Celebrity

എനിക്ക് ബാലാമണിയെ തന്നതിന് രഞ്ജിയേട്ടന് നന്ദി; നന്ദനത്തിന്റെ ഓര്‍മ്മ ചിത്രവുമായി നവ്യ

നിരവധി വേഷങ്ങളിലൂടെ മലയാളി പ്രേക്ഷരുടെ ഇഷ്ടം നേടിയ താരമാണ് നവ്യ നായര്‍. യുവജനോത്സവ വേദിയില്‍ നിന്നാണ് താരം സിനിമ മേഖലയിലേക്ക് രംഗപ്രവേശനം ചെയ്തത്. വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത നവ്യ നൃത്ത വേദികളില്‍ സജീവമായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി താരം പങ്കുവെയ്ക്കാറുണ്ട്.

നവ്യയുടെ സിനിമ കരിയറിലെ ശ്രദ്ധേയമായ കഥാപാത്രമായിരുന്നു രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലെ കൃഷ്ണഭക്തയായ ബാലാമണി എന്ന കഥാപാത്രം. ഇന്നും നവ്യ നായര്‍ എന്നു പറഞ്ഞാല്‍ മലയാളികള്‍ക്ക് ബാലാമണി തന്നെയാണ്. ഇപ്പോള്‍ നന്ദനത്തിന്റെ പ്രൊമോഷന്‍ വേളയിലെ ഒരു ചിത്രം പങ്കുവെച്ചിരിയ്ക്കുകയാണ് നവ്യ. വളരെ മനോഹരമായ ഒരു ഓര്‍മ്മയാണ് ഇതെന്ന് കുറിച്ചു കൊണ്ടാണ് ചിത്രം പങ്കുവെച്ചിരിയ്ക്കുന്നത്.

ചിത്രത്തില്‍ നവ്യയെയും, രഞ്ജിത്തിനെയും, നായകനായ പൃഥ്വിരാജിനെയുമാണ് കാണാന്‍ സാധിയ്ക്കുന്നത്. എനിക്ക് ബാലാമണിയെതന്നതിന് രഞ്ജി ഏട്ടന് നന്ദി, അതുകൊണ്ടാണ് ഞാന്‍ നിലനില്‍ക്കുന്നതെന്നും ദൈവത്തിന് നന്ദി പറയുന്നുവെന്നും നവ്യ കുറിയ്ക്കുന്നു. നന്ദനത്തിന്റെ ഓര്‍മ്മയായി കൈയ്യില്‍ ചിത്രങ്ങളൊന്നും ഇല്ലായിരുന്നുവെന്നും ഈ ചിത്രം അയച്ചു തന്ന വിവേകിന് നന്ദി പറയുന്നുവെന്നും നവ്യ കുറിച്ചു.