Celebrity

വിജയ് യുടെ മകന്‍ ജെയ്സണ്‍ സഞ്ജയ് യുടെ അപൂര്‍വ പ്രത്യക്ഷപ്പെടല്‍; ഇന്റര്‍നെറ്റില്‍ തകര്‍ക്കുന്നു

ദളപതി വിജയ് സിനിമ വിടാന്‍ തയാറെടുക്കുമ്പോള്‍ മകന്‍ ജേസണ്‍ സഞ്ജയ്, സിനിമാലോകത്തെ പിടിച്ചുലക്കാന്‍ ഒരുങ്ങുകയാണ്. ജൂനിയര്‍ വിജയ് യുടെ അപൂര്‍വ രൂപഭാവത്തില്‍ സൂപ്പര്‍സ്റ്റാറിന്റെ ആരാധകര്‍ ആകാംക്ഷയിലാണ്.

കഴിഞ്ഞദിവസം ജെയ്സണ്‍ സഞ്ജയ് പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു. തമിഴ്നാട്ടില്‍ പിഎംകെയുടെ (പട്ടാളി മക്കള്‍ കച്ചി) ഓണററി പ്രസിഡന്റ് ജികെ മണിയുടെ ചെറുമകന്റെ വിവാഹത്തില്‍ പങ്കെടുക്കാനായിരുന്നു എത്തിയത്. ഈ ദൃശ്യം നിമിഷനേരം കൊണ്ട് വൈറലായി. വീഡിയോ ഷെയര്‍ ചെയ്യപ്പെട്ടത് കാട്ടുതീ പോലെ ആയിരുന്നു. വേദിയില്‍ നവദമ്പതികളെ അഭിനന്ദിക്കുന്ന സഞ്ജയ് യുടെ ലാളിത്യവും പെരുമാറ്റരീതിയും പിതാവിനോട് സാമ്യമുണ്ടെന്നാണ് ആരാധകരുടെ കണ്ടെത്തല്‍.

പിതാവില്‍ നിന്നും വ്യത്യസ്തമായി ജെയ്സണ്‍ സഞ്ജയ് ക്യാമറയ്ക്ക് പിന്നില്‍ നില്‍ക്കാനാണ് ഇഷ്ടപ്പെടുന്നത്. ജെയ്സണ്‍ ഉടന്‍ തന്നെ ലൈക പ്രൊഡക്ഷന്‍സിന് കീഴില്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കും. സന്ദീപ് കിഷനാണ് പേരിടാത്ത ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ആരംഭിച്ചിരിക്കുന്നത്. ഈ വര്‍ഷം ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2023 ഓഗസ്റ്റില്‍, ലൈക്ക പ്രൊഡക്ഷന്‍സ് അവരുടെ ട്വിറ്ററില്‍ വിജയ് ആരാധകര്‍ക്കായി രസകരമായ വാര്‍ത്തകള്‍ പങ്കുവച്ചിരുന്നു. വിജയ്യുടെ മകന്‍ ജെയ്സണ്‍ സഞ്ജയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് പ്രൊഡക്ഷന്‍ ഹൗസ് എഴുതി, ”ജയ്സണ്‍ സഞ്ജയ്യെ തന്റെ സംവിധാന അരങ്ങേറ്റത്തില്‍ അവതരിപ്പിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ ആവേശവും അഭിമാനവുമുണ്ട്, പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുന്ന വിജയവും സംതൃപ്തിയും നിറഞ്ഞ ഒരു കരിയര്‍ ഞങ്ങള്‍ ആശംസിക്കുന്നു!’

ബി.ബാബുശിവന്‍ സംവിധാനം ചെയ്ത വിജയ് യുടെ 2009-ലെ ഹിറ്റ് വേട്ടൈക്കാരനില്‍ ജേസണ്‍ സഞ്ജയ് അഭിനയിച്ചിരുന്നു. മകന് പിന്നെയും അഭിനയിക്കാന്‍ ഒന്നിലധികം ഓഫറുകള്‍ ലഭിച്ചിരുന്നുവെന്നും എന്നാല്‍ താന്‍ അവ നിരസിച്ചെന്നും ദളപതി വിജയ് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വിജയ് തന്റെ അവസാന ചിത്രമായ ജന നായകനില്‍ പ്രത്യക്ഷപ്പെടാനൊരുങ്ങുകയാണ്.