ യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍, ബ്രിട്ടനിലെ ആന്‍ഡ്രൂ രാജകുമാരന്‍, സംഗീതജ്ഞരായ മിക്ക് ജാഗര്‍, മൈക്കിള്‍ ജാക്‌സണ്‍ എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖ വ്യക്തികളുടെ പേരുകളുണ്ട്. എങ്കിലും രേഖകളിലുള്ളവരെല്ലാം കുറ്റകൃത്യം ചെയ്തതായി പറയാനാകില്ലെന്നു നിയമവിദഗ്ധര്‍ വ്യക്തമാക്കി.
പുറത്തുവിട്ട രേഖകളില്‍ പോലീസ് മൊഴികള്‍, അന്വേഷണ റിപ്പോര്‍ട്ടുകള്‍, ചിത്രങ്ങള്‍ എന്നിവയുണ്ട്. എങ്കിലും ഒരു ഫയലിലെ 100ല്‍ അധികം പേജുകള്‍ പൂര്‍ണമായും മറച്ചിട്ടുണ്ട്. ഇരകളുടെ വ്യക്തിത്വം സംരക്ഷിക്കാനോ നിലവിലുള്ള ക്രിമിനല്‍ അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംരക്ഷിക്കാനോ ഉള്ള കാര്യങ്ങള്‍ രേഖകളില്‍നിന്ന് മാറ്റാന്‍ അധികൃതര്‍ക്ക് അനുവാദമുണ്ടെന്നാണ് ഇക്കാര്യത്തിലുള്ള വിശദീകരണം. പുറത്തുവിട്ട ആയിരക്കണക്കിന് പേജുകള്‍ വരാനിരിക്കുന്നതിന്റെ ഒരു ചെറിയ ഭാഗം മാത്രമാണെന്ന് നീതിന്യായ വകുപ്പ് അറിയിച്ചു.
പുറത്തുവിട്ട രേഖകളില്‍ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ നിരവധി ചിത്രങ്ങള്‍ ഉള്‍പ്പെടുന്നു. ഒരു ചിത്രത്തില്‍ അദ്ദേഹം നീന്തല്‍ക്കുളത്തില്‍ നീന്തുന്നതായും മറ്റൊന്നില്‍ തലയ്ക്ക് പിന്നില്‍ കൈകളോടെ ഹോട്ട് ടബില്‍ കിടക്കുന്നതായും കാണാം. എപ്‌സ്റ്റീന്‍ അറസ്റ്റ് ചെയ്യപ്പെടുന്നതിന് മുമ്പ് ക്ലിന്റണ്‍ പലതവണ അയാളെ സന്ദര്‍ശിച്ചിട്ടുണ്ട്.അയാളുടെ കുറ്റകൃത്യങ്ങളില്‍ പങ്കില്ലെന്നാണു ക്ലിന്റന്റെ വാദം.
1990കളില്‍ എപ്‌സ്റ്റീന്‍ ട്രംപിന് ഫ്ളോറിഡയിലെ അദ്ദേഹത്തിന്റെ മാരാലാഗോ റിസോര്‍ട്ടില്‍ വച്ച് 14 വയസ്സുള്ള ഒരു പെണ്‍കുട്ടിയെ പരിചയപ്പെടുത്തിയെന്ന് കോടതി രേഖകള്‍ വിശദീകരിക്കുന്നു. ട്രംപിനോട് എപ്‌സ്റ്റീന്‍ ‘ഈ പെണ്‍കുട്ടി നല്ലതാണല്ലേ?’ എന്ന് തമാശയായി ചോദിച്ചതായി രേഖകളില്‍ പറയുന്നു. ട്രംപ് പുഞ്ചിരിക്കുകയും തലയാട്ടുകയും ചെയ്തതായാണു റിപ്പോര്‍ട്ട്. ആ പെണ്‍കുട്ടി വര്‍ഷങ്ങളോളം എപ്‌സ്റ്റീന്റെ ദുരുപയോഗത്തിനിരയായതായി അവകാശപ്പെടുന്നു. താനും എപ്‌സ്റ്റീനും വര്‍ഷങ്ങളോളം സുഹൃത്തുക്കളായിരുന്നുവെന്നും എന്നാല്‍ 2004ല്‍ ആ ബന്ധം അവസാനിച്ചെന്നുമാണു ട്രംപിന്റെ നിലപാട്. ചില ചിത്രങ്ങളില്‍ മൈക്കിള്‍ ജാക്‌സണ്‍, മിക്ക് ജാഗര്‍, ഡയാന റോസ് തുടങ്ങിയ താരങ്ങള്‍ക്കൊപ്പം എപ്‌സ്റ്റീനെ കാണാം. ചിത്രങ്ങള്‍ എവിടെ, എപ്പോള്‍ എടുത്തതാണെന്നോ ഏത് സാഹചര്യത്തിലാണെന്നോ വ്യക്തമല്ല. ചില ചിത്രങ്ങളില്‍ നടന്‍ ക്രിസ് ടക്കറെ കാണാം.




