Featured Sports

എന്തൊരടി…. സൂര്യകുമാര്‍ യാദവ് ഇന്നലെ അടിച്ചു കൂട്ടിയത് 8 സിക്‌സറുകള്‍ ; കോഹ്ലിയെ മറികടന്നു

ഏകദിനമോ ടെസ്‌റ്റോ ഒന്നും ചിലപ്പോള്‍ ശരിയായെന്ന് വരില്ല. പക്ഷേ ടി ട്വന്റിയാണെങ്കില്‍ കണ്ണും പൂട്ടി വിശ്വസിക്കാവുന്നയാളാണ് ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ്. ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചു വിട്ടതിന് പിന്നാലെ ദക്ഷിണാഫ്രിക്കയിലെയും ക്രിക്കറ്റ് ആരാധകരുടെ കണ്ണു തള്ളിക്കുകയാണ് സൂര്യകുമാര്‍ യാദവ്. കഴിഞ്ഞ മത്സരത്തില്‍ നാലാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയ സൂര്യ സിക്‌സറിന്റെ കാര്യത്തില്‍ ഇന്ത്യയുടെ ക്ലാസ്സിക് ബാറ്റ്‌സ്മാന്‍ വിരാട് കോഹ്ലിയെ പിന്നിലാക്കിയിരിക്കുകയാണ്.

കഴിഞ്ഞ മത്സരത്തില്‍ വെറും 56 പന്തുകളില്‍ സെഞ്ച്വറി നേടിയ സൂര്യകുമാറിന്റെ ബാറ്റില്‍ നിന്നും പറന്നത് എട്ടു സിക്‌സറുകളായിരുന്നു. ഏഴു ബൗണ്ടറികളും നേടിയ താരം ടി20 യില്‍ തന്റെ നാലാം സെഞ്ച്വറിയും നേടി. കളിയില്‍ തകര്‍പ്പനടി പുറത്തെടുത്ത താരം വിരാട്‌കോഹ്ലിയുടെ സിക്‌സറുകളുടെ റെക്കോഡ് മറികടന്ന് ടി20 യില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടിയ ഇന്ത്യയുടെ രണ്ടാമത്തെ താരമായി. മത്സരം തുടങ്ങുന്നതിന് മുമ്പ് വിരാട് കോഹ്ലിയുമായി മുന്ന് സിക്‌സറുകളുടെ വ്യത്യാസം ഉണ്ടായിരുന്ന സൂര്യ മത്സരത്തില്‍ ഇരട്ടി സിക്‌സറുകള്‍ അടിച്ചു.

115 ടി20 കളില്‍ 117 സിക്‌സറുകളാണ് വിരാട് കോഹ്ലി നേടിയത്. സൂര്യ ഇത് 60 ടി20 കളിലെ 57 മത്സരങ്ങളില്‍ മറികടന്നു. സൂര്യയുടെ പേരില്‍ 123 സിക്‌സറുകളായി. 148 മത്സരങ്ങളില്‍ 182 സിക്‌സറുകള്‍ അടിച്ചു കുട്ടിയ രോഹിത്ശര്‍മ്മയാണ് ടി20 യില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയതിന്റെ ലോകറെക്കോഡ് പേരിലുള്ളത്. 173 സിക്‌സറുകളുള്ള ന്യൂസിലന്റ് ബാറ്റ്‌സ്മാന്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ രണ്ടാമതും 125 സിക്‌സറുകള്‍ നേടിയ ഓസീസിന്റെ ആരോണ്‍ ഫിഞ്ച് മൂന്നാമതും 124 സിക്‌സറുകളുമായി ക്രിസ് ഗെയ്ല്‍ നാലാമതും നില്‍ക്കുന്നു. അയര്‍ലന്റിന്റെ നായകന്‍ പോള്‍ സ്റ്റിര്‍ലിംഗ് 123 സിക്‌സറുകളുമായി സൂര്യയ്‌ക്കൊപ്പമുണ്ടെങ്കിലും 134 മത്സരം അദ്ദേഹം കളിച്ചിട്ടുണ്ട്. അതേസമയം ഇത്രയും കുറഞ്ഞ മത്സരത്തില്‍ നിന്നുമാണ് സൂര്യ നേട്ടമുണ്ടാക്കിയത്.