എന്നും തമിഴകത്തിന്റെ സൂപ്പർസ്റ്റാർ രജനികാന്ത് ആണ്. അടുത്തിടെ പ്രേക്ഷകർ ഏറെ ആവേശത്തോടെ ഏറ്റെടുത്ത ചിത്രമാണ് നെല്‍സണ്‍ സംവിധാനം ചെയ്ത് രജനികാന്ത് നായകനായെത്തിയ ജയിലര്‍. ബോക്‌സോഫീസില്‍ വന്‍ വിജയം നേടിയെടുത്ത ചിത്രത്തിലെ ഗാനങ്ങള്‍ സിനിമ ഇറങ്ങും മുൻപ് തന്നെ ഹിറ്റായി മാറിയിരുന്നു. സിനിമയിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഒരു ഗാനമായിരുന്നു ” കാവാലയ്യാ ” എന്നത്. ചടുലമായ നൃത്തച്ചുവടുകളുമായി ഗ്ലാമർ വേഷത്തിൽ തമന്ന തകർത്താടിയ ഈ പാട്ടിന് ആരാധകർ ഏറെയാണ്.
ഇപ്പോഴിതാ ‘കാവാലയ്യ’ എന്ന ഗാനത്തിലെ തമന്നയുടെ ഡാന്‍സ് സംബന്ധിച്ച് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ മന്‍സൂര്‍ അലി ഖാന്‍. ആ ഗാനരംഗത്തിലെ തമന്നയുടെ സ്‌റ്റെപ്പുകള്‍ വൃത്തികേടാണെന്നാണ് മൻസൂർ പറഞ്ഞത്. “സിനിമയിലെ ഗാനരംഗത്തു തമന്ന അവതരിപ്പിക്കുന്ന ഹൂക്ക് സ്‌റ്റെപ്പുകള്‍ വളരെ വൃത്തികേടാണ്. അതിന് എങ്ങനെ സെന്‍സര്‍ കിട്ടിയെന്നത് അത്ഭുതം. ഇത്തരം ഡാന്‍സ് സ്‌റ്റെപ്പുകള്‍ക്ക് സെന്‍സര്‍ഷിപ്പ് നല്‍കുന്ന മാനദണ്ഡം എന്താണ്?… ” തമന്നയുടെ ചുവടുകള്‍ അനുകരിച്ചുകൊണ്ട് മന്‍സൂര്‍ അലി ഖാന്‍ ചോദിച്ചു.
തിയേറ്ററുകൾ വന്‍ കരഘോഷത്തോടെ വരവേറ്റ സിനിമയിലെ ഗാനങ്ങള്‍ ഒരുക്കിയത് അനിരുദ്ധ് ആയിരുന്നു. ഇതിലെ കാവാലയ്യ ഗാനം ട്രെൻഡിംഗ് ആയി മാറുകയും നിരവധി റീൽസ് വിഡിയോകളും വേദികളും നേടുകയും ചെയ്തിരുന്നു.
മന്‍സൂര്‍ അലി ഖാന്‍ അഭിനയിച്ച സരകു എന്ന പടത്തിലെ ചില രംഗങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ അണിയറക്കാര്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ വാര്‍ത്ത സമ്മേളനം നടത്തിയിരുന്നു. അതിലാണ് മന്‍സൂര്‍ അലി ഖാൻ ഈ ഗാനത്തെക്കുറിച്ച് പറഞ്ഞത്.