Lifestyle

റോസ് വാട്ടറും നാരങ്ങാനീരുമുണ്ടോ? വേനല്‍ക്കാല ചര്‍മ്മസംരക്ഷണം എളുപ്പമാക്കാം

സൂര്യപ്രകാശത്തിലെ അദൃശ്യ വികിരണങ്ങളായ അള്‍ട്രാവയലറ്റ് രശ്മികളാണ് ചര്‍മ്മത്തെ പ്രതികൂലമായി ബാധിക്കുന്നത് . വികിരണങ്ങള്‍ ശരീരത്തില്‍ വീഴുന്നത് സണ്‍ബേണ്‍, ചുളിവുകള്‍, പാടുകള്‍ തുടങ്ങി സ്‌കിന്‍ കാന്‍സറിനുവരെ കാരണമാകാം. അതിനാല്‍ വേനല്‍ക്കാലത്ത് ചര്‍മ്മത്തിന് കരുതലോടുള്ള പരിചരണം അത്യാവശ്യമാണ്.

റോസ് വാട്ടറും നാരങ്ങാനീരും

സെബം എന്നറിയപ്പെടുന്ന ഒരു തരം എണ്ണയാണ് ചര്‍മ്മത്തിന്റെ ഭംഗിയും മൃദുലവും നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത്.

ചര്‍മ്മത്തിലെ സുഷിരങ്ങള്‍ വഴി ഉപരിതലത്തിലെത്തുന്ന സെബം വേനല്‍ക്കാലത്ത് പൊടിപടലങ്ങളുമായി കലര്‍ന്നു സുഷിരങ്ങള്‍ അടയ്ക്കുകയും ഗ്രീസ് പോലെ ഒരു നേര്‍ത്ത ആവരണം ചര്‍മ്മത്തിന് മുകളില്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യും. അതിനാല്‍ വേനല്‍ക്കാലത്ത് രണ്ടുതവണ കുളി ശീലമാക്കണം.

കുളിക്കുന്ന വെള്ളത്തില്‍ അല്പം നാരങ്ങാനീരോ റോസ് വാട്ടറോ ചേര്‍ക്കുന്നത് ഉന്മേഷം നിലനിര്‍ത്താന്‍ സഹായിക്കുന്നു, വേനലിന്റെ കാഠിന്യം വര്‍ദ്ധിക്കുന്നതനുസരിച്ച് ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നതിനാല്‍ ചര്‍മ്മം വളരെ വേഗം വരണ്ടുണങ്ങുന്നു.

ധാരാളം വെള്ളം കുടിക്കുന്നത് ഉചിതമായിരിക്കും. ചര്‍മ്മത്തിന് ജലാംശം കിട്ടാനും ശരീരത്തില്‍ അടിയുന്ന വിഷവസ്തുക്കള്‍ പുറത്തേക്ക് പോകാനും നല്ലതാണ്. ഗ്രീന്‍ടീ, തണുത്ത പാല്‍, ഇവയൊക്കെ ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും തിളക്കത്തിനും വളരെ നല്ലതാണ്.