ബോളിവുഡ് ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും. 2018ലാണ് ദീപികയും രണ്‍വീറും വിവാഹിതരായത്. ഇരുവരും തങ്ങളുടെ ആദ്യ കണ്‍മണിയ്ക്കായുള്ള കാത്തിരിപ്പിലാണ്. സെപ്റ്റംബറിലാണ് തങ്ങളുടെ കുഞ്ഞതിഥി എത്തുന്നതെന്ന് ഇരുവരും ആരാധകരെ അറിയിച്ചിരുന്നു. താരത്തിന്റെ ഗര്‍ഭാവസ്ഥയെ സംബന്ധിച്ച നിരവധി ട്രോളുകളും വിമര്‍ശനങ്ങളും സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്നു.
നിറവയറില്‍ രണ്‍വീറിനൊപ്പം എത്തിയ ദീപികയുടെ വീഡിയോയ്ക്ക് നേരെ കടുത്ത വിമര്‍ശനമായിരുന്നു ഉണ്ടായിരുന്നത്. താരത്തിന്റെ ബേബി ബംബ് വ്യാജമാണെന്നായിരുന്നു നെറ്റിസണ്‍സിന്റെ പ്രധാന കമന്റ്. എന്നാല്‍ ഏവരുടേയും വായ അടപ്പിയ്ക്കുന്ന രീതിയില്‍ ഗംഭീര മെറ്റേണിറ്റി ഷൂട്ട് ചിത്രങ്ങളാണ് താരദമ്പതികള്‍ സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം പങ്കുവെച്ചത്. ഇപ്പോള്‍ തങ്ങളുടെ ആദ്യ കണ്‍മണി എത്തുന്നതിന് മുന്നോടിയായി ദീപികയും രണ്‍വീറും മുംബൈയിലെ പ്രശസ്തമായ സിദ്ധിവിനായക ക്ഷേത്രം സന്ദര്‍ശിച്ച് അനുഗ്രഹം തേടിയിരിയ്ക്കുകയാണ്.
താരദമ്പതികള്‍ കൈകോര്‍ത്ത് പിടിച്ച് ക്ഷേത്രത്തിലേക്ക് നടന്നു നീങ്ങുന്ന വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഇരുവരുടേയും സന്തോഷം മുഖത്ത് തെളിഞ്ഞു കാണാമായിരുന്നു. ട്രെഡീഷണല്‍ ഔട്ട്ഫിറ്റാണ് ക്ഷേത്രദര്‍ശനത്തിനായി ഇരുവരും തിരഞ്ഞെടുത്തത്. വെള്ള പൈജാമയും കുര്‍ത്തയുമായിരുന്നു രണ്‍വീറിന്റെ വേഷം. ഗ്രീന്‍ നിറത്തിലുള്ള ബനാറസി സാരിയായിരുന്നു ദീപിക തിരഞ്ഞെടുത്തത്. രണ്‍വീറിന്റെയും ദീപികയുടെയും കുടുംബാംഗങ്ങളും ഇരുവര്‍ക്കുമൊപ്പം ക്ഷേത്രദര്‍ശനത്തിന് എത്തിയിരുന്നു.