Movie News

രാഷ്ട്രീയപാര്‍ട്ടി ഉടനില്ലെന്ന് തമിഴ്‌നടന്‍ വിശാല്‍; ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ തുടരും

തമിഴ്‌നടന്‍ വിജയ് യ്ക്ക് പിന്നാലെ വിശാലും രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തി നടന്‍ വിശാല്‍. താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നില്ലെന്നും ജനക്ഷേമ പ്രവര്‍ത്തനങ്ങളുമായി മുമ്പോട്ട് പോകുമെന്നും ഫെബ്രുവരി 7ന് പുറത്തിറക്കിയ പ്രസ്താവനയില്‍ വിശാല്‍ വ്യക്തമാക്കി. അദ്ദേഹം രാഷ്ട്രീയ പാര്‍ട്ടി തുടങ്ങുന്നുവെന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെയാണ് നടന്‍ വിശദീകരണവുമായി എത്തിയിരിക്കുന്നത്.ഫാന്‍സ് ക്ലബ് വഴി ദുരിതമനുഭവിക്കുന്ന ആളുകളെ കാണുകയും സഹായിക്കുകയും ചെയ്യുന്നുണ്ടെന്നും അത് തുടരുമെന്നും വിശാല്‍ പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം വരും വര്‍ഷങ്ങളില്‍ രാഷ്ട്രീയ പ്രവേശനത്തിന് സാധ്യതയുണ്ടെന്നും അദ്ദേഹം സൂചന നല്‍കി. വിശാല്‍ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതായും 2026 തെരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ദളപതി വിജയ് തന്റെ രാഷ്ട്രീയ അരങ്ങേറ്റം പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കകം വിശാലിനെക്കുറിച്ചു വന്ന റിപ്പോര്‍ട്ട് വൈറലായിരുന്നു. ഫെബ്രുവരി 7 ന് നടത്തിയ പ്രസ്താവനയോടെ അദ്ദേഹം തന്റെ നിലപാട് വിശദീകരിച്ചു. സമൂഹത്തില്‍ എന്നെ അഭിനേതാവായും സാമൂഹിക പ്രവര്‍ത്തകനായും അംഗീകരിച്ച തമിഴ്നാട്ടിലെ ജനങ്ങളോട് ഞാന്‍ എന്നും കടപ്പെട്ടിരിക്കുന്നു. ഒരു ശരാശരി ക്ലബ്ബായി കണക്കാക്കരുത്, മറിച്ച് അത് ആളുകള്‍ക്ക് ഉപകാരപ്പെടാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നതാണ്. ദുരിതമനുഭവിക്കുന്നവര്‍ക്കായി ഞങ്ങളുടെ കഴിവിന്റെ പരമാവധി ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങള്‍ ഫാന്‍സ് ക്ലബ്ബ് നടത്തുന്നത്.

‘അതേസമയം എല്ലാ ജില്ലയിലും സ്വാധീനം ചെലുത്തുന്ന രീതിയില്‍ ഒരു ക്ഷേമ പ്രസ്ഥാനം സൃഷ്ടിക്കുമെന്നും വിശാല്‍ സൂചിപ്പിച്ചു. ജില്ലകള്‍, മണ്ഡലം, ബ്രാഞ്ച് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കും. അമ്മയുടെ പേരില്‍ നടത്തുന്ന ‘ദേവി ഫൗണ്ടേഷന്‍’ വഴി ഞങ്ങള്‍ എല്ലാ വര്‍ഷവും പാവപ്പെട്ടവരും നിരാലംബരുമായ നിരവധി വിദ്യാര്‍ത്ഥികളെ സഹായിക്കുന്നു. ബാധിത കര്‍ഷകരെ സഹായിക്കുകയും ചെയ്യുന്നു.’ഞാന്‍ ഷൂട്ടിംഗിന് പോകുന്ന പല സ്ഥലങ്ങളിലും ആളുകളെ കാണുകയും അവരുടെ അടിസ്ഥാന ആവശ്യങ്ങളും പരാതികളും കേള്‍ക്കുകയും എന്റെ ജനക്ഷേമ പ്രസ്ഥാനത്തിലൂടെ അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുകയും ചെയ്യുന്നു. ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ മുഴുകുമ്പോള്‍ രാഷ്ട്രീയ നേട്ടങ്ങള്‍ ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിക്കുന്നില്ല. അങ്ങനെ വന്നാല്‍ ഭാവിയില്‍ ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ മടിക്കും

‘2017ല്‍ ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ വിശാലിന്റെ നാമനിര്‍ദേശ പത്രിക തള്ളിയിരുന്നു. കാരണം, വിശാലിന് ആവശ്യമുള്ളതിനേക്കാള്‍ രണ്ട് പേര്‍ കുറവ് സാധുവായ എട്ട് പ്രൊപ്പോസര്‍മാര്‍ മാത്രമായിരുന്നു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ അദ്ദേഹത്തിന്റെ ആദ്യ ചുവടുവയ്പ്പായിരുന്നു ഇത്. വരാനിരിക്കുന്ന രത്‌നം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് അദ്ദേഹം.