കൊളംബോ: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ അപരാജിതായി സിംബാബ്‌വേയുടെ കുതിപ്പ്. ശ്രീലങ്കയെ ആറ് വിക്കറ്റിനു തോല്‍പ്പിച്ച അവര്‍ ബി ഗ്രൂപ്പ് ജേതാക്കളായി സൂപ്പര്‍ എട്ടില്‍ കടന്നു.
റമോണ്‍ പ്രേമദാസ സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ ശ്രീലങ്കന്‍ നായകന്‍ ദാസുന്‍ ശനക ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. ഓപ്പണര്‍ പാതും നിസങ്ക (41 പന്തില്‍ 62), പവന്‍ രത്നനായകെ (25 പന്തില്‍ രണ്ട് സിക്‌സറും മൂന്ന് ഫോറുമടക്കം 44) എന്നിവരുടെ മികവില്‍ ലങ്ക ഏഴ് വിക്കറ്റിന് 178 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്‌ത സിംബാബ്‌വേ കളി തീരാന്‍ മൂന്ന് പന്തുകള്‍ ശേഷിക്കേ വിജയ റണ്ണെടുത്തു.
ഓപ്പണര്‍ ബ്രയാന്‍ ബെന്നറ്റ് (48 പന്തില്‍ പുറത്താകാതെ 63), നായകന്‍ സികന്ദര്‍ റാസ (26 പന്തില്‍ നാല് സിക്‌സറും രണ്ട് ഫോറുമടക്കം 45) എന്നിവരാണു സിംബാബ്‌വേയുടെ ജയത്തിന് അടിത്തറ. ഓപ്പണറും വിക്കറ്റ് കീപ്പറുമായ താഡിവാന്‍ഷെ മുറുമാനി (26 പന്തില്‍ ഒരു സിക്‌സറും അഞ്ച് ഫോറുമടക്കം 34), റയാന്‍ ബള്‍ (12 പന്തില്‍ ഒരു സിക്‌സറും രണ്ട് ഫോറുമടക്കം 23) എന്നിവരും മികച്ച ബാറ്റിങ് പുറത്തെടുത്തു. നാല് കളികളില്‍നിന്ന് ഏഴ് പോയിന്റുമായാണ് സിംബാബ്‌വേയുടെ കുതിപ്പ്. ലങ്കയ്‌ക്ക് അത്രയും കളികളില്‍ ആറ് പോയിന്റാണ്. സിംബാബ്‌വേയും അയര്‍ലന്‍ഡും തമ്മിലുള്ള മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. സിംബാബ്‌വേ കരുത്തരായ ഓസ്‌ട്രേലിയയെയും തോല്‍പ്പിച്ചിരുന്നു. ശ്രീലങ്കയോടും തോറ്റതോടെ ഓസ്‌ട്രേലിയ സൂപ്പര്‍ എട്ട് കാണാതെ പുറത്തായി.
സിംബാബ്‌വേയ്‌ക്കെതിരേ ലങ്കയ്‌ക്കായി പാതും നിസങ്കയും കുശല്‍ പെരേരയും (14 പന്തില്‍ 22) മികച്ച തുടക്കം നല്‍കി. കുശല്‍ പെരേരയെ മടക്കി ബ്ലെസിങ് മുസര്‍ബാനിയാണു കൂട്ടുകെട്ട് പൊളിച്ചത്. മെല്ലെപ്പോയ കുശല്‍ മെന്‍ഡിസിനെ (20 പന്തില്‍ 14) റയാന്‍ ബളിന്റെ പന്തില്‍ മാറുമാനി സ്‌റ്റമ്പ് ചെയ്‌തു. നിസങ്കയും പവനും ചേര്‍ന്നതോടെ സ്‌കോറിങിനു വീണ്ടും ജീവനായി. നിസങ്കയെ കോളിന്‍ ക്രാമര്‍ പുറത്താക്കി. കാമിന്ദു മെന്‍ഡിസ് (ഏഴ്), ദാസുന്‍ ശനക (ആറ്), ദുഷാന്‍ ഹേമന്ത (0) എന്നിവര്‍ക്കു നിലയുറപ്പിക്കാനായില്ല. ദുനിത് വല്ലലാഗെ എട്ട് പന്തില്‍ 15 റണ്ണുമായി പുറത്താകാതെനിന്നു. സിംബാബ്‌വേയ്‌ക്കായി മുസര്‍ബാനി, ബ്രാഡ് ഇവാന്‍സ്, ക്രാമര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും റയാന്‍ ബള്‍ ഒരു വിക്കറ്റുമെടുത്തു. സിംബാബ്‌വേയ്‌ക്ക് ബെന്നന്നും മാറുമാനിയും ചേര്‍ന്ന് 69 റണ്ണിന്റെ കൂട്ടുകെട്ടുമായി മികച്ച തുടക്കം നല്‍കി. റയാന്‍ ബള്ളും (12 പന്തില്‍ ഒരു സിക്‌സറും രണ്ട് ഫോറുമടക്കം 23) മികച്ച ബാറ്റിങ് പുറത്തെടുത്തു. ലങ്കയ്‌ക്കായി ദുഷാന്‍ ഹേമന്ത രണ്ട് വിക്കറ്റും ശനകയും വല്ലലാഗെയും ഒരു വിക്കറ്റ് വീതവുമെടുത്തു.
സിംബാബ്‌വേ തലസ്‌ഥാനമായ ഹരാരേയില്‍നിന്നു 32 കിലോ മീറ്റര്‍ അകലെ ഗോരോമോന്‍സി സ്വദേശിയാണ് ബ്രയാന്‍ ബെന്നറ്റ്. ഇരട്ട സഹോദരന്‍ ഡേവിഡ് ബെന്നറ്റ് ബൗളറാണ്. പിതാവ് ബ്ലൂബെറി കര്‍ഷകനായ കെന്നിയുടെ താല്‍പര്യ പ്രകാരം മക്കള്‍ക്ക് വീട്ടില്‍ തന്നെ പരിശീലിക്കാന്‍ നെറ്റ്‌സ് ഒരുങ്ങി. ക്ലബ് ക്രിക്കറ്റില്‍ കളിച്ചിരുന്ന താരമാണു കെല്ലി. ഗ്രാന്റ്, ആന്‍ഡി ഫ്‌ളവര്‍ സഹോദരന്‍മാരും ഡേവിഡ് ഹൂട്ടന്‍, ഹീത് സ്‌ട്രീക്ക് തുടങ്ങിയ മുന്‍ താരങ്ങള്‍ കെല്ലിയുടെ പരിചയക്കാരായിരുന്നു. പിതാവിലൂടെ ക്രിക്കറ്റ് ജീവിതത്തിന്റെ ഭാഗമായി- ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിനു ശേഷം ബ്രയാന്‍ ബെന്നറ്റ് മനസ് തുറന്നു.




