Movie News

നെപ്പോട്ടിസം തനിക്ക് ഒരുപാട് സിനിമകള്‍ നഷ്ടമാക്കി; പക്ഷേ അതില്‍ വിഷമിക്കുന്നില്ലെന്ന് രാകുല്‍പ്രീത്

ബോളിവുഡില്‍ അരങ്ങേറുന്നതിന് മുമ്പ് തെന്നിന്ത്യയില്‍ ധാരാളം സിനിമകളില്‍ രാകുല്‍പ്രീത് സിംഗ് അഭിനയിച്ചിരുന്നു. നടി ഇപ്പോള്‍ ബോളിവുഡും ദക്ഷിണേന്ത്യന്‍ സിനിമകളും ഒരുപോലെ കൊണ്ടുപോകുകയും ചെയ്യുന്നു. എന്നാല്‍ താന്‍ ബോളിവുഡില്‍ അരങ്ങേറുവാന്‍ താമസിച്ചത് ഹിന്ദിസിനിമയിലെ നെപ്പോട്ടിസമാണെന്നാണ് നടിയുടെ കുറ്റപ്പെടുത്തല്‍.

തനിക്ക് നെപ്പോട്ടിസത്തിന്റെ ഭാഗമായി അനേകം സിനിമകളാണ് നഷ്ടപ്പെട്ടതെന്ന് നടി പറയുന്നു. തന്റെ പോഡ്കാസ്റ്റില്‍ രണ്‍വീര്‍ അള്ളാബാദിയയുമായുള്ള ഒരു ചാറ്റിനിടെ രാകുല്‍ പറഞ്ഞു. ”നാളെ, എന്റെ കുട്ടികള്‍ക്ക് സഹായം വേണമെങ്കില്‍, തീര്‍ച്ചയായും, ഞാന്‍ അവരെ സഹായിക്കും, അവരെ ഞാന്‍ നേരിടേണ്ടി വന്ന അതേ പോരാട്ടത്തിന് നിര്‍ബന്ധിക്കില്ല. താരങ്ങളുടെ കുട്ടികള്‍ക്ക് എളുപ്പത്തില്‍ പ്രവേശനം ലഭിക്കുന്നുണ്ടെങ്കില്‍, അത് അവരുടെ മാതാപിതാക്കള്‍ കഠിനാധ്വാനം ചെയ്തതുകൊണ്ടാണ്. അതുകൊണ്ട് സ്വജനപക്ഷപാതം ഞാന്‍ അധികം ചിന്തിക്കുന്ന ഒന്നല്ല. പക്ഷേ അത് ഒരു യാഥാര്‍ത്ഥ്യമാണ്, അത് എന്നില്‍നിന്ന് സിനിമകള്‍ എടുത്തുകളഞ്ഞു.” നടി പറയുന്നു.

നടി അതില്‍ പക്ഷേ ദുഖിക്കുന്നില്ലെന്നും പറഞ്ഞു. കാരണം അത് സൈനികനായിരുന്ന പിതാവില്‍നിന്ന് പഠിച്ച പാഠങ്ങളില്‍നിന്നാണ്. തന്റെ നിയന്ത്രണത്തിന് അതീതമായ കാര്യങ്ങളില്‍ വിഷമിക്കാതിരിക്കാന്‍ ഇത് അവളെ സഹായിച്ചു. സ്വജനപക്ഷപാതത്തെക്കുറിച്ച് അധികം ചിന്തിക്കുന്നില്ലെന്നും നടി പറഞ്ഞു. ജാക്കി ഭഗ്നാനിയുമായി രാകുല്‍ ഈ വര്‍ഷം വിവാഹിതരായി. ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കെടുത്ത വിവാഹമാണ് ഗോവയില്‍ നടന്നത്.