Movie News

വമ്പന്‍ തിരിച്ചുവരവിനു പിന്നാലെ 51-ാം വയസ്സില്‍ പ്രശാന്ത് പുന:ര്‍വിവാഹത്തിന്

51 വയസ്സ് ഒരു പുന:ര്‍വിവാഹത്തിനുള്ള പ്രായമാണോ എന്ന് ചോദിച്ചാല്‍ നെറ്റി ചുളിക്കുന്നവരായിരിക്കും അനേകവും. എന്നാല്‍ അങ്ങിനെയാകുന്നതില്‍ എന്താണ് തെറ്റെന്ന ഒരു ചോദ്യവും നില നില്‍ക്കുന്നുണ്ട്. പറഞ്ഞുവരുന്നത് തമിഴ്‌സിനിമയിലൂടെ തന്റെ കരിയറിന് പുനര്‍ജീവന്‍ നേടിയെടുത്ത മുന്‍ സൂപ്പര്‍താരം പ്രശാന്തിനെക്കുറിച്ചാണ്. താരം ഈ പ്രായത്തില്‍ പുനര്‍വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

പിതാവ് ത്യാഗരാജന്‍ തന്നെയാണ് താരത്തെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. വിവാഹബന്ധം വേര്‍പെടുത്തി 19 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രശാന്ത് പുനര്‍വിവാഹത്തെക്കുറിച്ച് ചിന്തിച്ചിരിക്കുന്നത്. 2005ല്‍ ഗ്രഹലക്ഷ്മിയുമായുള്ള പ്രശാന്തിന്റെ ആദ്യവിവാഹമായിരുന്നു, എന്നാല്‍ നാലുവര്‍ഷത്തിനുശേഷം ഇരുവരും വേര്‍പിരിഞ്ഞു. 2009-ല്‍ അവര്‍ വിവാഹമോചിതരാകുകയും ചെയ്തു. 90കളിലെ സിനിമകളിലെ വേഷങ്ങള്‍ക്കും ഐശ്വര്യ റായിയ്ക്കൊപ്പം ജീന്‍സ് പോലുള്ള ഹിറ്റുകള്‍ക്കും പേരുകേട്ട നടനാണ് പ്രശാന്ത്.

ദീര്‍ഘകാലം സിനിമയില്‍നിന്നും വിട്ടുനിന്നശേഷം അടുത്തിടെ താരം ഉജ്വലമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. അടുത്തിടെ സൂപ്പര്‍താരം ദളപതി വിജയ് യ്‌ക്കൊപ്പം അദ്ദേഹം വെങ്കട്ട് പ്രഭുവിന്റെ ഗോട്ടില്‍ ഒരു സുപ്രധാന വേഷത്തില്‍ അഭിനയിച്ചിരുന്നു. സിനിമയില്‍ നിന്നും 26 വര്‍ഷം നീണ്ട ഇടവേളയ്ക്ക് ശേഷം ബ്‌ളോക്ക് ബസ്റ്റര്‍ വിജയം നേടിയ തെലുങ്ക് സിനിമ വിനീത വിധേയ രാമ ആയിരുന്നു താരത്തിന് തിരിച്ചുവരവ് നല്‍കിയത്. തെലുങ്കില്‍ ഇറങ്ങിയ സിനിമയില്‍ രാം ചരണ്‍ തേജയുടെ സഹോദരന്റെ വേഷമായിരുന്നു താരത്തിന്.

അദ്ദേഹത്തിന്റെ സമീപകാല തമിഴ് ചിത്രമായ ആന്‍ഡഗനും മികച്ച സ്വീകാര്യത നേടി. ഇപ്പോഴിതാ രണ്ടാം വിവാഹ വാര്‍ത്ത വൈറലായതോടെ ആവേശത്തിലാണ് ആരാധകര്‍. വധുവിനെ തിരയുകയാണെന്ന പിതാവ് ത്യാഗരാജന്റെ പ്രസ്താവന വിവാഹം എപ്പോള്‍ നടക്കുക എന്ന ആകാംക്ഷയ്ക്ക് ആക്കം കൂട്ടി. താരത്തിന്റെ വിവാഹ മണികള്‍ ഒരിക്കല്‍ കൂടി മുഴങ്ങുമോ എന്ന ആകാംക്ഷയിലാണ് ഇപ്പോള്‍ ആരാധകര്‍.