Healthy Food

കീമോതെറാപ്പിക്ക് വിധേയരായ കാന്‍സര്‍ രോഗികള്‍ക്ക് ന്യൂട്രോപിനിക് ഡയറ്റ്

പ്രായമായവര്‍ക്കും രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ക്കമുള്ള പ്രത്യേക ഭക്ഷണക്രമമാണ് ന്യൂട്രോപിനിക് ഡയറ്റ്. ആന്റിമൈക്രോബിയല്‍ ഡയറ്റ് എന്നും ഇതറിയപ്പെടുന്നു. കീമോതെറാപ്പിക്ക് വിധേയരായ കാന്‍സര്‍ രോഗികള്‍ക്കാണ് ഈ ഭക്ഷണരീതി ഏറ്റവും ഫലപ്രദം. കീമോതെറാപ്പി മരുന്നുകള്‍ കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നതിനൊപ്പം ശരീരത്തിന്റെ രോഗപ്രതിരോധശേഷിയെ സഹായിക്കുന്ന ശ്വേതരക്താണുക്കളുടെ ശക്തി ക്ഷയിപ്പിക്കുന്നു.

കീമോറതെറാപ്പിക്ക് വിധേയരാകുന്നവര്‍ വളരെ വേഗം മറ്റ് രോഗങ്ങള്‍ക്ക് കീഴ്‌പ്പെടുന്നത് ഇതുകൊണ്ടാണ്. ഇത്തരം രോഗാണുക്കള്‍ ശരീരത്തിനുള്ളില്‍ കടന്നുകൂടുന്നത് മിക്കവാറും അവര്‍ കഴിക്കുന്ന ഭക്ഷണത്തിലൂടെയാണ്. ഇവിടെയാണ് ന്യുട്രോപിനിക് ഡയറ്റിന്റെ പ്രാധാന്യം. കരള്‍, വൃക്ക മുതലായ അവയവങ്ങള്‍ മാറ്റിവച്ചവര്‍, മജ്ജ മാറ്റിവച്ചവര്‍, എയ്ഡ്‌സ് ബാധിതര്‍, രോഗപ്രതിരോധശേഷി കുറവുള്ളവര്‍ എന്നീ വിഭാഗങ്ങളില്‍പെടുന്നവര്‍ക്ക് ന്യൂട്രോപിനിക് ഡയറ്റ് നിര്‍ദേശിക്കാറുണ്ട്.

ഭക്ഷണക്രമീകരണം ഇങ്ങനെ: ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതുമുതല്‍ ന്യട്രോപിനിക് ഡയറ്റ് ആരംഭിക്കുകയാണ്. വൃത്തിയുള്ളതും നന്നായി വേവിച്ചതുമായ ഭക്ഷണസാധനങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തുന്നത്. വീട്ടില്‍ പാകം ചെയ്യുന്ന ആഹാരസാധനങ്ങള്‍ മാത്രമേ കഴിക്കാവൂ. പുറമെ നിന്നുള്ളവ പാടേ ഒഴിവാക്കണം. പൊതു സ്ഥലങ്ങളിലും റോഡരികിലും വില്‍പ്പനയ്ക്കു വച്ചിരിക്കുന്ന ഭക്ഷണസാധണനങ്ങള്‍ കഴിക്കാന്‍ പാടില്ല. മാംസാഹാരം നന്നായി വേവിച്ചുമാത്രമേ കഴിക്കാവൂ. പാതി വേവിച്ചവ കഴിക്കാന്‍ പാടില്ല. ആപ്പിള്‍, മുന്തിരി എന്നിവ പോലെ കനം കുഞ്ഞ തൊലിയുള്ള പഴവര്‍ഗങ്ങള്‍ ന്യൂട്രോപിനിക് ഡയറ്റില്‍ പാടില്ല. എന്നാല്‍ ഓറഞ്ച്, മുസംബി തുടങ്ങിയവ കഴിക്കാം. പച്ചക്കറികള്‍ നന്നായി വേവിച്ച് വേണം കഴിക്കാന്‍. വേവിക്കാത്ത പച്ചക്കറികള്‍ കഴിക്കുന്നത് ഒഴിവാക്കണം. ഫാസ്റ്റ് ഫുഡ് ഭക്ഷണം പാടില്ല.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

– തുറന്നുവച്ച ഭക്ഷണം കഴിക്കരുത്

– ഗുണനിലവാരമുള്ള കുപ്പിവെള്ളം ഉപയോഗിക്കുക

– പച്ചക്കറികള്‍കൊണ്ടുണ്ടാക്കുന്ന സാലഡുകള്‍, ഫ്രൂട്ട് സാലഡുകള്‍ എന്നിവ ഒഴിവാക്കണം.

– കിണറ്റിലെ വെള്ളം തിളപ്പിച്ച് കുടിക്കുക. ഫില്‍റ്റര്‍ ചെയ്ത വെള്ളം കുടിക്കാവുന്നതാണ്

.- പച്ചക്കറികള്‍ അരിയാന്‍ ഉപയോഗിക്കുന്ന കത്തികള്‍ വൃത്തിയുള്ളതായിരിക്കണം.

– ആഹാരം പാകം ചെയ്യുന്നതിനും കഴിക്കാനുമുള്ള പാത്രങ്ങള്‍ പൂര്‍ണമായും വൃത്തിയുള്ളതാണെന്ന് ഉറപ്പുവരുത്തുക.

– അടുക്കളയും ചുറ്റുപാടും വൃത്തിയുള്ളതായിരിക്കണം

.- പച്ചക്കറികള്‍ ശുദ്ധവെള്ളത്തില്‍ ആവര്‍ത്തിച്ച് കഴുകി ഉപയോഗിക്കുക

.- പാകം ചെയ്യുന്നതിന് ശുദ്ധജലം മാത്രം ഉപയോഗിക്കണം.

– പഴകിയ ആഹാരസാധനങ്ങള്‍ കഴിക്കരുത്

.- അതാത് സമയം പാകം ചെയ്യുന്ന ആഹാരസാധനങ്ങള്‍ മാത്രം കഴിക്കാന്‍ ശ്രമിക്കുക.

– ഇടിയപ്പം, പുട്ട് തുടങ്ങി ആവിയില്‍ വേവിച്ച ആഹാര സാധനങ്ങള്‍ കഴിക്കുന്നതായിരിക്കും ഉചിതം

– മോര്, തൈര് മുതലായവ ഒഴിവാക്കുക.

– കശുവണ്ടിപ്പരിച്ച് പച്ചയ്ക്ക് കഴിക്കാന്‍ പാടില്ല

.- പാസ്റ്ററൈസ് ചെയ്ത പാലും പാലുല്‍പന്നങ്ങളും കഴിക്കുക.

ഭക്ഷണത്തിലൂടെ അണുബാധ ഒഴിവാക്കാനുള്ള ചെറിയ സാധ്യതപോലും ഇല്ലായ്മ ചെയ്യുകയാണ് ന്യൂട്രോപിനിക് ഡയറ്റിന്റെ പ്രത്യേകത. ഭക്ഷണം സാധനങ്ങള്‍ കഴിക്കുമ്പോള്‍ രോഗിയും കുടുംബാംഗങ്ങളും ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ ശ്രദ്ധിക്കണം.