നടന് വിശാലിന് അഭിനേതാവെന്ന നിലയില്‍ വലിയ മൈലേജ് നല്കിയ സിനിമയാണ് സണ്ടക്കോഴി. താരത്തിന്റെ കരിയറിലെ രണ്ടാമത്തെ ചിത്രത്തിലൂടെ ആക്ഷന്‍ ഹീറോയെന്ന രീതിയില്‍ വലിയൊരു അവസരം സിനിമ നല്‍കുകയും ചെയ്തു. എന്നാല്‍ സിനിമയില്‍ യഥാര്‍ത്ഥത്തില്‍ അഭിനയിക്കേണ്ടിയിരുന്നത് സൂപ്പര്‍താരം വിജയ് ആയിരുന്നെന്നും വിജയ് ഉപേക്ഷിച്ച അവസരമാണ് വിശാലിന് വന്നു ചേര്‍ന്നതെന്നും സിനിമയുടെ സംവിധായകന് ലിംഗുസ്വാമി പറഞ്ഞു.
സിനിമയുടെ പതിനെട്ടാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് ലിംഗുസ്വാമി ഇക്കാര്യം പറഞ്ഞത്. സിനിമയുടെ കഥ വിജയ്ക്ക് ഇഷ്ടപ്പെടാതിരുന്നതിനെ തുടര്‍ന്നായിരുന്നു താരം ഉപേക്ഷിച്ചത്. എന്തായാലും അത് വിശാലിന് ഗുണകരമാകുകയും ചെയ്തു. വിശാലും മീരാജാസ്മിനും പ്രധാനവേഷത്തില്‍ എത്തിയ ചിത്രം മലയാള നടന് ലാലിനും തമിഴില്‍ വലിയ പേര് നേടിക്കൊടുത്തു. ലാല്‍ ആദ്യമായി അഭിനയിച്ച തമിഴ്ചിത്രം കൂടിയായിരുന്നു ഇത്. വിശാലിന്റെ രണ്ടാമത് സിനിമയും മീരാജാസ്മിന്റെ രണ്ടാമത്തെ തമിഴ്സിനിമയുമായിരുന്നു.
സിനിമ ഇറങ്ങി വര്‍ഷം 18 കഴിഞ്ഞിട്ടും സോഷ്യല്‍മീഡിയ ട്രെന്റിംഗില്‍ സിനിമ ഏറെ മുന്നിലാണ്. വിജയ് ഉപേക്ഷിച്ചപ്പോള്‍ ലിംഗുസ്വാമി വിശാലിനെ നായകനാക്കുകയായിരുന്നു. നടന്റെ കരിയറില്‍ വലിയബ്രേക്കായ സിനിമ വന്‍ ഹിറ്റായപ്പോള്‍ വിജയ് തന്നെ ലിംഗുസ്വാമിയെ വിളിച്ച് അഭിനന്ദിക്കുകയും വിശാല്‍ തന്നെയായിരുന്നു സിനിമയുടെ ശരിയായ ചോയ്സ് എന്ന് പറയുകയും ചെയ്തതായി സംവിധായകന് അനുസ്മരിക്കുന്നു. സിനിമയുടെ രണ്ടാം ഭാഗവും ലിംഗുസ്വാമി എടുത്തെങ്കിലും നായികയായത് നടി കീര്ത്തീസുരേഷായിരുന്നു.