Featured Oddly News

ഭൂമിയില്‍ വിള്ളല്‍; 113വര്‍ഷം പഴക്കമുള്ള പള്ളി 5കിലോമീറ്റര്‍ അപ്പുറത്തേക്ക് എടുത്തുമാറ്റിവെച്ചു- വീഡി​യോ

അപകടസാധ്യത നിറഞ്ഞു നിന്ന സ്ഥലത്ത് നിന്നും നൂറ്റാണ്ടുകള്‍ പഴക്കമുള്ള പള്ളി സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിവെച്ച് സ്വീഡന്‍. 113 വര്‍ഷം പഴക്കമുള്ള കിരുണ നഗരത്തിലെ പള്ളിയാണ് അഞ്ചു കിലോമീറ്റര്‍ അപ്പുറത്തേക്ക് എടുത്തുമാറ്റിയത്. ഇരുമ്പ് അയിര് ഖനനം കാരണം സംഭവിച്ച ഭൂമിയിലെ വിള്ളലില്‍ നിന്ന് കെട്ടിടത്തെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് തടികൊണ്ടു നിര്‍മ്മിച്ച പള്ളി പൂര്‍ണ്ണമായും എടുത്തുമാറ്റിയത്. ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്്

സ്വീഡനിലെ 1950-ന് മുന്‍പ് നിര്‍മ്മിച്ച കെട്ടിടങ്ങളില്‍ ഏറ്റവും മനോഹരമായ കെട്ടിടമായി തിരഞ്ഞെടുക്കപ്പെട്ട കെട്ടിടമാണ് പൂര്‍ണ്ണമായും ചുവപ്പ് നിറമായ തടി കൊണ്ടു നിര്‍മ്മിച്ച ഈ പള്ളി. പ്രത്യേകം നിര്‍മ്മിച്ച ട്രെയിലറുകളുപയോഗിച്ചാണ് 5 കിലോമീറ്റര്‍ (3 മൈല്‍) ദൂരത്തേക്ക് പള്ളി കൊണ്ടുപോയത്. മണിക്കൂറില്‍ അര കിലോമീറ്റര്‍ ആയിരുന്നു ഇതിന്റെ പരമാവധി വേഗത. 672 ടണ്‍ ഭാരമുള്ള ഈ കെട്ടിടം കൊണ്ടുപോകുന്നതിനായി എഞ്ചിനീയര്‍മാര്‍ റോഡുകള്‍ വീതി കൂട്ടുകയും, വിളക്ക് കാലുകള്‍ മാറ്റുകയും, ഒരു പാലം പോലും പൊളിച്ച് മാറ്റുകയും ചെയ്തു.

ഈ മാറ്റിവെക്കല്‍ ‘വളരെ വലുതും സങ്കീര്‍ണ്ണവുമായ പ്രക്രിയയായിരുന്നെന്ന് പദ്ധതിയുടെ മാനേജരായ സ്റ്റെഫാന്‍ ഹോംബ്ലാഡ് യോഹാന്‍സണ്‍ പറഞ്ഞു. ഓഗസ്റ്റ് 20-ന് നിശ്ചയിച്ച സമയത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ പള്ളി പുതിയ സ്ഥലത്ത് എത്തി. കാഴ്ച കാണാന്‍ വന്ന ആളുകള്‍ കൈയടിച്ചും പുഞ്ചിരിച്ചും ഈ കാഴ്ചയെ അഭിനന്ദിച്ചു. കെട്ടിടം മാറ്റി സ്ഥാപിക്കുന്നതിനുള്ള പണം നല്‍കിയത് ഒരു മൈനിങ് കമ്പനിയാണ്. കിരുണയുടെ അടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ഇരുമ്പ് അയിര് ഖനി നടത്തുന്ന കമ്പനിയാണ് ഇത്. നിലവിലുള്ള കെട്ടിടങ്ങളുടെ അടിയില്‍ ഖനനം നടത്തുന്നത് സ്വീഡിഷ് നിയമം മൂലം നിരോധിച്ചിട്ടുള്ളതാണ്, കൂടാതെ ഖനനം കാരണമുണ്ടായ വിള്ളലുകള്‍ നഗരത്തിന്റെ പഴയ ഭാഗങ്ങളെ അപകടത്തിലാക്കിയിട്ടുണ്ട്.

പള്ളിയുടെ വികാരിയായ ലെന ജേണ്‍ബെര്‍ഗും ലൂലിയോ രൂപതയുടെ ബിഷപ്പ് ആയ ആസ നിസ്ട്രോമും ചേര്‍ന്നുള്ള പ്രാര്‍ത്ഥനയോടെയാണ് പള്ളി യാത്ര ആരംഭിച്ചത്. നാട്ടുകാരും, സ്വീഡന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരും, കൂടാതെ കിംഗ് കാള്‍ ഗുസ്താഫും ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകളും ഈ ചരിത്ര നിമിഷത്തിന് സാക്ഷിയാകാന്‍ എത്തിയിരുന്നു.

കെട്ടിടം പൊളിച്ച് മാറ്റാതെ പൂര്‍ണ്ണമായി മാറ്റി സ്ഥാപിക്കാന്‍ കഴിഞ്ഞതായിരുന്നു ഇതിലെ ഏറ്റവും വലിയ കൗതുകം. അടുത്ത ഘട്ടം കെട്ടിടം അതിന്റെ പുതിയ അടിത്തറയിലേക്ക് താഴ്ത്തുകയും 2026-ന്റെ അവസാനത്തോടെ തുറന്നു കൊടുക്കുന്നതിന് മുന്‍പ് ഇത് പൂര്‍വ്വസ്ഥിതിയിലാക്കുകയും ചെയ്യുക എന്നതാണ്.